പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ട്രെയിനുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാത്രി 11 മണിക്കും പുലർച്ചെ അഞ്ച് മണിക്കും ഇടയിൽ മൊബൈൽ ഒരുകാരണവശാലും ചാർജ് ചെയ്യാൻ അനുവദിക്കരുതെന്ന് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും കർശന നിർദേശം നൽകി. ഈ സമയങ്ങളിൽ ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി ബന്ധം നിർബന്ധമായും വിച്ഛേദിക്കണമെന്നാണ് ഉത്തരവ്.
സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ മുംബൈ ലോക്കൽ ട്രെയിനിൽ ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ കറുത്ത പുക പടർന്ന സംഭവത്തെ തുടർന്നാണ് ഈ നീക്കം. ഒക്ടോബർ 26-ന് റെയിൽവേ ബോർഡ് അയച്ച കത്തിൽ, ഈ നിയമത്തിൽ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പല ട്രെയിനുകളിലും ജീവനക്കാർ നിർദിഷ്ട സമയത്ത് ചാർജിംഗ് സംവിധാനം ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആറ് മണിക്കൂർ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകും. ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും ട്രെയിനുകളിൽ മിന്നൽ പരിശോധന നടത്തും. സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാകും. ്
2014 ജൂൺ 19-നാണ് ഈ നിയമം ആദ്യമായി റെയിൽവേ കൊണ്ടുവന്നത്. ബെംഗളൂരു-ഹുസൂർ സാഹിബ് നന്ദേദ് എക്സ്പ്രസിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. 2021 മാർച്ച് 16 മുതൽ വെസ്റ്റേൺ റെയിൽവേ ഇത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു.
രാത്രികാല യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്ത് സൂക്ഷിക്കാൻ യാത്രക്കാർക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
Tags : MobileRecharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash