പ്രതീകാത്മക ചിത്രം
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണബ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 53 ട്രെയിനുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതിനാൽ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത ശക്തമാക്കി.
നിലവിൽ പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിയുമെന്നാണ് പ്രവചനം. ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
നിലവിൽ ഒഡീഷയിലെ ഗോപാൽപുരിൽനിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്തുനിന്ന് 650 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിലും ചില ഘട്ടങ്ങളിൽ 140 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പില്ല.
Tags : Cyclone Cyclone Arnab 53 Trains Cancelled Cyclone Alert Train Services Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews