പ്രതീകാത്മക ചിത്രം
രാജ്യാന്തര റബർ വിപണി ബുള്ളിഷായി നീങ്ങുമ്പോഴും വാങ്ങൽ താത്പര്യം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. സാങ്കേതികമായി ഓവർസോൾഡായത് തിരിച്ചുവരവിനു വഴിയൊരുക്കാം. തെക്കുകിഴക്കൻ രാജ്യങ്ങളിലെ കാലാവസ്ഥ നിർണായകം. എൽ നിനോ ഫെബ്രുവരി വരെ നീളുമെന്ന വിലയിരുത്തൽ ആഗോള റബർ ഉത്പാദനത്തിൽ വൻ വിള്ളലുണ്ടാക്കും. പ്രതികൂല കാലാവസ്ഥ ഹൈറേഞ്ചിലെ കുരുമുളക് ഉത്പാദനത്തിനു തിരിച്ചടിയാവുമെന്ന ആശങ്കയിൽ കർഷകരും മധ്യവർത്തികളും സ്റ്റോക്കിൽ പിടിമുറുക്കി. ഉയർന്ന പകൽ താപനില ഏലം കർഷകരിൽ ഭീതി ഉളവാക്കുന്നു.
റബർ ഉത്പാദനം ചുരുങ്ങുമെന്ന് ആശങ്ക
മുൻനിര റബർ ഉത്പാദക രാജ്യമായ തായ്ലൻഡിൽ മഴ അല്പം കുറഞ്ഞത് ടാപ്പിംഗിന് അനുകൂല സാഹചര്യം ഒരുക്കുന്നതായാണു വിവരം. അതായത്, വരവ് ഉയരുമെന്ന സൂചന ടയർ വ്യവസായികളെ തിരക്കിട്ടുള്ള വാങ്ങലുകളിൽനിന്നും അല്പം പിൻതിരിപ്പിച്ചു. ഇതിനിടയിൽ എൽ നിനോ പ്രതിഭാസം ഇന്തോനേഷ്യൻ റബർ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. മലേഷ്യൻ കാലാവസ്ഥയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഈ മൂന്ന് രാജ്യങ്ങളിലും മുന്നിലുള്ള രണ്ട് മാസങ്ങളിൽ പ്രതികൂല കാലാവസ്ഥ തലയുയർത്താനുള്ള സാധ്യതയാണു നിലവിലുള്ളത്. ഉയർന്ന പകൽതാപനില മൂലം മരങ്ങളിൽ നിന്നുള്ള പാൽലഭ്യത ചുരുങ്ങാം.
വ്യവസായികളുടെ വശത്തുനിന്നു വീക്ഷിക്കുമ്പോൾ ഇലക്ട്രിക് വാഹന വില്പന ഉയരുകയാണ്. ചൈനയിലും ഇന്ത്യയിലും മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും വാഹന വില്പനയിലെ വർധന ദീർഘകാലയളവിലേക്ക് ടയറിനു ഡിമാൻഡ് പകരും. എന്നാൽ, ഫെബ്രുവരി വരെയുള്ള അഞ്ചു മാസക്കാലയളവിൽ പ്രതികൂല കാലാവസ്ഥയിൽ റബർ ഉത്പാദനം ചുരുങ്ങുമെന്നതു മറികടക്കാനുള്ള നീക്കത്തിലാണു ടയർ ലോബി. ഇക്കാര്യം വിലയിരുത്താൻ വൻകിടക്കാർ കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ ഒത്തുചേർന്നതായാണ് രഹസ്യവിവരം. ഷീറ്റ് ലഭ്യത ചുരുങ്ങുന്ന സാഹചര്യം ഉടലെടുത്താൽ വർഷാന്ത്യം ടയർ ഉത്പാദനത്തിൽ നിയന്ത്രണം വരുത്തുന്ന കാര്യവും ചർച്ച ചെയ്തു. എന്നാൽ, ഇത് സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമാക്കി. റബർ സ്റ്റോക്ക് ചുരുങ്ങുന്നത് വ്യവസായികളിൽ പിരിമുറുക്കം ഉളവാക്കുന്നുണ്ട്.
