National
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ നിയമസഭയിൽ മദ്യപിച്ചെത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നാടകീയ സംഭവങ്ങൾക്കിടയാക്കി. വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്ന് ആരോപണം ഉയർന്നത്.
മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒരു കോൺഗ്രസ് എംഎൽഎയാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.
ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മദ്യലഹരിയിലാണ് സഭയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വയും ഇത് ഏറ്റുപിടിച്ചു. സത്യാവസ്ഥ അറിയാൻ സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും എംഎൽഎമാരും ബ്രത്ത് അനലൈസർ പരിശോധനയ്ക്കോ വൈദ്യപരിശോധനയ്ക്കോ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. തുടർന്ന് ആംആദ്മി എംഎൽഎമാരും മുദ്രാവാക്യം വിളിച്ചു. ഇതോടെ സമ്മേളനം ബഹളത്തിൽ കലാശിച്ചു.
National
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി. ഭഗവന്ത് സിംഗ് മൻ നിയമസഭയിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് അവർ ആരോപിച്ചു.
സഭയിൽ ഭഗവന്ത് സിംഗ് മൻ സംസാരിക്കുന്ന വീഡിയോ സഹിതം പങ്കുവെച്ചാണ് സ്വാതി മലിവാൾ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി മെഡിക്കൽ പരിശോധനയ്ക്ക് തയാറാകണമെന്നും തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു.
എഎപിയുടെ രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാൾ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എഎപി മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ മനുഷ്യൻ മദ്യപിച്ചാണ് ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോകുന്നത്.
മദ്യപിച്ചാണ് സർക്കാർ യോഗങ്ങളിൽ പങ്കെടുക്കുന്നത്. ലഹരിയിൽ ആയിരിക്കുമ്പോൾ ഫയലുകൾ ഒപ്പിടുന്നു. എന്തൊരു നാണക്കേടാണിത്. ഉറക്കത്തിൽ മാത്രം മദ്യം ഒഴിവാക്കുന്ന ഒരാൾക്ക് എങ്ങനെ പഞ്ചാബ് ഭരിക്കാനാകുമെന്നും സ്വാതി മലിവാൾ ചോദിച്ചു.
Kerala
പാലക്കാട്: എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്' ആരോപണത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് നൽകി. പരാതി ലഭിച്ച് മണിക്കൂറുകൾക്കകമാണ് അതിവേഗം അന്വേഷണം നടത്തി കളക്ടർ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചത്. വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
Kerala
ആലപ്പുഴ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്നാണ് തോമസ് കെ. തോമസ് ആരോപിക്കുന്നത്.
തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായാണ് പണം കൊടുത്തതെന്നും തോമസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചെയ്യുന്നത് നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉള്ളതുകൊണ്ട് പച്ചമലയാളത്തിൽ പറയുന്ന ഭാഷ പറയുന്നില്ല.
അന്തസ്സ് ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചു ജയിക്കണം. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥി.
എൻസിപിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻസിപിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.
യുഡിഎഫുകാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി.ജെ. ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തികൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്തോളം സീറ്റിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു. കുറച്ച് വോട്ടു കിട്ടാൻ സിപിഎം വർഗീയ കക്ഷികളുമായി കൂട്ടുചേരില്ല.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണ്. കോലിബീ സഖ്യം അടക്കമുള്ള കാര്യങ്ങള്‍ വോട്ടർമാർ മറന്നിട്ടില്ല. 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് വോട്ടിന് ഇടിവുണ്ടായെന്നും നേമത്തെ അന്നത്തെ ബിജെപിയുടെ ജയം ഡീലിന്റെ ഭാഗമാണെന്നും പിണറായി ആരോപിച്ചു.
മറ്റൊരു നേതാവിന് ജയിക്കാൻ ഉണ്ടാക്കിയ ഡീലായിരുന്നു അത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ പടക്കം പൊട്ടിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസുകാർ. എന്നാൽ ഈ കേസിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പുതിയ നടപടികൾ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയായി.
ഡൽഹിയിൽ ബിജെപിയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ബിടീം ആയി കോൺഗ്രസ് അധഃപതിച്ചു. സമാനമായ കാഴ്ചയാണ് ഹരിയാനയിലും ബീഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ. മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടാകൾ കൈയിലുണ്ടെന്നും ബിന്ദു പറഞ്ഞു.
ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ബിന്ദു മേനോൻ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നിൽ തനിക്ക് എതിരെ ഗണേഷ് കുമാർ പറഞ്ഞതു കേട്ടിട്ടാണ് താൻ എല്ലാം തുറന്ന് പറയുന്നെതെന്നും ബിന്ദു ഒരു വാർത്താ ചാനലിനോടു വ്യക്തമാക്കി.
"മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാൻ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ അന്ന് എടുത്തിരുന്നു. ആ ഫോട്ടോകൾ എല്ലാം കൈയിൽ ഉണ്ട്.'-ബിന്ദു പറഞ്ഞു.
വാളകത്തെ വീട്ടീൽ വച്ച് വളരെ മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. അന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാൻ ശ്രമിക്കാതെ വാതിൽ അടച്ചു. ബിജെപി കൗൺസിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിർദേശ പ്രകാരമാണ് പോലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോൻ പറഞ്ഞു.
പോലീസിനെ വിളിച്ചതിന് പിന്നാലെ മന്ത്രിക്കൊപ്പം കണ്ട ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ മന്ത്രി മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളിൽ മുന്നിൽ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവർ വ്യക്തമാക്കി.
ആ ദിവസം സാറിന് തെറ്റ് പറ്റിപ്പോയി എന്ന് സ്റ്റാഫുകൾ പറഞ്ഞു. ക്ഷമിക്കാനും ആവശ്യപ്പെട്ടു. ഒത്തുതീർപ്പിനും ശ്രമമുണ്ടായി. മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചത് സഹായിയായ ശാന്തൻ ആണ്. പ്രദീപ് ആണ് വാതിൽ അടച്ചത്.
സഹായിയായ ശാന്തൻ ആണ് സ്ത്രീയെ കാറിൽ കയറ്റി കൊണ്ട് പോയത്. തനിക്ക് വട്ടെന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് വിശദീകരണം നടത്തുന്നത്. വീട്ടിൽ കണ്ടതിന് എല്ലാം തെളിവുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ മകളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു പറഞ്ഞു.
Kerala
കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ് ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.
വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്.
Kerala
കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച കെഎസ്യു നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പരാമർശം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
ദേശീയ നേതാവ് പാരവച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ദേശീയ നേതാവിനെയും പിഎയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തzരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളുവെന്നും സിപിഎമ്മിനെ സുഖിപ്പിച്ചു ലോകസഭ ജയിക്കും, പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിൽക്കുമെന്നും അൻവർ കുറ്റപ്പെടുത്തി.
Movies
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.
‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും.
അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’’–ബാദുഷയുടെ വാക്കുകൾ.
‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ബാദുഷയെ വിളിച്ചിരുന്നോ? എന്ന യുട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പറഞ്ഞത്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയർന്നപ്പോൾതന്നെ ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരു പരാതിയും ലഭിക്കാതെതന്നെ പാർട്ടി അടിയന്തരനടപടികൾ സ്വീകരിച്ചെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
രാഹുലിനെ ഉടനടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. അതുകഴിഞ്ഞു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കെപിസിസി പ്രസിഡന്റിനു കഴിഞ്ഞദിവസം പരാതി ലഭിച്ച ഉടൻ അതു ഡിജിപിക്ക് അയച്ചുകൊടുത്തു. അതാണ് ആ കാര്യത്തിൽ ശരിയായ നടപടിക്രമം. പരാതി ആർക്കുകിട്ടിയാലും നിയമപരമായി പോലീസിൽ റിപ്പോർട്ട് ചെയ്യണം. ആ നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. രാഹുലിനെതിരേ കൂടുതൽ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അതീവഗൗരവമായിട്ടാണു വിഷയം പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഞങ്ങൾക്ക് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. ഈ വിഷയത്തിൽ എന്റെ നിലപാടെന്തെന്നു തുടക്കംമുതൽ കേരളത്തിലെ ജനങ്ങൾക്കറിയാം. കോടതി രാഹുലിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ വിഷയത്തിൽ കോടതി എന്തു തീരുമാനമെടുക്കുമെന്നു നോക്കിക്കൊണ്ടിരിക്കുകയാണ്.
അതിനുശേഷം പാർട്ടി നേതൃത്വം ആലോചിച്ചു യുക്തമായ തീരുമാനമെടുക്കും. പീഡനവിഷയത്തിൽ കുറ്റക്കാരെ ഒരുതരത്തിലും സംരക്ഷിക്കാത്ത കോണ്‍ഗ്രസിന്റെ സമീപനവും കുറ്റക്കാരെ സന്പൂർണമായി സംരക്ഷിച്ച് ഇരകളെ നിർദാക്ഷിണ്യം തഴയുന്ന സിപിഎമ്മിന്റെ സമീപനവും കേരളത്തിലെ ജനങ്ങൾ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചു രമേശ് ചെന്നിത്തലയുടെ പ്രതികരണംതേടിയ മാധ്യമപ്രവർത്തകരെ കൈയേറ്റംചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകർ. ആവശ്യമുള്ള ചോദ്യംചോദിച്ചാൽ മതി, പണംവാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് തുടങ്ങിയ ആരോപണങ്ങളുമായാണ് മാധ്യമപ്രവർത്തകർക്കുനേരേ കൈയേറ്റശ്രമമുണ്ടായത്.
Kerala
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണു നിയമനടപടിക്കു മുതിരുന്നത്.
എംപി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇതു സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്കു കൈമാറിയിട്ടുണ്ട്.
പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്.
പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിനു നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്കു തിരികെ കയറ്റിയത്.
ഇയാള്‍ അത്ര നല്ല ട്രാക്ക് റിക്കാര്‍ഡ് ഉള്ള ഉദ്യോഗസ്ഥനല്ല. ദുരുദ്ദേശ്യപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്കു കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നല്‍കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്കു പരാതി നല്‍കിയിരുന്നു.
Movies
തനിക്കെതിരെ പുറത്തുവന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടന് അജ്മല്‍ അമീര്‍. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്നും എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നും അജ്മൽ പറഞ്ഞു.
ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അജ്മല്‍ പറഞ്ഞു.
അജ്മല്‍ അമീറിന്റെ വാക്കുകള്‍
വ്യാജമായി ഉണ്ടാക്കിയ ഒരു കഥയ്ക്കും എഐ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ശബ്ദ സന്ദേശത്തിനും എന്നെയും എന്റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിയിച്ച് സര്‍വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍.
കൃത്യമായി ഒരു മാനേജറോ ഒരു പിആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്റെ ഫാന്‍സുകാര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു.
എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച എല്ലാവര്ക്കും ഒരായിരം നന്ദി.’
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്റെ വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോള്‍ റിക്കോഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്.
തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതൊന്നും താന്‍ അറിയേണ്ടെന്നും താന്‍ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മല്‍ പറയുന്നുണ്ട്.
2007-ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.