വ്യാജമദ്യ ദുരന്തത്തിൽ അതീവഗുരുതരാവസ്ഥയിലായവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നു.
സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 12 മരണം. പത്തിലധികം പേർ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
സാഗർ ജില്ലയിലെ നൗറ, ഘുഗ്രു എന്നീ ഗ്രാമങ്ങളിലാണ് വ്യാജമദ്യം ദുരന്തം വിതച്ചത്. സംഭവത്തിന് പിന്നാലെ ദുരന്തബാധിത ഗ്രാമങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യുകയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ ആറു മദ്യഷോപ്പുകൾ അധികൃതർ അടപ്പിച്ചു.
ചികിത്സയിൽ കഴിയുന്ന പലരുടെയും ശരീരത്തിന് നീലനിറം ബാധിക്കുകയും പേശികൾക്ക് കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പരിശോധനകൾ നടത്തുന്ന ഡോക്ടർമാർ പറഞ്ഞു.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. വിഷബാധയ്ക്കിരയായവർ കഴിച്ച വ്യാജമദ്യത്തിന്റെ ഉറവിടവും ഇനവും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടന്നുവരികയാണ്. ഫോറൻസിക് ഫലങ്ങൾ വരുന്നതോടെ കൂടുതൽ വിവരം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും അദ്ദേഹം നിർദേശിച്ചു.അതേസമയം, പ്രദേശത്ത് വ്യാജമദ്യവിൽപന വ്യാപകമാണെന്ന് ആരോപണവുമുണ്ട്.
ബോബൈ വിസ്കിയെന്ന പേരിൽ വ്യാജമദ്യം വിൽക്കുന്നതിനെതിരേ പ്രദേശത്തെ ലൈസൻസുള്ള മദ്യകച്ചവടക്കാർ അധികൃതർക്ക് പരാതിനൽകിയിട്ടും യാതൊരുനടപടിയുമുണ്ടായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Tags : MadhyaPradesh Consuming SpuriousLiquor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash