പി.പി. ദിവ്യ
കണ്ണൂര്‍: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുമായുമായി ബന്ധപ്പെട്ട കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇടപാടിൽ ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും പങ്കുണ്ടെന്നു കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്.
കണ്ണൂർ ഡിസിസിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ടതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം, വാട്സ്ആപ്പ് സ്ക്രീൻ ഷോട്ട് എന്നിവ മുഹമ്മദ് ഷമ്മാസ് പുറത്തുവിട്ടു.
പി.പി. ദിവ്യ ഇടപാടുമായി ബന്ധപ്പെട്ട് മറ്റൊരാളുമായി നടത്തിയ വാട്സാപ്പ് ചാറ്റാണ് ഇതെന്നാണ് മുഹമ്മദ് ഷമ്മാസ് അവകാശപ്പെടുന്നത്. ആസിഫ് പൈസ തരും, മൂന്നു ലക്ഷം രൂപയാണ്, വൈസിന് കൊടുത്തോ, പ്രസിഡന്റ് പറഞ്ഞതാണ് എന്ന് പറഞ്ഞാല്‍ മതി തുടങ്ങിയ കാര്യങ്ങളാണ് സ്ക്രീൻ ഷോട്ടിലുള്ളത്.
വൈസ് എന്ന് ഉദ്ദേശിച്ചത് അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് കുര്യനാണെന്നും വിജിലൻസ് കേസിൽ അദ്ദേഹത്തെയും പ്രതിചേർക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.
എനിക്കെതിരേ ബിനാമി കമ്പനി ഉടമയായ മുഹമ്മദ് ആസിഫും പി.പി. ദിവ്യയും വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് വിഷയത്തെ വഴിതിരിച്ച് വിടാൻ ശ്രമിക്കേണ്ടതില്ലെന്നും ഷമ്മാസ് പറഞ്ഞു.
അടിസ്ഥാനരഹിതം:ബിനോയ് കുര്യൻ
കണ്ണൂർ: കാർട്ടൻ ഇന്ത്യ കമ്പനിക്കു നിർമാണ കരാർ നൽകിയതിൽ ജില്ലാ പഞ്ചായത്തിനു പങ്കില്ലെന്നും മുഹമ്മദ് ഷമ്മാസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ.
മാനദണ്ഡപ്രകാരമല്ലാതെയോ ടെൻഡർ നടപടികളില്ലാതെയോ ഒരു പ്രവൃത്തിയും ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
Tags : MuhammedShammas BinoyKurian CartoonIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash