പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഗുരുഗ്രാമിലെ വീട്ടിലേക്ക് ഊബർ ടാക്സിയിൽ യാത്ര ചെയ്ത സോഫ്റ്റ്വെയർ എൻജിനിയറായ യുവതിക്ക് നേരെ ഡ്രൈവറുടെ ഭീഷണി. ആപ്പിൽ കാണിച്ച നിരക്കിന്റെ ഇരട്ടിയിലധികം തുക ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ കാറിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ വിവരങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പുലർച്ചെ 4:45-ഓടെയാണ് യുവതി എയർപോർട്ടിൽ നിന്ന് ഗുരുഗ്രാമിലെ വീട്ടിലേക്ക് ഊബർ ടാക്സി ബുക്ക് ചെയ്തത്. ഏകദേശം 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് ആപ്പിൽ കാണിച്ച തുക 625 രൂപയായിരുന്നു. എന്നാൽ യാത്ര അവസാനിച്ചപ്പോൾ ഡ്രൈവർ ആവശ്യപ്പെട്ടത് 1479 രൂപയാണ്. റാപ്പിഡോ ആപ്പിൽ ഇതേ ദൂരത്തിന് കാണിച്ച നിരക്കിന്റെ സ്ക്രീൻഷോട്ട് കാണിച്ചായിരുന്നു ഡ്രൈവർ ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. എന്നാൽ ഊബറിൽ ബുക്ക് ചെയ്ത യാത്രയ്ക്ക് റാപ്പിഡോയിലെ നിരക്ക് നൽകാനാകില്ലെന്ന് യുവതി വ്യക്തമാക്കി.
തുടർന്ന് ആപ്പിൽ കാണിച്ച യഥാർഥ തുകയായ 625 രൂപ യുവതി നൽകിയെങ്കിലും കൂടുതൽ പണം നൽകാതെ കാറിലുണ്ടായിരുന്ന ലഗേജ് എടുക്കാൻ ഡ്രൈവർ അനുവദിച്ചില്ല. കാറിന്റെ വാതിലുകൾ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ യുവതിയുടെ കൈയിൽ പിടിച്ച് തടയുകയും ചെയ്തു.
തുടർന്ന് ലഗേജുമായി വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഡ്രൈവർ പിന്തുടരുകയും വീടിന്റെ ഗേറ്റ് ബലമായി തുറക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി വീടിനുള്ളിൽ കയറി വാതിലടച്ചതോടെ ഡ്രൈവർ ഗേറ്റിൽ കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതു. ഊബറിന്റെ സുരക്ഷാ സഹായ സംവിധാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നു വന്നത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഗുരുഗ്രാം പൊലിസ് വിവരങ്ങൾ തേടി യുവത്തിയെ ബന്ധപ്പെടുകയായിരുന്നു. ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഊബർ കമ്പനിയും രംഗത്തെത്തി. യുവതിയുടെ യാത്രയ്ക്ക് കാരണക്കാരനായ ഡ്രൈവറെ സ്ഥിരമായി വിലക്കിയതായും പൊലിസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും ഊബർ അധികൃതർ വ്യക്തമാക്കി.
Tags : Threat Uber Driver Fare Car