കേരള ഹൈക്കോടതി
കൊച്ചി: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് യുഎഇയിലെ അജ്മാനിൽ ഒന്നര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന 71കാരനായ കൊല്ലം ശാസ്താംകോട്ട സ്വദേശി റോബര്‍ട്ട് ഫ്രാന്‍സിസ് സഹായന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാന്‍ ഹൈക്കോടതി ഇടപെടല്‍.
ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയവും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും നവംബര്‍ 26ന് പരിഗണിക്കാന്‍ മാറ്റി.
അവിവാഹിതനായ റോബര്‍ട്ട് സഹായന്‍ 2025 മാര്‍ച്ച് 26ന് ജീവനൊടുക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കുടുംബക്കല്ലറയില്‍ സംസ്കരിക്കണമെന്നായിരുന്നു സഹോദരിപുത്രി മേരി വിക്ടോറിയയുടെ നിലപാട്.
സംസ്കാരം യുഎഇയില്‍ മതിയെന്ന നിലപാടാണു പൂനയില്‍ താമസിക്കുന്ന അനന്തരവന് ജോണ്സണ് ഫിലിപ്സ് സ്വീകരിച്ചത്. തര്‍ക്കം കോണ്‍സുലേറ്റിന് മുന്നിലെത്തിയതോടെ അജ്മാനിലെ ഷെയ്ക് ഖലീഫ ഫോറന്‍സിക് ലാബില്‍നിന്ന് മൃതദേഹം നീക്കാനാകാത്ത അവസ്ഥയിലെത്തി.
അര്‍ഹതയുള്ള ബന്ധുവിനെ കണ്ടെത്താന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയായില്ല. തുടര്‍ന്ന് മേരി വിക്ടോറിയ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ബന്ധുക്കള്‍ തമ്മിലെ തര്‍ക്കം മൂലം സംസ്കാരം വൈകുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്തുതര്ക്കമുണ്ടെങ്കില് കോടതിയില്‍ തീര്‍പ്പാക്കുകയാണു വേണ്ടത്. അതിന്റെ പേരില്‍ മൃതദേഹത്തെ അപമാനിക്കുന്നത് ശരിയല്ല. മരിച്ചവര്‍ക്ക് അന്തസോടെയുള്ള സംസ്കാരത്തിന് അവകാശമുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.
Tags : KeralaHighCourt Facilitate Repatriation Funeral MortalRemains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash