ഗാഡി ഐസൻകോട്ട്
ടെൽ അവീവ്: കടുത്ത പോരാട്ടവും അനിശ്ചിതത്വവും നിറഞ്ഞ ഇസ്രയേൽ പാർലമെന്റ് (ക്നെസെറ്റ്) തെരഞ്ഞെടുപ്പിൽ പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയായി അറബ് പാർട്ടികൾ മാറുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ഭരണസഖ്യത്തിനും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടുകെട്ടിനും കേവല ഭൂരിപക്ഷം നേടാനാകാതെ പോയാൽ ഇസ്രായേൽ രാഷ്ട്രീയത്തിൽ അറബ് പാർട്ടികൾ 'കിംഗ് മേക്കർ' സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടേക്കാം.
120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളാണ് ആവശ്യം. എന്നാൽ, എക്സിറ്റ് പോളുകളും വോട്ടെണ്ണൽ സൂചനകളും അനുസരിച്ച് നെതന്യാഹുവിന്റെ സഖ്യത്തിനോ ഐസൻകോട്ടിന്റെ സഖ്യത്തിനോ ഒറ്റയ്ക്ക് 61 സീറ്റുകളിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ 18-ഓളം സീറ്റുകൾ വരെ നേടുമെന്ന് പ്രവചിക്കപ്പെടുന്ന രണ്ട് പ്രധാന അറബ് പാർട്ടികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മുൻ സൈനിക മേധാവിയായ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഒക്ടോബർ ഏഴിലെ അൽ അക്സ സുരക്ഷാവീഴ്ചയ്ക്കും തുടർന്നുണ്ടായ യുദ്ധങ്ങൾക്കും ജനങ്ങൾ നെതന്യാഹുവിനോട് നൽകിയ എതിർപ്പിന്റെ ഫലമാണ് ഈ തിരിച്ചടിയെന്ന് ഐസൻകോട്ട് പ്രതികരിച്ചു. എങ്കിലും, പ്രതിപക്ഷ സഖ്യത്തിന് ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്തത് തിരിച്ചടിയാണ്.
സഖ്യസാധ്യതകളും ഭരണഘടനാ പ്രതിസന്ധിയും
സർക്കാരുണ്ടാക്കാൻ ഐസൻകോട്ട് അറബ് പാർട്ടികളുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള മിതവാദി സ്വഭാവമുള്ള റാം പാർട്ടി മുൻപും ഇസ്രായേൽ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നതിനാൽ ഐസൻകോട്ടുമായി സഹകരിക്കാൻ തയ്യാറായേക്കും.
തീവ്ര നിലപാടുകളുള്ള ഈ സഖ്യവുമായി പൂർണമായ പങ്കാളിത്തത്തിന് ഐസൻകോട്ടിന് മടിയുണ്ടെങ്കിലും, നെതന്യാഹുവിനെ ഒഴിവാക്കാൻ സഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാൻ തങ്ങൾ തയാറാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തീവ്ര വലതുപക്ഷ നിലപാടുകളുള്ള സ്വന്തം മുന്നണിയിലെ നേതാക്കളുടെ എതിർപ്പ് കാരണം അറബ് പാർട്ടികളുടെ പിന്തുണ നെതന്യാഹു തേടാൻ സാധ്യതയില്ല.
ഇസ്രായേൽ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന അറബ് വോട്ടർമാർ റിക്കാർഡ് രീതിയിലാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പുതിയ സർക്കാർ ആര് രൂപീകരിക്കണം എന്ന് തീരുമാനിക്കുന്നതിൽ അറബ് സമുദായവും അവരുടെ പ്രതിനിധികളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഇസ്രായേൽ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകും.
Tags : GadiEisenkot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews