പ്രതീകാത്മക ചിത്രം
കൊച്ചി: ശബരിമല ശ്രീകോവിൽ കട്ടിളപ്പാളി സ്വർണക്കൊള്ള കേസിലെ പ്രതികൾക്കെതിരേ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം നൽകണമെന്നു ഹൈക്കോടതി. ഇതിനുള്ള നപടികൾ വേഗത്തിലാക്കാനും പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) ജസ്റ്റീസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശം നൽകി.
കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം നൽകാനാകുന്നില്ലെന്ന് എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി എസ്. ശശിധരൻ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നിർദേശം. ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിന്റെ അന്വേഷണവും പ്രോസിക്യൂഷൻ അനുമതി നടപടികളും മുൻ ഉത്തരവുപ്രകാരം നവംബർ 25നകം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായി സർക്കാരിൽനിന്ന് പ്രോസിക്യൂഷൻ അനുമതി തേടേണ്ടതുണ്ട്. വസ്തുതാറിപ്പോർട്ടും കുറ്റപത്രത്തിന്റെ കരടും തയറായെങ്കിലും ഇതിനൊപ്പം ചേർക്കേണ്ട അസി. ലീഗൽ അഡ്വൈസറുടെ നിയമോപദേശം ലഭ്യമായിട്ടില്ല. ഈ തസ്തികയിൽ നിയമനം നടന്നിട്ടുണ്ടെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥ ചുമതലയേറ്റിട്ടില്ല. അതിനാലാണു നടപടികൾ വൈകുന്നതെന്നും എസ്പി വ്യക്തമാക്കി.
അസി. ലീഗൽ അഡ്വൈസർ ഉടൻ ചുമതലയേൽക്കുമെന്ന് ഉറപ്പാക്കുമെന്നും നിയമോപദേശം വേഗത്തിൽ ലഭ്യമാക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു. തുടർന്നാണ് അനുമതി ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കണമെന്നു ദേവസ്വംബെഞ്ച് നിർദേശിച്ചത്. ഹർജി വീണ്ടും നവംബർ പത്തിന് പരിഗണിക്കും.
Tags : ChargeSheet Filed Immediately KeralaHighCourt SIT Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash