ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും
കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത് പൊലിസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്‍റെ പിതാവും വാഹന ഉടമയുമായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലിസ് കേസെടുത്തത്.
അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലിസ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.
ഇതിനിടെ, 17കാരൻ അർധരാത്രി വാഹനവുമായി ഇറങ്ങിയത് റീൽസ് ചിത്രീകരിക്കാനാണെന്ന് പോലീസ് പറഞ്ഞു. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാൾ 104 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലിസിനു ലഭിച്ചു. ഇയാൾ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പൊലിസ് പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Tags : Accident Cheranalloor Case Judge Minor Police Vehicle