കേരള ഹൈക്കോടതി (File Photo)
കൊച്ചി: വിജിലന്‍സിലെ രഹസ്യ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പൊതുതാത്പര്യ ഹര്‍ജി.
വിജിലന്‍സ് മുന്‍ ലീഗല്‍ അഡ്വൈസര്‍ അഡ്വ. പി.കെ. മുരളീകൃഷ്ണനും ആര്‍ടിഐ കേരള ഫെഡറേഷന്‍ എന്ന സംഘടനയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഉത്തരവില്‍ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം.
ടി സെക്ഷനുകളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിലവില്‍ കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് ടി സെക്ഷനുകളിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു. ഇത് തടയുന്നതാണ് പുതിയ ഉത്തരവ്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജികളും എത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് വിവരാവകാശ നിയമത്തിന്‍റെ അന്തസ് തകര്‍ക്കുമെന്ന് ഹര്‍ജികളില്‍ പറയുന്നത്.
Tags : RTI Vigilance Information Confidential Petition Stay