ഭദ്രകീർത്തിയും അപടത്തിൽ മരിച്ച ജയബാലകൃഷ്ണനും
കൊച്ചി: അച്ഛനു നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണണന്റെ മകള്‍ ഭദ്രകീർത്തി. ഹൈദരാബാദില്‍ വച്ചാണു താൻ വാര്‍ത്ത അറിയുന്നതെന്നും അപ്പോള്‍ മുതല്‍ അച്ഛനു നീതി കിട്ടാനുള്ള നെട്ടോട്ടത്തിലാണെന്നും ഭദ്രകീർത്തി പറഞ്ഞു.
17 വയസുകാരനായ പ്രതി ജഡ്ജിയുടെ മകനായതാണു പ്രശ്നം. അതുകൊണ്ടാണു നടപടി എടുക്കാന്‍ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉള്ളൂ ഇതാണ് പൊലിസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടുവെന്നും ഭദ്രകീർത്തി പറഞ്ഞു.
ഇത്രയും നാള് അച്ഛന് ഞങ്ങള്ക്കുവേണ്ടിയാണു ജീവിച്ചത്. സന്തോഷം എന്താണെന്നുപോലും അറിയാതെ അച്ഛൻ പോയി. അച്ഛനു നീതി എപ്പോള്‍ കിട്ടുമോ അന്നുവരെ പോരാട്ടം തുടരാനാണു തീരുമാനമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി കൊടുക്കും.
കുറ്റക്കാരായ പൊലിസുകാരടക്കം എല്ലാവര്‍ക്കുമെതിരേ നടപടിയെടുക്കണം. തന്റെ അച്ഛന്റെ മൃതദേഹം കിട്ടുന്നതിനുമുന്പ് ഈ പ്രതിയെ കിട്ടിയിട്ടുപോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ? ഭദ്രകീർത്തി ചോദിച്ചു.
Tags : Bhadrakeerthi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Accident