ബെഞ്ചമിൻ നെതന്യാഹു ഭാര്യ സാറയ്ക്കൊപ്പം ലിക്കുഡ് പാർട്ടി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു.
ജറൂസലെം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല.
നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ മുന്നണി നേരിയ മുൻതൂക്കത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഉറപ്പായെങ്കിലും 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റ് തികയ്ക്കാനാകില്ലെന്നു വ്യക്തമായിക്കഴിഞ്ഞു.
ലിക്കുഡ് പാർട്ടി സഖ്യത്തിന് 53 സീറ്റ് ലഭിച്ചപ്പോൾ പ്രതിപക്ഷത്തിന് 48 സീറ്റാണു ലഭിച്ചത്. അതേസമയം, ഇസ്രയേലിലെ ന്യൂനപക്ഷമായ അറബ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും റാം പാർട്ടിയും ചേർന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടി കരുത്ത് കാട്ടിയിരിക്കുകയാണ്. 19 സീറ്റാണ് ഈ മുന്നണി നേടിയത്.
സൈനികരും നയതന്ത്രജ്ഞരും രേഖപ്പെടുത്തിയ 4,80000 ത്തോളം വോട്ടുകൾകൂടി ഇനി എണ്ണാനുണ്ട്. ഇന്നും നാളെയുമായി ഇതിന്റെ ഫലംകൂടി പുറത്തുവരുന്നതോടെയേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.
അതിനിടെ, പ്രധാനമന്ത്രിപദത്തിൽനിന്ന് നെതന്യാഹുവിനെ പുറത്താക്കുന്നതിന് പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നൽകാൻ തയാറാണെന്ന് അറബ് പാർട്ടി നേതാക്കൾ അറിയിച്ചു. അറബ് പാർട്ടികളുമായി സഹകരിച്ച് മാറ്റത്തിന്റെ സർക്കാരുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റ്സ് നേതാവ് യായീർ ഗോലാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ വലതുപക്ഷ സർക്കാർ രൂപീകരിക്കാൻ നെതന്യാഹു ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും അറബ് പാർട്ടി വിജയം തട്ടിയെടുക്കുകയായിരുന്നുവെന്നും ആരോപിച്ച് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി രംഗത്തു വന്നിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ തള്ളി.
ജറുസലെം: ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്. അറബ് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരുടെ പിന്തുണയോടെ പ്രതിപക്ഷം സർക്കാർ രൂപീകരിക്കാനിടയില്ലെന്നാണു സൂചന.
അങ്ങനെയെങ്കിൽ രാജ്യം വീണ്ടും മറ്റൊരു പൊതുതെരഞ്ഞെടുപ്പിനു സാക്ഷ്യം വഹിക്കും. അതുവരെ താത്കാലിക പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്താൻ സാധ്യതയേറി.
ശക്തിയേറിയ വലതുപക്ഷ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു, ഇറാനെതിരേയുള്ള സൈനിക നീക്കങ്ങളിൽ ഇസ്രയേൽ കൂടുതൽ ശക്തമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നെതന്യാഹുവിനെ ഭരണത്തിൽനിന്ന് പുറത്താക്കാനുള്ള ജനവിധിയാണ് ഇതെന്നാണ് മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ സുരക്ഷാ ഏജൻസികളിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ താത്കാലിക പ്രധാനമന്ത്രിയെ അനുവദിക്കില്ലെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇസ്രയേൽ വിപണിയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കറൻസിയായ ഷെക്കലിന്റെ മൂല്യം ഇടിയുകയും ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രധാന സൂചികകൾ മൂന്നു ശതമാനത്തിലധികം താഴുകയും ചെയ്തു.
Tags : Israel AbsoluteMajority Uncertainty IsrealPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BenjaminNetanyahu