സുപ്രീംകോടതി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒമ്പതു കോടി വോട്ടർമാരിൽ മൂന്നു കോടിയോളം പേരെ കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതികരണം തേടി സുപ്രീംകോടതി.
1.22 കോടി വോട്ടർമാരെ ലോജിക്കൽ ഡിസ്ക്രെപൻസി (യുക്തിസഹമല്ലാത്ത പൊരുത്തക്കേടുകൾ) എന്ന കാരണം ചൂണ്ടിക്കാട്ടിയാണു നീക്കം ചെയ്തതെന്ന ഹർജിക്കാരുടെ വാദം കോടതി കണക്കിലെടുത്തു.
അതേസമയം, കരട് വോട്ടർപട്ടികയ്ക്കെതിരേ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടാനോ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതു തടയാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ സുപ്രീംകോടതി തയാറായില്ല.
തെരഞ്ഞെടുപ്പു കമ്മിഷന്റെ വാദം കൂടി കേട്ടശേഷം ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 16നാണു പ്രഖ്യാപിക്കേണ്ടത്. പൂന, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പുനർവികസന പദ്ധതികളെത്തുടർന്ന് വോട്ടർമാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിയെ കണ്ടെത്താനായില്ല എന്ന കാരണം പറഞ്ഞ് പലരുടെയും പേരുകൾ വെട്ടിമാറ്റിയാതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
Tags : SupremeCourt Notice ElectionCommission SIR VotterPattika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash