കെ.എം. തഹ്സീഫ് സൗരി
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.എം. തഹ്സീഫ് സൗരിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം തുരാഗ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഒക്ടോബർ 27 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
കറുത്ത ഷർട്ടും വെള്ള ട്രൗസറും ധരിച്ച നിലയിലായിരുന്നു 28കാരന്റെ മൃതദേഹം കണ്ടെത്തിയത്. ദേശീയ അടിയന്തര സഹായ നമ്പറിലേക്ക് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹസീനയുടെ പലായന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തഹ്സീഫ് നിരന്തരം പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.
2024 ഓഗസ്റ്റ് അഞ്ചിന് സൈനിക ഹെലികോപ്റ്ററിൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് തഹ്സീഫാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒരു സാധാരണ പൗരനെന്ന നിലയിൽ ലഭിച്ച ദൃശ്യങ്ങൾ പങ്കുവെക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. തുടർന്ന് തഹ്സീഫിനെ സർവീസിൽനിന്ന് പുറത്താക്കിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷഹീദ് സുഹ്റവർദി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ലെന്നാണ് സൂചന. മൃതദേഹത്തോടൊപ്പം ലഭിച്ച ഫോണും വാച്ചും വഴിയാണ് മരിച്ചത് സൗരിയാണെന്ന് സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി തഹ്സീഫിന്റെ മരണത്തിന് ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീൻ അഹമ്മദ് മറുപടി നൽകിയില്ല.
Tags : Sheikh Hasinas Escape SheikhHasina Bangladesh K.M.tahsifSouri BangladeshAirForce Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth