ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇറാൻ വിരുദ്ധ യുദ്ധാന്തരീക്ഷവും തുടരുന്നതിനിടെ ഇസ്രയേൽ പാർലമെന്റായ നെസെറ്റിലെ 120 സീറ്റുകളിലേക്ക് നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കും. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന അഗ്നിപരീക്ഷയായിരിക്കും. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടുകെട്ടിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നെതന്യാഹു നേരിടുന്നത്.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം തടയുന്നതിലുണ്ടായ സുരക്ഷാ വീഴ്ചയും തുടർന്നുണ്ടായ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും നെതന്യാഹുവിന്റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. ഹമാസ് ആക്രമണത്തെ തുടർന്നുള്ള തിരിച്ചടികളും ഇറാന് നേരെയുള്ള സൈനിക നീക്കങ്ങളും വോട്ടാക്കി മാറ്റാനാണ് നെതന്യാഹു ശ്രമിക്കുന്നത്. താൻ അധികാരത്തിൽ വന്നില്ലെങ്കിൽ "രണ്ടാം ഹോളോകോസ്റ്റ്" നടക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നെതന്യാഹു നടത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണത്തിന് നെതന്യാഹു നടത്തിയ നീക്കങ്ങളെ ഇസ്രേലി പ്രതിരോധ സേന തടഞ്ഞതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ 'യഷാർ' പാർട്ടിയാണ് പ്രധാന എതിരാളി. ഒക്ടോബർ ഏഴിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഔദ്യോഗിക അന്വേഷണ കമ്മീഷൻ പ്രഖ്യാപിക്കൽ, സൈനിക സേവനത്തിൽ തുല്യത, വിലക്കയറ്റം തടയൽ തുടങ്ങിയവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഗാസ യുദ്ധത്തിൽ മകനെയും രണ്ട് അനന്തരവൻമാരെയും നഷ്ടപ്പെട്ട ഗാഡി ഐസൻകോട്ടിന് വൻ ജനപിന്തുണയാണുള്ളത്.
രാജ്യത്തെ ഒറ്റ മണ്ഡലമായി പരിഗണിച്ച് വോട്ടർമാർ രാഷ്ട്രീയ പാർട്ടികളുടെ ലിസ്റ്റിനാണ് വോട്ട് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണം. കുറഞ്ഞത് 3.25% വോട്ട് നേടുന്ന പാർട്ടികൾക്ക് മാത്രമാണ് പാർലമെന്റിൽ സീറ്റുകൾ വിഭജിച്ച് നൽകുക.
1948-ൽ ഇസ്രയേൽ നിലവിൽ വന്നതിന് ശേഷം ഇതുവരെ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്തതിനാൽ ഇത്തവണയും കൂട്ടുമന്ത്രിസഭയ്ക്കാണ് സാധ്യത. അരലക്ഷത്തോളം കന്നി വോട്ടർമാരും വിദേശത്തുള്ള 70,000-ത്തോളം ഇസ്രേലികളും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. നവംബർ നാലോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും.
Tags : BenjaminNetanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash