കാലാവസ്ഥാ വ്യതിയാനം നേരിടാൻ കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം.
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനവും എൽ നിനോ ഉൾപ്പെടയുള്ള പ്രതിഭാസങ്ങളും കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ സംസ്ഥാനതല മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കും. കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, നബാർഡ് എന്നിവയെ ഏകോപിപ്പിച്ചാകും യൂണിറ്റിന്റെ പ്രവർത്തനം. ഹ്രസ്വകാല, ദീർഘകാല പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കാനും നിലവിലുള്ള ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കാനും യോഗത്തിൽ തീരുമാനമായതായി കൃഷി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ജലസ്രോതസുകളുടെ സംരക്ഷണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, മഴവെള്ള സംഭരണം, ഡ്രിപ്പ് ഇറിഗേഷൻ, ജലസംഭരണ കിണറുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കാർഷിക മേഖലയിൽ ഹരിതാവരണം വർധിപ്പിച്ച് മണ്ണിലെ ഈർപ്പം നിലനിർത്താനും കടുത്ത വെയിലിന്റെ ആഘാതം കുറയ്ക്കാനുമുള്ള നടപടികളും കർമപദ്ധതിയിൽ ഉൾപ്പെടുത്തും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ കുട്ടനാടിന് പ്രത്യേക പരിഗണന നൽകും. ജലവിഭവ, റവന്യൂ വകുപ്പുകളുമായി കൂടിയാലോചിച്ച് പ്രത്യേക ദൗത്യം രൂപപ്പെടുത്തും.
സംസ്ഥാനത്ത് നിലവിൽ 28 ശതമാനം മഴക്കുറവുണ്ടെന്നും ചിലയിടങ്ങളിൽ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജലക്ഷാമവും താപനില വർധനയും കണക്കിലെടുത്ത് അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം യോഗത്തിൽ നിർദേശിച്ചു.
വെള്ളപ്പൊക്ക പ്രതിരോധം, ജലനിർഗമനം, ബണ്ട് സംരക്ഷണം, കാർഷിക കലണ്ടർ എന്നിവയ്ക്കും മുൻഗണന നൽകും. തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, റവന്യു മന്ത്രി എ.പി. അനിൽകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്തുതലത്തിൽ പദ്ധതികൾ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ യോഗം ചേർന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തും. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് ജില്ല, പഞ്ചായത്ത് തലങ്ങളിൽ പദ്ധതികൾ തയാറാക്കും. പ്രവർത്തനങ്ങളുടെ പുരോഗതി സംസ്ഥാനതലത്തിൽ വിലയിരുത്താനും തീരുമാനിച്ചു.
Tags : MonitoringUnit StateLevel Phenomena ElNino AgriculturalSector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash