അമേരിക്കൻ പ്രതിനിധികളായ ജാരദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി കീവിൽ സ്വീകരിക്കുന്നു.
മോസ്കോ: സമാധാന ചർച്ചയ്ക്കെത്തിയ അമേരിക്ക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവരുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അങ്ങേയറ്റം ഫലപ്രദമായ മൂന്നു മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്ന് ക്രെംലിന്‍റെ അറിയിപ്പ്.
എന്നാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായകരമായ തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായില്ലെന്നാണ് പുടിന്‍റെ വിദേശനയ ഉപദേശകൻ യൂറി ഉഷക്കോവിന്‍റെ വാക്കുകളിൽനിന്നു വ്യക്തമായത്.
അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി വിറ്റ്കോഫും ട്രംപിന്‍റെ മരുമകനായ കുഷ്നറും യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം ആശയങ്ങൾ പുടിനു മുന്നിൽ അവതരിപ്പിച്ചു. ഈ ആശയങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ഉഷക്കോവ് തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങളെ പുടിൻ പ്രശംസിച്ചു. യുദ്ധത്തിൽ റഷ്യ മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ നേടുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും പുടിൻ അമേരിക്കൻ പ്രതിനിധികളെ അറിയിച്ചെന്നും ഉഷക്കോവ് കൂട്ടിച്ചേർത്തു.
വിറ്റ്കോഫും കുഷ്നറും പുടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്കിയത്.
വിറ്റ്കോഫും കുഷ്നറും മോസ്കോയിൽനിന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി പ്രസിഡന്‍റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
Tags : Ukraine Russia Putin Ukraine war