അഭിജീത് ദിപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ‘ഇന്ത്യാ’ മുന്നണിയുടെ റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിന്തുണ പ്രഖ്യാപിച്ചു.
എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികൾ ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നതെന്നും ജനങ്ങൾക്ക് സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വമെന്നും അല്ലാതെ സർക്കാരിന് വോട്ടർമാരെ തെരഞ്ഞെടുക്കലല്ലെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിൽ കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. എസ്‌ഐആറിലൂടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്‍റെ രാജി അത്യാവശ്യമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു. ഓരോ അർഹനായ പൗരന്‍റെയും വോട്ടവകാശം സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതിൽ തടസങ്ങൾ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു.
രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Tags : Politics CJP INDIA ElectionCommissioner Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash