സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ റിക്കാർഡോടെ സ്വർണം നേടുന്ന ടി.എം. അതുൽ. - ബ്രില്യൻ ചാൾസ്
കോഴിക്കോട്: 100 മീറ്ററിൽ സംസ്ഥാന കായികമേളയിലെ ഇത്തവണത്തെ ഏക റിക്കാർഡുമായി ടി.എം. അതുൽ. 15 വർഷം മുന്‍പ്, 2011ൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസ് വിദ്യാർഥി ജിജിൻ വിജയൻ സ്ഥാപിച്ച റിക്കാർഡ് (10.70) പഴങ്കഥയാക്കി യാണ് അതുൽ (10.63) ട്രാക്കിൽ തീ പടർത്തി.
ജൂനിയർ വിഭാഗത്തിൽ മത്സരിച്ചപ്പോഴും അതുൽ റിക്കാർഡ് കുറിച്ചിരുന്നു. അതുലിന്റെ കഴിവു കണ്ടറിഞ്ഞ് സഞ്ജു സാംസൺ ഫൗണ്ടേഷൻ അതുലിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു. സഞ്ജു സാംസൺ ഫൗണ്ടേഷനു നന്ദി അറിയിച്ചു കൊണ്ടാണ് അതുൽ സന്തോഷം പങ്കുവച്ചത്.
ചാരമംഗലം ഗവ. ഡിവിവിഎച്ച്എസ് പ്ലസ്ടു വിദ്യാർഥിയായ അതുലിന്റെ പിതാവ് മാർട്ടിൻ ( ജയ്മോൻ ) മത്സ്യത്തൊഴിലാളിയാണ്. അമ്മ: സിനിമോൾ. കെ.ആർ. സാംജിയുടെ നേതൃത്വത്തിൽ കലവൂർ എൻ ഗോപിനാഥ് സ്റ്റേഡിയത്തിലായിരുന്നു പരിശീലനം.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സിൽ പാലക്കാടിനെ മറികടന്ന് മലപ്പുറത്തിന്റെ മുന്നേറ്റം. അഞ്ചു സ്വർണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവും അക്കൗണ്ടിലാക്കിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് ഏഴു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉൾപ്പടെ 54 പോയന്റുണ്ട്. 45 പോയന്റ് നേടിയ തിരുവനന്തപുരത്തിന് ആറു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമാണ്.
സ്കൂളുകളിൽ മലപ്പുറം കടാശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 19 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് 16 പോയന്റ് നേടി രണ്ടാം സ്ഥാനത്താണ്. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് 16 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

കോഴിക്കോട്: പതിനേഴാം ജന്മദിനത്തില് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് വയനാട് കല്‍പ്പറ്റ സ്വദേശിനി എ.ആര്. നമിത. ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലാണ് നമിതയുടെ സുവർണനേട്ടം.
പരിശീലകൻ ജി. താലിബ്. ആഘോഷങ്ങള്‍ മാറ്റിവച്ച് മത്സരത്തിനിറങ്ങിയ നമിതയുടെ ലക്ഷ്യം സ്വര്‍ണം മാത്രമായിരുന്നു. 32.47 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നമിത സ്വര്‍ണം സ്വന്തമാക്കിയത്. കല്‍പ്പറ്റ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.

കോഴിക്കോട്: ചെന്നൈയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന്റെ ക്ഷീണത്തിനിടയിലും 1500 മീറ്ററില്‍ സ്വര്‍ണം നേടി എം. അമൃത്. പാലക്കാട് കുമാരംപുത്തൂര്‍ കെഎച്ച്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അമൃത് നാലു മിനിറ്റ് അഞ്ചു സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അമൃത് ചെന്നൈയില്‍നിന്നു തിരിച്ചെത്തിയത്. അവിടെ 800 മീറ്റര്‍ ഓട്ടത്തിലാണു പങ്കെടുത്തത്. എന്നാല്‍, മെഡല്‍ നേടാനായില്ല. യാത്രാക്ഷീണം ഇന്നലത്തെ പ്രകടനത്തെ ബാധിക്കാതെ അമൃത് 1500 മീറ്ററില്‍ മികച്ച മുന്നേറ്റം നടത്തി സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം പരിക്കുമൂലം മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിയാതിരുന്ന അമൃത് 2024ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 400, 800, 1500 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണം നേടി. പാലക്കാട് ചേരാമംഗലം കുളത്തുങ്കല്‍ മോഹനന്-പുഷ്പലത ദമ്പതികളുടെ മകനാണ്.

കോഴിക്കോട്: 400 മീറ്ററില്‍ നഷ്ടമായ സ്വര്‍ണം 1500 മീറ്ററില്‍ തിരിച്ചുപിടിച്ച് അല്‍ക്ക ഷിനോജ്. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അല്‍ക്ക ഷിനോജ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ നാല് മിനിറ്റ് 51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായികമേളയില്‍ 400, 600 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും അല്‍ക്ക സ്വന്തമാക്കിയിരുന്നു. ചൊവ്വാഴ്ച നടന്ന 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്ണപ്രതീക്ഷയോടെയാണ് താരം ട്രാക്കിലിറങ്ങിയത്. എന്നാല്‍, വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇതിന് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് 1500 മീറ്ററില്‍ വാശിയോടെ ഓടിയതെന്ന് അല്‍ക്ക ഷിനോജ് പറഞ്ഞു.
സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ഷിനോജിന്റെയും ജിതിനയുടെയും മകളായ അല്‍ക്കയ്ക്ക് ഭാവിയില്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത് മെഡലുകള്‍ നേടണമെന്നാണ് ആഗ്രഹം.
കോഴിക്കോട്: പോൾ വോൾട്ടിൽ സ്വർണം മാത്രമായിരുന്നില്ല റൊണാൾഡ് ടി. റോയിയുടെ ലക്ഷ്യം. മുഖത്ത് മുറിവ് പറ്റിയിട്ടും സംസ്ഥാന റിക്കാർഡ് കൂടെ പോരുമെന്ന ഉറച്ച വിശ്വാസത്തിൽ അവസാന നിമിഷംവരെ അവൻ പൊരുതി. ഒടുവിൽ, പോരാട്ടം മതിയാക്കുമ്പോൾ നിറഞ്ഞ കൈയടിയായിരുന്നു കാണികൾ അവന് നൽകിയത്
സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിലാണ് മലപ്പുറം ഐഡിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ റൊണാൾഡ് സ്വർണം നേടിയത്. 4.30 മീറ്ററാണ് ചാടിയത്. 4.80 ആണ് റിക്കാർഡ്. കർഷകനായ റോയിച്ചൻ - സീനിയ ദമ്പതിമാരുടെ മകനാണ്. മാതാപിതാക്കളും സഹോദരി റോസ്നയും റൊണാൾഡിന്റെ പ്രകടനം കാണാൻ ഗ്രൗണ്ടിൽ എത്തിയിരുന്നു

കോഴിക്കോട്: സീനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കെ.പി. മുഹമ്മദ് ഷാബിസിന് സ്വർണം. 40.26 മീറ്റർ ആണ് എറിഞ്ഞത്. മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്.
തിരൂർ കക്കരിപാക്കിനി കളത്തിൽ സുബൈൽ-സൽമാൻ ദമ്പതികളുടെ മകനാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ കഴിഞ്ഞ തവണ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.
പത്തനംതിട്ട കുളനട പഞ്ചായത്ത് എച്ച്എസ്എസിലെ മാത്യു വർഗീസ് കോശിക്കാണ് രണ്ടാം സ്ഥാനം (39.86). മലപ്പുറം മൂക്കുതല പിസിഎൻജി എച്ച്എസ്എസിലെ സി.എസ്. മുഹമ്മദ് നിതാഷ് മൂന്നാം സ്ഥാനം നേടി.

ചാത്തമംഗലം: ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 33.69 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണം സ്വന്തമാക്കി കണ്ണൂര്‍ മമ്പറം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബി.കെ. അന്‍വിക.
മൂന്നാം തവണ സംസ്ഥാന കായികമേളയില്‍ മാറ്റുരയ്ക്കുന്ന അന്‍വിക, റിക്കാര്‍ഡ് നേട്ടം ലക്ഷ്യമിട്ടാണ് ഇത്തവണ മത്സരത്തിനിറങ്ങിയത്. പുതിയ റിക്കാര്‍ഡ് സ്ഥാപിക്കാനായില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ സ്വര്‍ണനേട്ടം കൈവരിക്കാനായി.
