ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്:ഇസ്രയേലിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. ഹമാസ് ഭീകരാക്രമണം, ഗാസ, ലബനൻ, ഇറാൻ യുദ്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഏറെ പ്രധാനപ്പെട്ടതാണ്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് എന്നിവരുടെ പ്രതിപക്ഷ കക്ഷികൾ നെതന്യാഹുവിനു കനത്തെ വെല്ലുവിളി ഉയർത്തുന്നു.
വെള്ളിയാഴ്ച പുറത്തുവന്ന അഭിപ്രായസർവേ ഫലങ്ങൾ പ്രകാരം ഭരണ, പ്രതിപക്ഷ കക്ഷികൾ ഒപ്പത്തിനൊപ്പമാണ്. ഇസ്രയേലിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിട്ടില്ല. കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കുന്നതിലെ മിടുക്കാണു ഭരണത്തിലേക്കു നയിക്കുന്നത്. വലതുപക്ഷ ലിക്കുഡ് പാർട്ടി നേതാവായ നെതന്യാഹു ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ്.
1996 മുതൽ മൂന്നു വ്യത്യസ്ത കാലയളവിലായി 19 വർഷമാണു ഭരിച്ചത്. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണം തടയാൻ കഴിയാതിരുന്നത് നെതന്യാഹുവിന്റെ വീഴ്ചയായി പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് വോട്ട് രേഖപ്പെടുത്താൻ വേണ്ടി മാത്രം ഏഴുപതിനായിരം ഇസ്രേലികൾ വിദേശത്തുനിന്നു നാട്ടിലെത്തിയിട്ടുണ്ട്. അര ലക്ഷം കന്നിവോട്ടർമാരുമുണ്ട്.
Tags : Israel Israel Election Benjamin Netanyahu Netanyahu Israeli Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews