സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ 18 കാരിയായ യുവതിയെ കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് പ്രതാപ്ഗഡ് സ്വദേശി ജിതു കിഷോരിലാൽ സരോജാണ് (30) പിടിയിലായത്. പൂനയിലെ കാത്രാജ്-കൊണ്ട്വ റോഡിലെ വിദ്യാഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
സുഹൃത്തായ മാൻസി ഗെയ്ക്വാദിനെ കാണാനായി സുകർസാഗർ നഗറിന് സമീപമുള്ള സമർഥ് ഡെയ്റിക്കു മുന്നിൽ എത്തിയതായിരുന്നു യുവതി. സുഹൃത്തിനായി കാത്തുനിൽക്കുന്നതിനിടെയാണ് ജിതു ഇവിടേക്ക് എത്തിയത്.
ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ മാൻസി സ്ഥലത്തെത്തുകയും പ്രതിയെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മാൻസിയുടെ ബന്ധുക്കളായ ശീതൾ ഗെയ്ക്വാദ്, വിഷ്ണു മോറെ എന്നിവരും സ്ഥലത്തെത്തി. ഇതിനിടെ ജിതു വിഷ്ണു മോറെയുടെ മൊബൈൽ ഫോൺ പിടിച്ച് നിലത്തേക്ക് എറിഞ്ഞ് തകർത്തു.
യുവതിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടുകയും ചോദ്യം ചെയ്യുന്നതിനിടെ കൈയേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്ക് ഉത്തർപ്രദേശിലും സമാനമായ രീതിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പശ്ചാത്തലമുണ്ടെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.