മല്ലികാർജുൻ ഖാർഗെ, അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായ തോതിൽ വോട്ട് തിരിമറി നടക്കുന്നുവെന്നും പൗരന്മാരുടെ വോട്ടവകാശം ഹനിക്കപ്പെടുന്നുവെന്നും ആരോപിച്ച് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മെഗാ റാലി സംഘടിപ്പിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തിങ്കളാഴ്ച ഈ വിവരം പുറത്തുവിട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സർക്കാരിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം ഉടൻ നിർത്തിവെക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
അതേസമയം, വോട്ടർ പട്ടിക പുനരവലോകനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വ്യാജ പ്രചാരണങ്ങളും അരാജകത്വവുമാണ് ഉണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ രണ്ടിന് തെലങ്കാനയിൽ ബിജെപിയുടെ പദയാത്രയ്ക്ക് നേതൃത്വം നൽകുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാംചന്ദർ റാവു അറിയിച്ചു.
Tags : MallikarjunKharge #mallikarjunkharge AmitSHa ChiefElectionCommissioner LatestNews