കഴിഞ്ഞ വര്‍ഷം സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ റിക്കാര്‍ഡോടെ സ്വര്‍ണവും ഡിസ്കസ് ത്രോയില്‍ വെള്ളിയും നേടിയ അന്‍വിക ഇത്തവണയും മികവ് ആവര്‍ത്തിക്കുകയായിരുന്നു.
റിജുവിന്റെ കീഴില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും മുടങ്ങാതെ നടത്തുന്ന കഠിന പരിശീലനമാണ് അൻവികയുടെ നേട്ടങ്ങള്‍ക്ക് കരുത്താകുന്നത്. കള്ളുചെത്ത് തൊഴിലാളിയായ രാജേഷിന്റെയും സജനയുടെയും മകളാണ് അന്‍വിക. ആല്ബിന് സഹോദരനാണ്.

ചാത്തമംഗലം: ത്രോയിംഗ് അരീനയില്‍ സ്വര്‍ണത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. മത്സരം കഴിഞ്ഞതോടെ വാശിയെല്ലാം മറന്ന് സൗഹൃദത്തില്‍ രണ്ട് കൗമാരതാരങ്ങൾ. സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിനുശേഷം കണ്ട ഈ കാഴ്ച കാണികളുടെ മനസ് കീഴടക്കി.
13.80 മീറ്റര്‍ ദൂരം കണ്ടെത്തി കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ എ.വി. ഋതുഭേദ് ഷോട്ട്പുട്ടില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍, മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ മുഹമ്മദ് ഫഹദ് വെള്ളി നേടി. കഴിഞ്ഞ ദിവസം ഡിസ്കസ് ത്രോയില്‍ സ്വര്‍ണം നേടിയ ഫഹദിന് ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടാനായില്ലെങ്കിലും ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു.
ഡിസ്കസ് ത്രോയില്‍ 42.35 മീറ്റര്‍ ദൂരം എറിഞ്ഞ് ഫഹദ് ഹാട്രിക് സ്വര്‍ണം തികച്ചപ്പോള്‍, കന്നി സംസ്ഥാന കായികമേളയില്‍ മത്സരിച്ച ഋതുഭേദിന് 41 മീറ്റര്‍ ദൂരവുമായി വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് ഇനങ്ങളിലും സ്വര്‍ണത്തിനായി ഇരുവരും വിട്ടുകൊടുക്കാതെ പോരാടി. എന്നാല്‍, മത്സരവേദിയിലെ ഈ വാശി സൗഹൃദത്തിന് തടസമായില്ല. പോരാട്ടം അവസാനിച്ചതോടെ പരസ്പരം ആലിംഗനം ചെയ്തും വിശേഷങ്ങള്‍ പങ്കുവച്ചും ഇരുവരും മടങ്ങി.
ചാത്തമംഗലം (കോഴിക്കോട്): ഉത്തര്‍പ്രദേശില്‍നിന്നെത്തി ആദ്യമായി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുത്ത വിഷ്ണു യാദവിന് റിക്കാര്‍ഡ് നേട്ടം.
കോട്ടയം ജില്ലയ്ക്കുവേണ്ടി ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില് 7.31 മീറ്റര്‍ ദൂരം ചാടിയാണ് വിഷ്ണു സ്വര്‍ണം നേടിയത്. 7.05 മീറ്ററായിരുന്നു നിലവിലെ റിക്കാര്‍ഡ്. കോരുത്തോട് സികെഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് വിഷ്ണു.
ദേശീയ മെഡല്‍ ജേതാവായ വിഷ്ണു, 2024ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ലോംഗ് ജംപില്‍ ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ച് സ്വര്‍ണം നേടിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് കോട്ടയം എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്പോര്‍ട്സ് അക്കാദമിയുടെ കീഴില്‍ പരിശീലനം നേടുന്നതിനായി കേരളത്തിലെത്തിയത്.
2036 ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ കഴിയുന്ന കായികതാരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ എച്ച്ആര്‍ഡിഎസ് ഇന്ത്യ രാജ്യവ്യാപകമായി നടത്തിയ സെലക്ഷന് ട്രയലിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് കേരളത്തിലെത്തിച്ച വിഷ്ണുവിന് കോരുത്തോട് സികെഎംഎച്ച്എസ്എസില് പ്ലസ് വണ്‍ ഹ്യുമാനിറ്റീസില്‍ പ്രവേശനം ലഭിച്ചു. പത്താം ക്ലാസ് വരെ ഉത്തര്‍പ്രദേശിലായിരുന്നു പഠനം.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കര്‍ഷകനായ ചേതിലാലിന്റെയും സുനിത ദേവിയുടെയും മകനാണ് വിഷ്ണു. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ മുഖ്യപരിശീലകനായ സി. അജിത്കുമാറിന്റെ കീഴിലാണ് പരിശീലനം.
