ചേരാനെല്ലൂരിൽ അപകടത്തിനിടയായ കാർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പൊലിസ്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലിസ് അപേക്ഷ നല്‍കി. കാറുടമയും പതിനേഴുകാരന്‍റെ പിതാവുമായ അഡീഷണല്‍ ജില്ല ജഡ്ജിയെ ചോദ്യം ചെയ്തു.
ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റില്‍ എത്തിയാണ് അന്വേഷണ സംഘം ജഡ്ജിയെ ചോദ്യം ചെയ്തത്. തന്‍റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം 199 എ പ്രകാരമാണ് കേസ്.
മൂന്നു വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്.
ദുര്‍ബല വകുപ്പുകള്‍ ചുമത്തി പതിനേഴുകാരനെ പൊലിസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതും വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസ് എടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്‍റെ കുടുംബം പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തി. പിന്നാലെയാണ് കുറ്റകരമായ നരഹത്യ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : CheranalloorAccident Cheranalloor Accident Police Bail