ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവും വാഹന ഉടമയുമായ അഡിഷണല്‍ ജില്ലാ ജഡ്ജിയുടെ ആലുവയിലെ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് കേസ് അന്വേഷിക്കുന്ന സംഘം ഫ്‌ളാറ്റിലെത്തിയത്. രാത്രി ഒമ്പതോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ മൂന്നരയ്ക്ക് ശേഷമാണ് പൂര്‍ത്തിയായത്.
ഹൈക്കോടതി അനുമതിയോടെയായിരുന്നു പരിശോധന. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ ഉപകരണങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പതിനേഴുകാരന്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അടക്കമുള്ളവരില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നതോടെ ജഡ്ജിയെ അന്വേഷണസംഘം ചോദ്യം ചെയ്യും. നിലവില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാനായി പൊലിസ് കോടതിയെ സമീപിച്ചിട്ടുണ്ട്.