പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തികകാര്യങ്ങളും വിലയിരുത്തുന്നതിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) ഉന്നതതല സംഘത്തിന്റെ പദ്ധതി അവലോകനയോഗം ആരംഭിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി. പ്രിയങ്കയുടെ അധ്യക്ഷതയില്‍ കോര്‍പറേറ്റ് ഓഫീസില്‍ എഐഐബി പ്രതിനിധികളും കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാരംഭ യോഗത്തോടെയാണു പദ്ധതി അവലോകനം ആരംഭിച്ചത്.
കലൂര്‍ ജഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷന് മുതല്‍ കാക്കനാട് വരെയുള്ള പദ്ധതിയുടെ നിലവിലെ പുരോഗതി, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, തൊഴിലാളികളുടെ സുരക്ഷ, കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
ഫണ്ട് വിനിയോഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, വായ്പാവിനിയോഗ കാലാവധി തുടങ്ങിയവയും അവലോകനം ചെയ്തു. മെട്രോ രണ്ടാംഘട്ട നിര്‍മാണ സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും. എഐഐബി ധനസഹായത്തോടെ രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ഗതാഗതസൗകര്യങ്ങള്ക്കു വലിയ മുന്നേറ്റമുണ്ടാകും.
എഐഐബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിന് അറോറ, കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാം നവാസ്(പ്രോജക്ട്സ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക് (ഫിനാന്‍സ്), മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags : KochiMetro ReviewMeeting Metro Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash