സ്കൂൾ കായികമേളയിൽ അത്ലറ്റിക്സ് വിഭാഗം
ചാത്തമംഗലം (കോഴിക്കോട്): കൗമാരക്കുതിപ്പിന്റെ പുളകങ്ങൾ ഏറ്റുവാങ്ങുന്ന എൻഐടി സ്റ്റേഡിയത്തിലെ പുതുപുത്തൻ സിന്തറ്റിക് ട്രാക്കിന് ഒരേയൊരു ദുഃഖം മാത്രം. സംസ്ഥാന സ്കൂൾ കായികമേള നാലാം ദിവസത്തിലേക്കു കടക്കുമ്പോൾ പുതിയ വേഗവും ദൂരവും ഉയരവും കാണാതെ റിക്കാർഡുകൾ പകച്ചുനിൽക്കുകയാണ്. ആകെ വന്നത് നാലു മീറ്റ് റിക്കാർഡുകൾ മാത്രം. കായികകേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദുസ്സൂചനകളാണോ ഇത്?
അത്ലറ്റിക്സിൽ 56 ഇനങ്ങൾ പൂർത്തിയാകുമ്പോൾ മലപ്പുറം ജില്ല 114 പോയിന്റോടെ മുന്നേറുന്നു. തൊട്ടുപിന്നിൽ 100.5 പോയിന്റോടെ പാലക്കാട് ജില്ല. 68 പോയിന്റോടെ ആലപ്പുഴയും 59 പോയിന്റുമായി തിരുവനന്തപുരവും തൊട്ടുപിന്നാലെയുണ്ട്. ഗെയിംസും അക്വാട്ടിക്സും ചേർത്ത് ഓവറോൾ ചാമ്പ്യൻപട്ടത്തിലേക്കു ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ല, 1945 പോയിന്റ്. തൃശൂരും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തൃശൂരിന് 913ഉം കണ്ണൂരിന് 828ഉം പോയിന്റ്.
സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി തന്നെ മുന്നിൽ, 35 പോയിന്റ്. 21 വീതം പോയിന്റോടെ വിഎംഎച്ച്എസ് വടവന്നൂരും കെഎച്ച്എംഎച്ച്എസ് ആലത്തിയൂരും പോരാട്ടത്തിന് വീറു കൂട്ടുന്നു. സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ആലപ്പുഴ, എച്ച്എസ് മുണ്ടൂർ, സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ, ജിഎച്ച്എസ്എസ് കുട്ടമത്ത്, ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം, മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം, ഗവ. ഫിഷറീസ് എച്ച്എസ്എസ് നാട്ടിക എന്നിവയാണ് തുടർന്നു പത്തുവരെ സ്ഥാനങ്ങളിൽ.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ശ്രീഹരി കരിക്കൻ, ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജംപിൽ വിഷ്ണു യാദവ്, സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ടി.എം. അതുൽ, സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അനാമിക അജേഷ് എന്നിവരാണ് ഇതുവരെ പുതിയ വേഗവും ദൂരവും തേടിപ്പിടിച്ചത്. പല ഇനങ്ങളിലും ഊർജം ചോർന്നുപോയ പോരാട്ടങ്ങളായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾക്കിടയിൽ ഒരുപാടു ദൂരം. ഒന്നാം സ്ഥാനത്തിനും റിക്കാർഡിനുമിടയിൽ അഗാധ ഗർത്തങ്ങൾ.
ട്രാക്കിൽ സീനിയർ വിഭാഗം 5000, 3000 മീറ്റർ നടത്തവും ജൂനിയർ, സീനിയർ 800 മീറ്റർ, സീനിയർ, ജൂനിയർ 400 മീറ്റർ ഹർഡിൽസ്, ജൂനിയർ, സീനിയർ 4x400 മീറ്റർ റിലേ എന്നിവയാണ് ഇന്നത്തെ ഹൈലൈറ്റ്. ഫീൽഡിലും ഇന്നു തിരക്കുപിടിച്ച ദിനംതന്നെ.
Tags : Leads in Athletics Sports SportsNews Highlights Tennis Cricket Badminton