ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷം.
താഷ്കന്റ്: എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ നിർണായക ജയം സ്വന്തമാക്കിയത്. ഡാനി ലെയ്ഷ്റാം, വിശാൽ യാദവ്, മുഹമ്മദ് അർബാഷ് എന്നിവരാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി 25-ാം മിനിറ്റിൽ ഡാനി ലെയ്ഷ്റാമിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ വിശാൽ യാദവിന്റെ മനോഹരമായ ഓവർഹെഡ് കിക്കിലൂടെ ലീഡ് രണ്ടാക്കി. 78-ാം മിനിറ്റിൽ മുഹമ്മദ് അർബാഷ് മൂന്നാം ഗോൾ കണ്ടെത്തിയതോടെ ജയം ഉറപ്പായി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ഇന്ത്യക്ക് ആറ് പോയിന്റായി. നേരത്തെ സിറിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഉസ്ബെക്കിസ്ഥാനാണ് നിലവിൽ ഗ്രൂപ്പിൽ മുന്നിൽ.
ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ സിറിയ പരാജയപ്പെട്ടാൽ ഇന്ത്യയുടെ മുന്നേറ്റസാധ്യതകൾ കൂടുതൽ ശക്തമാകും. അടുത്ത വർഷമാണ് എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് നടക്കുന്നത്. 2006ലാണ് ഇന്ത്യ അവസാനമായി അണ്ടർ-20 ഏഷ്യാ കപ്പിൽ കളിച്ചത്.
അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു. 20 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചെത്താനുള്ള പ്രതീക്ഷയാണ് താഷ്കന്റിലെ ജയത്തോടെ ഇന്ത്യ സജീവമാക്കിയത്.
Tags : AsianCup Football India Bangladesh