പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ച് നാല് യുവാക്കൾ വെന്തുമരിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുപോയ ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ലെബദ് - നയാഗാവ് നാലുവരിപ്പാതയിൽ ഞായറാഴ്ച രാത്രി അപകടം സംഭവിച്ചത്.
സഗൂർ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾ ക്ഷേത്രദർശനം കഴിഞ്ഞ് കാറിൽ മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലിസ് വ്യക്തമാക്കി. അപകടത്തിൽ ഭീം ധക്കഡ് (24), ആദിത്യ തിവാരി (22), ചേതൻ ധക്കഡ് (21), അഭിഷേക് സോളങ്കി (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തുഷാർ മണ്ട്ലോയി (20) എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനു തീപിടിച്ചു. കാർ മറിഞ്ഞപ്പോൾ മുൻപിൽ ഇരുന്ന തുഷാർ പുറത്തേക്ക് തെറിച്ചുപോയതിനാൽ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധം വാഹനം കത്തുകയായിരുന്നു.
അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ യാത്രികരാണ് അപകട വിവരം പൊലിസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കാറും ഉള്ളിലുണ്ടായിരുന്നവരും പൂർണ്ണമായി കത്തിക്കരിഞ്ഞിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Fire Car Collide Culvert