സോണിയയും രാജീവ് ഗാന്ധിയും.
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാല ക്യാന്പസിലെ ഗ്രീക്ക് റസ്റ്ററന്റിൽ മുളപൊട്ടിയ പ്രണയം, പിന്നീട് അതിർത്തിയും ഭാഷയും സംസ്കാരവും മറികടന്ന് അവർ ഒന്നായി. ഇറ്റലിയിലെ ലൂസിയാനയിൽ ജനിച്ചുവളർന്ന എഡ്വിഗെ അന്റോണിയ അൽബിന മെയ്നോ എന്ന യുവതി, ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന നെഹ്റു കുടുംബാംഗമായ രാജീവിന്റെ വധുവായി ഇന്ത്യയിലേക്കെത്തി. പിന്നീട്, ലോകമറിയുന്ന സോണിയ ഗാന്ധിയായി.
ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന തന്റെ ആത്മകഥ പുറത്തിറങ്ങുന്നതിനു മുന്നോടിയായി എക്സിൽ പങ്കുവച്ച വീഡിയോയിലാണ് സോണിയ ഗാന്ധി പ്രണയാതുരസ്മരണകൾ പങ്കുവച്ചത്.

കേംബ്രിഡ്ജിലെ ഗ്രീക്ക് റസ്റ്ററന്റിൽ വച്ചാണു തങ്ങളുടെ പ്രണയയാത്ര ആരംഭിച്ചതെന്ന് സോണിയ വീഡിയോയിൽ പറയുന്നു. ഇറ്റലിക്കാരിയായ താൻ, തന്റെ രാജ്യത്തിന്റെ തനതു രുചിക്കൂട്ടുകൾ തേടിയുള്ള അന്വേഷണത്തിനിടെയാണ് ഗ്രീക്ക് റസ്റ്ററന്റിൽ എത്തിയത്. യൂറോപ്യൻ, ഇന്ത്യൻ വിദ്യാർഥികളുടെ പ്രധാന താവളങ്ങളിലൊന്നായിരുന്നു 'വാഴ്സിറ്റി റസ്റ്ററന്റ്.' അവിടെ വച്ചാണ് രാജീവിനെ ആദ്യമായി കാണുന്നത്. സുഹൃത്താണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ആദ്യ കാഴ്ചയിൽത്തന്നെ രാജീവിനു തന്നോടു പ്രത്യേക അടുപ്പം തോന്നിയിരുന്നതായും അദ്ദേഹത്തിന്റെ സൗമ്യതയും വ്യക്തിത്വവും തന്നെ ഏറെ ആകർഷിച്ചെന്നും സോണിയ പറഞ്ഞു.

പിന്നീട്, സുഹൃത്തുക്കളായ ഇരുവരും, ഒന്നിച്ചുള്ള പാർട്ടികളിലൂടെയും യാത്രകളിലൂടെയും കൂടുതൽ അടുക്കുകയായിരുന്നു. 1968 ഫെബ്രുവരി 25-ന് ആയിരുന്നു സോണിയ-രാജീവ് വിവാഹം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവുമായുള്ള പ്രണയവും ഇന്ത്യയിലേക്കുള്ള വരവും ജീവിതത്തിൽ നേരിടേണ്ടിവന്ന വലിയ നഷ്ടങ്ങളും ഉൾക്കൊള്ളുന്നതാണു തന്റെ ആത്മകഥയെന്ന് വീഡിയോയിൽ തുറന്നു പറയുന്നുണ്ട് സോണിയ.

നേരത്തെ, പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസുമായി ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുസ്തകത്തെ വിവാദത്തിലാക്കിയിരുന്നു. നരേന്ദ്ര മോദി, ആർഎസ്എസ്, ഇന്ത്യ-ചൈന അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിലെ പരാമർശങ്ങളിലായിരുന്നു അഭിപ്രായവ്യത്യാസമെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന്, ആത്മകഥയുടെ പ്രസിദ്ധീകരണം ഹാർപ്പർ കോളിൻസ് ഏറ്റെടുക്കുകയായിരുന്നു. ലോകം കാത്തിരിക്കുന്ന, ആത്മകഥ നവംബർ പത്തിനു വായനക്കാരിലേക്കെത്തും.
Tags : SoniaGandhi Varsity Restaurant BelongingAJourneyofLove RajivGandhi CambridgeUniversity