തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവ. ലുലയുടെ ഭാര്യ റോസാംഗേല ഡാ സിൽവയും (ഇടത്ത്) വൈസ് പ്രസിഡന്റ് ജെറ
ബ്രസീലിയ: ബ്രസീലിൽ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡാ സിൽവ അട്ടിമറി ജയത്തോടെ ഭരണം നിലനിർത്തി. ഇന്നലെ നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവും മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകനുമായ ഫ്ലാവിയോ ബോൾസൊനാരോയെയാണു തോൽപ്പിച്ചത്. പിതാവിന്റെ പാത പിന്തുടർന്ന ഫ്ലാവിയോ പരാജയം സമ്മതിക്കാൻ കൂട്ടാക്കിയിട്ടില്ല. ലുലാ മൊത്തത്തിൽ നാലാം വട്ടവും തുടർച്ചയായ രണ്ടാം വട്ടവുമാണു ബ്രസീൽ പ്രസിഡന്റാകുന്നത്.
ഈ മാസം നാലിനു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ ഫ്ലാവിയോയെ ലുലാ രണ്ടാം ഘട്ടത്തിൽ തോൽപ്പിച്ചത് അപ്രതീക്ഷിതമായി. ഒന്നാം ഘട്ടത്തിൽ ഫ്ലാവിയോയ്ക്ക് 47ഉം ലുലയ്ക്ക് 45ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. ഇന്നലെ രണ്ടാം ഘട്ടത്തിൽ ലുലായുടെ വോട്ട് വിഹിതം 51.79 ശതമാനമായി ഉയർന്നു. ഫ്ലാവിയോയ്ക്ക് 48.21 ശതമാനം വോട്ട് ലഭിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് ഫ്ലാവിയോ അറിയിച്ചു. ലുലാ നിയമിച്ച സുപ്രീംകോടതി ജഡ്ജി വോട്ടെടുപ്പു സമയം രണ്ടു മണിക്കൂർ ദീർഘിപ്പിച്ചത് ക്രമക്കേടു നടത്താനാണെന്നു ഫ്ലാവിയോ ആരോപിച്ചു.
ഫ്ലാവിയോയുടെ അനുയായികൾ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഫ്ലാവിയോയുടെ പിതാവ് ജയിർ ബൊൾസൊനാരോ 2022ൽ ലുലായോടു തോറ്റിരുന്നു. അദ്ദേഹവും പരാജയം സമ്മതിക്കാൻ തയാറായില്ല. തുടർന്ന് ജയിറിനെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരും സൈനികരും ഭരണം പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ജയിർ ഇതുമായി ബന്ധപ്പെട്ട കേസിൽ 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.
ട്രംപിനു നിരാശ
അമേരിക്കൻ രാജ്യങ്ങളിൽ വലതുപക്ഷ നേതാക്കൾ വിജയിക്കുന്ന പ്രവണതയ്ക്കിടെയാണ് ഇടതു നിലപാടുകളുള്ള ലുലാ ഭരണം നിലനിർത്തിയത്. ലുലായുടെ വിജയം യുഎസിലെ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തും. ഫ്ലാവിയോ ബോൾസൊനാരോയുടെ വിജയത്തിനായി യുഎസ് വിദേശകാര്യ വകുപ്പ് പ്രചാരണം നടത്തിയിരുന്നു.
Tags : Brazil Election Lula da Silva Brazil Politics Brazilian President