തൃശൂർ ടീം ട്രോഫിയുമായി
കാര്യവട്ടം: അനന്തപത്മനാഭന്റെ മണ്ണില്‍നിന്നും പൂരത്തിന്റെ നാട്ടിലേക്ക് കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ചാമ്പ്യന്പട്ടക്കുടമാറ്റം. കാര്യവട്ടത്ത് നടന്ന കെസിഎല്‍ മൂന്നാം എഡിഷനില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി തൃശൂര്‍ ടൈറ്റന്‍സ് കെസിഎല്‍ കപ്പ് ഉയര്‍ത്തി. സ്കോര്‍: കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ 167/9. തൃശൂര്‍ ടൈറ്റന്‍സ് 19.3 ഓവറില്‍ 169/6.
കെസിഎല്‍ കിരീടത്തില്‍ ആദ്യമായാണ് തൃശൂര്‍ മുത്തമിടുന്നത്. അഹമ്മദ് ഇമ്രാന്റെ അര്‍ധസെഞ്ചുറിയും ക്യാപ്റ്റന്‍ എം.എസ്. അഖിലിന്റെ ഓള് റൗണ്ട് പ്രകടനവുമാണ് തൃശൂരിന് കിരീട വിജയമൊരുക്കിയത്. അഹമ്മദ് ഇമ്രാനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കലാശാപ്പോരാട്ടത്തില് ടോസ് നേടിയ കാലിക്കട്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രോഹന് കുന്നുമ്മല്‍ (21) മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. അഖില്‍ സ്കറിയ അശ്വിന് ആനന്ദ് കൂട്ടുകെട്ട് കൂട്ടുകെട്ട് 49 പന്തുകളില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
45 റണ്‍സെടുത്ത അഖില്‍ സ്കറിയയെ ബിജു നാരായണന് പുറത്താക്കി. അടുത്ത ഓവറില്‍ അശ്വിന് ആനന്ദു (40) മടങ്ങി. സല്മാന് നിസാര്‍ (16), അബ്ദുള്‍ ബാസിദ് (14), കൃഷ്ണദേവന് (ഏഴ്) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ കാലിക്കട്ടിന്റെ സ്കോര്‍ 167-ല്‍ അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ റമീസാണ് തൃശൂര്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ആദ്യഓവറില്തന്നെ വിഷ്ണുരാജിന്റെ (8) വിക്കറ്റ് നഷ്ടമായി. നാലാം ഓവറില്‍ കെ.ആര്. രോഹിതും (18) മടങ്ങി.
തുടര്‍ന്ന് അഹമ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേര്‍ന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 49 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും (19) ജോസ് പേരയില്‍ പുറത്താക്കി. 11 പന്തില്‍ നിന്നും 19 റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ്. അഖില്‍ ടീമിനെ കിരീടത്തിലെത്തിച്ചു.
Tags : KCL ThrissurTitans Twenty20Cricket Sports