പി. രാജീവ് (File Photo)
കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലിസിന്‍റെ ഭാഗത്തു നിന്നും ഗൗരവമായ വീഴ്‌ചയുണ്ടായതായി മുൻമന്ത്രി പി. രാജീവ്. പതിനേഴുകാരന്‍റെ ജാമ്യം നിഷേധിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ പൊലിസ് വേണ്ട ഇടപെടൽ നടത്തിയിട്ടില്ല. ഓരോ സ്റ്റേഷനിലും ആഭ്യന്തരമന്ത്രി എസ്ഐയായി ചുമതലയേൽക്കണ്ട സാഹചര്യമാണെന്നും പി. രാജീവ് പരിഹസിച്ചു.
അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് പി. രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആളുകളെല്ലാം പ്രതിഷേധത്തിലാണ്, പുറത്തേക്ക് വിട്ടാൽ പ്രതിയുടെ ജീവന് ഭീഷണിയാകുമെന്ന് പറഞ്ഞാൽ തന്നെ ജാമ്യം നിഷേധിക്കും.
അങ്ങനെ ജാമ്യം നിഷേധിക്കാൻ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. സാധാരണക്കാർക്ക് ഒരു നീതിയും പണവും സ്വാധീനവും ഉള്ളവർക്ക് മറ്റൊരു നീതി എന്ന തരത്തിലേക്ക് പൊലിസ് സംവിധാനം മാറി. കുടുംബം ഇപ്പോഴും വലിയ ആശങ്കയിലാണ്.
ജയബാലകൃഷ്ണന്‍റെ ജീവിതം മക്കൾക്ക് വേണ്ടിയായിരുന്നു. കുടുംബത്തിന് ഇപ്പോഴും പൂർണ വിശ്വാസമായിട്ടില്ല. ജഡ്‌ജിക്ക് പൊലിസ് സഹായം ലഭിച്ചു എന്നത് പകൽപോലെ വ്യക്തമാണ്. നാട്ടിൽ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നത് എന്നും പി. രാജീവ് പറഞ്ഞു.
Tags : CheranalloorAccident PRajeev Allegation Police Accident