മഴ മാറി; യീൽഡ് കുറഞ്ഞു
സംസ്ഥാനത്ത് മഴ മാറിയതോടെ റബർ ടാപ്പിംഗ് രംഗം ഉണർന്നെങ്കിലും ഉയർന്ന പകൽ താപനിലയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും മരങ്ങളിൽനിന്നുള്ള യീൽഡ് കുറഞ്ഞു. ഈ നിലയിൽ കാലാവസ്ഥ തുടർന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നോ വെട്ടിന് മാത്രം കർഷകർക്ക് അവസരം ലഭിക്കും. വാരാരംഭത്തിൽ 27,600 രൂപയിൽ ഇടപാടുകൾ നടന്ന നാലാം ഗ്രേഡ് 27,000 രൂപയിലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 26,500 രൂപയിലും ഒട്ടുപാൽ 18,700 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
ജപ്പാൻ ഒസാക്കയിൽ റബറിനു 452 യെന്നിലെ പ്രതിരോധം മുന്നിൽക്കണ്ട് ഇടപാടുകാർ ലാഭമെടുപ്പിന് ഇറങ്ങി. സാങ്കേതികമായി വിപണി ഓവർബോട്ടായതാണ് ഓപ്പറേറ്റർമാരെ വാരാരംഭത്തിൽ കവറിംഗിനു പ്രേരിപ്പിച്ചത്. ഫണ്ടുകളുടെ ലാഭമെടുപ്പ് പിന്നീട് വില്പന സമ്മർദമായതിനിടയിൽ ഓവർസോൾഡായി. 427 യെൻ വരെ ഇടിഞ്ഞ ശേഷം 429 യെന്നിലാണ് ക്ലോസിംഗ് നടന്നത്. ഈ വാരം 435-438ൽ പ്രതിരോധവും 423ൽ താങ്ങുമുണ്ട്. ബാങ്കോക്കിൽ റബർ കിലോ 266 രൂപയിൽനിന്ന് 261 രൂപയിലേക്ക് താഴ്ന്നു.
കുരുമുളക് വിപണിയിൽ ചരക്ക് ക്ഷാമം
കുരുമുളക് ഇറക്കുമതി വാർത്തകൾ പ്രചരിപ്പിച്ച് കാർഷിക മേഖലയിലും വിപണികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഒരു വിഭാഗം നടത്തിയ നീക്കം വിലപ്പോയില്ല. വിപണി രൂക്ഷമായ ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണ്. കിലോ 700 രൂപയ്ക്ക് മുകളിൽ ഉത്പന്നം സഞ്ചരിച്ചിട്ടും ചരക്ക് ഇറക്കാൻ മധ്യവർത്തികളും വൻകിട കർഷകരും തയാറായില്ല. ഇതിനിടയിൽ എൽ നിനോ പ്രതിഭാസം ഫെബ്രുവരി വരെ ഉയർന്ന താപനിലയ്ക്ക് കാരണമാവുമെന്ന കാലാവസ്ഥാ വിലയിരുത്തൽ കണക്കിലെടുത്താൽ തുലാവർഷം ഇക്കുറി ദുർബലമാകാൻ ഇടയുണ്ട്. കാലവർഷം പതിവിലും 21 ശതമാനം കുറവാണു കേരളത്തിൽ ലഭിച്ചത്. കുരുമുളക് വില 740 രൂപ മറികടക്കുമെന്ന പ്രതീക്ഷയിലാണു കാർഷിക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 70,000 രൂപയിൽനിന്നും 70,300 രൂപയായി. ഗാർബിൾഡ് 72,300 രൂപയിലും വ്യാപാരം നടന്നു.
വിയറ്റ്നാം നടപ്പുവർഷം ഇതിനകം ഏകദേശം 1,86,000 ടൺ കുരുമുളക് കയറ്റുമതി ചെയ്തു. സീസൺ ആരംഭിക്കാൻ ഇനിയും മാസങ്ങൾ പലത് മുന്നിലുള്ളതിനിടയിൽ കാർഷികമേഖലകളിൽ കരുതൽശേഖരം ചുരുങ്ങിയത് ആഭ്യന്തര വിലക്കയറ്റത്തിനു വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം 6400 ഡോളറും ഇന്തോനേഷ്യ 6700 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ഇന്ത്യ 7800 ഡോളറും മുളകിന് രേഖപ്പെടുത്തി.
മികവ് നിലനിർത്തി ഏലം
ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡിൽ ഏലം മികവ് നിലനിർത്തി. ആഭ്യന്തര ആവശ്യക്കാരുടെ ശക്തമായ പിന്തുണയ്ക്കിടയിൽ അറബ് രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങളെത്തുന്നുണ്ട്. ശരാശരി ഇനങ്ങൾ കിലോ 3064 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 3513 രൂപയിലുമാണ്.
Tags : ElNino AgriculturalSector Business