കോഴിക്കോട്: കാറ്റിനോടു കുതിച്ചും സെക്കന്ഡുകളോടു പൊരുതിയും നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ 100 മീറ്റര്‍ ഫൈനലിന് ആവേശകരമായ പരിസമാപ്തി.
വേഗത്തിന്റെ അവസാന വാക്കാകാന്‍ ട്രാക്കിലിറങ്ങിയ താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഫിനിഷിംഗ് ലൈന്‍ തൊട്ട് സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ടി.എം. അതുല്‍. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ ആര്. ഋതുപര്‍ണ വേഗറാണിയായും കിരീടം ചൂടി.
2011ല്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ജിജിന് വിജയന് സ്ഥാപിച്ച 10.70 സെക്കൻഡിന്റെ റിക്കാര്‍ഡാണ് അതുല്‍ മറികടന്നത്. 10.63 സെക്കന്‍ഡിലാണ് അതുല്‍ റിക്കാര്‍ഡിലേക്ക് ഓടിക്കയറിയത്.
ഋതുപര്‍ണ 12:43 സെക്കന്‍ഡിൽ സ്വർണം നേടി. കായികമേളയുടെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ100 മീറ്ററില്‍ മിന്നല്‍ വേഗവും മികവും ആവേശവും ഒരുമിച്ചപ്പോള്‍ കാണികള്‍ക്കും അത് അവിസ്മരണീയ കാഴ്ചയായി.
സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ കോട്ടയം ഗവ. വിഎച്ച്എസ്എസിലെ മുരിക്കുംവയലിലെ ശ്രീഹരി സി. ബിനു (10.74) രണ്ടാംസ്ഥാനവും കൊല്ലം സെന്റ് അലോഷ്യസ് എച്ച്എസ്എസിലെ ട്രോയി എം.എസ്. ഹെന്സന് (10.91) മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആർ. ശ്രേയ രണ്ടാംസ്ഥാനവും (0:12:73), ആലപ്പുഴ ഗവ. എച്ച്എസ്എസ് കളവൂരിലെ ബി. സരയൂ ലക്ഷ്മി (0:12:73) മൂന്നാംസ്ഥാനവും നേടി.
സബ് ജൂണിയര്‍ ബോയ്സില് തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ എം. ശ്രീഹരി 12.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തില്‍ മുത്തമിട്ടു. മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളിലെ കെ.വി. മുഹമ്മദ് ഇസാന് (12.13) രണ്ടാംസ്ഥാനവും കോഴിക്കോട് മേപ്പയൂര്‍ ഗവ. എച്ച്എസ്എസിലെ ഫസല്‍ മുഹമ്മദ് (12.18) മൂന്നാംസ്ഥാനവും നേടി.
സബ്ജൂണിയര്‍ ഗേള്‍സില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ എസ്. സങ്കീര്‍ത്തന 13.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ഹര്‍ഷ ജോണ്‍ (13.20) രണ്ടാം സ്ഥാനവും ആലപ്പുഴ ഗവ. യുപിഎസ് തമ്പക്കചുവടിലെ എസ്. സ്നേഹ (13.38) മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ ബോയ്സില് ആലപ്പുഴ ലിയോ XIII എച്ച്എസ്എസിലെ മിലന് ജോര്‍ജ് 11.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒന്നാംസ്ഥാനം നേടി. കോട്ടയം സികെഎം എച്ച്എസ് കോരുത്തോട് സ്കൂളിലെ വിഷ്ണു യാദവ് (11.07) രണ്ടാംസ്ഥാനവും തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലെ ഗൗരീഷ് ബിനോയ് (11.27) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജൂനിയര്‍ ഗേള്‍സില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സിലെ ജില്‍ഷ ജിനില്‍ 12.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. പാലക്കാട് ബിഇഎം എച്ച്എസ്എസിലെ എസ്. ആന്‍വി (12.65) രണ്ടാം സ്ഥാനവും ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ സ്നേഹ ശ്യാം (12.82) മൂന്നാംസ്ഥാനവും നേടി.
Tags : TMAtul StateSchoolSportsMeet Record Sports