എഡിജിപി പി. വിജയൻ.
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കാനും കസ്റ്റഡി മർദനങ്ങൾ തടയാനും കർശന നിർദേശങ്ങളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് സമയം കളയരുതെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
സ്റ്റേഷനുകളിൽ അനാവശ്യമായി സംസാരിച്ചുനടക്കുകയോ അലസമായി ഇരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലോക്കപ്പിലുള്ള പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാന ചുമതല പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കാണ്. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ കൃത്യമായി നിരീക്ഷിക്കണം.
ലോക്കപ്പിൽ ആത്മഹത്യാ സാധ്യതയുള്ള സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണം. കസ്റ്റഡിയിലുള്ള വ്യക്തിയോ പ്രതിയോ ഏതെങ്കിലും തരത്തിലുള്ള മർദനത്തിനോ മൂന്നാംമുറയ്ക്കോ ഇരയായതായി സംശയം തോന്നിയാൽ പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഉടൻ ഡിവൈഎസ്പിയെയോ ജില്ലാ പൊലിസ് മേധാവിയെയോ വിവരമറിയിക്കണം.
രാത്രികാല ഡ്യൂട്ടി അതിസുരക്ഷാ വിഭാഗമായി കണക്കാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. രാത്രിയിൽ സ്റ്റേഷനിലെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമേ അകത്തേക്ക് പ്രവേശിപ്പിക്കാവൂ. നിലവിലുള്ള സ്റ്റേഷനുകളിലെ ആൾക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂർ പാറാവ് ഡ്യൂട്ടിക്ക് ഇനി മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണമെന്നും നിർദേശത്തിലുണ്ട്.
Tags : guidelines security guidelines police station order adgp