പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കർണാടകയിലെയും ഉത്തർപ്രദേശിലെയും ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നു. കർണാടകയിൽ നടന്ന നാല് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിനെ പൂർണമായി പരാജയപ്പെടുത്തി ബിജെപി - ജെഡിഎസ് (എൻഡിഎ) സഖ്യം മുഴുവൻ സീറ്റുകളും തൂത്തുവാരി.
അതേസമയം, ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്ക് നടന്ന വോട്ടെണ്ണലിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ സമാജ്വാദി പാർട്ടി (എസ്പി) ബിജെപിയെ ഞെട്ടിച്ച് വൻ വിജയം കൊയ്തു. എന്നാൽ ഗോരഖ്പൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിൽ ഭരണകൂടം ബിജെപിക്ക് അനുകൂലമായി വോട്ടെണ്ണലിൽ അട്ടിമറി നടത്തുന്നുവെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടിയും സ്വതന്ത്ര സ്ഥാനാർത്ഥികളും വോട്ടെണ്ണൽ ബഹിഷ്കരിച്ചു.
കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി
കർണാടകയിലെ നാല് എംഎൽസി സീറ്റുകളിലേക്ക് ഒക്ടോബർ 23-ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയായി. മത്സരിച്ച ഒരു സീറ്റിൽ പോലും ജയിക്കാൻ ഭരണകക്ഷിയായ കോൺഗ്രസിന് കഴിഞ്ഞില്ല. ബിജെപി മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജെഡിഎസ് ഒരു സീറ്റിലും വിജയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകത്തിൽ ഉൾപ്പെടെ ബിജെപി സ്ഥാനാർഥിയാണ് വിജയക്കൊടി പാറിച്ചത്. ഇവിടെ ബിജെപിയുടെ ശശിൽ ജി. നമോഷി കോൺഗ്രസിന്റെ ശരണപ്പ മട്ടൂരിനെ പരാജയപ്പെടുത്തിയാണ് അഞ്ചാം തവണയും വിജയം നേടിയത്.
മോദിയുടെ തട്ടകമായ വാരണാസിയിൽ എസ്പിക്ക് ചരിത്ര വിജയം
ഉത്തർപ്രദേശിൽ അഞ്ച് ബിരുദധാരികളുടെയും ആറ് അധ്യാപകരുടെയും മണ്ഡലങ്ങളുൾപ്പെടെ 11 സീറ്റുകളിലേക്കാണ് വോട്ടെണ്ണൽ നടന്നത്. ഇതിൽ 55.24 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.
വാരണാസിയിൽ ബിജെപിയുടെ പ്രമോദ് കുമാർ മിശ്രയെ 4,898 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സമാജ്വാദി പാർട്ടിയുടെ ലാൽ ബിഹാരി യാദവ് മണ്ഡലം നിലനിർത്തിയത്. വാരാണസിയിൽ തിരിച്ചടിയുണ്ടായെങ്കിലും ലഖ്നൗ, മീററ്റ്-സഹാറൻപൂർ, ബറേലി-മൊറാദാബാദ് ടീച്ചേഴ്സ് മണ്ഡലങ്ങളിലും മീററ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിലും ബിജെപി വിജയം കൊയ്തു.
ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം ഭരണകൂടവും ഉദ്യോഗസ്ഥരും ഇടപെട്ട് ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടെണ്ണൽ അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്പി സ്ഥാനാർത്ഥി സഞ്ജയൻ ത്രിപാഠിയും സ്വതന്ത്ര സ്ഥാനാർത്ഥി രാജീവ് യാദവും വോട്ടെണ്ണൽ കേന്ദ്രം ബഹിഷ്കരിച്ചു. വോട്ടർപട്ടികയിൽ 30 ശതമാനത്തോളം വ്യാജ പേരുകൾ തിരുകിക്കയറ്റിയെന്ന് എസ്പി സ്ഥാനാർത്ഥി ഡാനിഷ് അക്തറും ആരോപിച്ചു.
*എന്താണ് ദ്വിമണ്ഡലസഭ
ഇന്ത്യയിൽ ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ സംവിധാനമുള്ളത്. ജനങ്ങൾ നേരിട്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭയ്ക്ക് പുറമെ, സമഗ്രവും കുറ്റമറ്റതുമായ നിയമനിർമാണവും ഭരണനിർവഹണവുമാണ് ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ ലക്ഷ്യം
ബിരുദധാരികളും അധ്യാപകരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന സമൂഹങ്ങളുടെ ശബ്ദം സഭയിൽ ഉറപ്പാക്കാനുമാണ് ഈ ഉപരിസഭ നിലകൊള്ളുന്നത്. രാജ്യസഭയെപ്പോലെ പിരിച്ചുവിടപ്പെടാത്ത ഒരു സ്ഥിരം സഭയായതിനാൽ, ഓരോ രണ്ടു വർഷം കൂടുമ്പോഴും കൃത്യമായ ഇടവേളകളിൽ ഇവെടെ തിരഞ്ഞെടുപ്പുകൾ നടക്കുകയും പുതിയ അംഗങ്ങൾ സഭയുടെ ഭാഗമാവുകയും ചെയ്യുന്നു.
Tags : uttarpradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash