Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CheranalloorAccident

ചേരാനല്ലൂര്‍ അപകടം: പൊലിസിന്‍റെ വീഴ്ച അന്വേഷിക്കും, എഡിജിപി ചേരാനല്ലൂരില്‍

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി എഡിജിപി പി. വിജയന്‍ കൊച്ചിയിലെത്തി. പൊലിസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെ കാണുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരൊക്കെയാണ് കാരണക്കാര്‍ എന്ന് പരിശോധിക്കാനാണ് എത്തിയിരിക്കുന്നത്. ജയബാലകൃഷ്ണന്‍റെ കുടുംബാംഗങ്ങളെയും എല്ലാവരെയും കാണും. ഇവിടെ ജഡ്ജ് എന്നോ പൊലിസ് എന്നോ ഉള്ള വ്യത്യാസങ്ങള്‍ ഒന്നുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.

പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ പിതാവിനെ സസ്‌പെന്‍ഡ് ചെയ്യണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളാണ് ജയബാലകൃഷ്ണന്‍റെ കുടുംബം ഉന്നയിക്കുന്നത്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കുടുംബമുള്‍പ്പെടെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടര്‍ വാഹന നിയമം 199 അനുസരിച്ച് കേസ് എടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലിസ് കടുത്ത നടപടയിലേക്ക് കടന്നത്. തുടര്‍ന്ന് കുറ്റകരമായ നരഹത്യ ചുമത്തി, പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News

Corehub Up