മുംബൈയിലെ റിലയൻസ് ജിയോ ആസ്ഥാന മന്ദിരം.
കൊച്ചി: 2016 സെപ്റ്റംബറിൽ കേരളത്തിലെ ടെലികോം ലോകത്തേക്ക് റിലയൻസ് ജിയോ ചുവടുവയ്ക്കുന്പോൾ, അത് സംസ്ഥാനത്തിന്റെ ഡിജിറ്റൽ ജീവിതരീതിയെത്തന്നെ പാടെ മാറ്റിമറിച്ച ഒരു വലിയ വിപ്ലവത്തിന്റെ ആരംഭമായിരുന്നു.
സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമായി എത്തിയ ജിയോ, ഇന്റർനെറ്റ് ഉപയോഗം വരേണ്യവർഗത്തിന്റേത് മാത്രമല്ലെന്നും അത് സാധാരണക്കാരുടെ അവകാശമാണെന്നും തെളിയിച്ചു. ഇന്റർനെറ്റിന്റെ ജനകീയവത്കരണത്തിനായിരുന്നു പിന്നീട് കേരളം സാക്ഷ്യംവഹിച്ചത്.
5.8 ലക്ഷത്തിൽനിന്നുള്ള കുതിപ്പ്
2016 സെപ്റ്റംബറിന്റെ തുടക്കത്തിൽത്തന്നെ 5.8 ലക്ഷം വരിക്കാരെ നേടിക്കൊണ്ടായിരുന്നു കേരളത്തിലെ തുടക്കം. പത്ത് വർഷത്തെ നിരന്തരമായ മുന്നേറ്റത്തിനൊടുവിൽ, 2026 സെപ്റ്റംബറിലെത്തിയപ്പോൾ ശരാശരി 35.5 ശതമാനം വാർഷിക വളർച്ചയോടെ വരിക്കാരുടെ എണ്ണം 1.119 കോടിയിലെത്തി. 4.27 കോടി വയർലെസ് കണക്ഷനുകളുള്ള കേരള ടെലികോം സർക്കിളിൽ 26.2 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനക്കാരാണ് നിലവിൽ ജിയോ.
1.27 കോടി വരിക്കാരുമായി വോഡഫോണ്‍-ഐഡിയയാണ് (വിഐ) കേരളത്തില്‍ ഒന്നാമത്.
എയര്‍ടെല്ലിന് 97.9 ലക്ഷം വരിക്കാരുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് 89.8 ലക്ഷം ഉപഭോക്താക്കളുമുണ്ട്. ചെറുകിട ഓപ്പറേറ്റര്‍മാര്‍ കളംവിട്ടതോടെ സംസ്ഥാനത്ത് ടെലികോം വിപണി പ്രധാനമായും ഈ നാലു കമ്പനികളുടെ മത്സരമായി മാറി.
മറ്റ് കന്പനികളുടെ ഉപഭോക്താക്കളെ നേടിയെടുക്കുക മാത്രമല്ല ജിയോ ചെയ്തത്. പകരം, കേരളത്തിലെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 3.56 കോടിയിൽനിന്ന് 4.275 കോടിയായി (20.1 % വർധന) ഉയർത്തി ടെലികോം മേഖലയെത്തന്നെ വികസിപ്പിക്കാൻ സാധിച്ചു എന്നതാണ് പ്രത്യേകത.
ഇന്ന് ഗ്രാമങ്ങളിലെന്നോ നഗരങ്ങളിലെന്നോ വ്യത്യാസമില്ലാതെ, സാധാരണക്കാരന്റെ കൈകളിൽ അതിവേഗ ഇന്റർനെറ്റ് എത്തിച്ചുകൊണ്ട് കേരളത്തെ ഡിജിറ്റൽ സാക്ഷരതയിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിഞ്ഞുവെന്നതാണ് ജിയോയുടെ പത്ത് വർഷത്തെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്.