ഹൈക്കോടതി
കൊച്ചി: സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ഒന്നിനൊന്ന് മുകളിലല്ലെന്നു ഹൈക്കോടതി. എല്ലാ ബെഞ്ചുകള്‍ക്കും തുല്യ അധികാരമാണുള്ളതെന്നും ഒന്ന് മറ്റൊന്നിനു കീഴിലല്ലെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രനും ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. എല്ലാ ജഡ്ജിമാര്‍ക്കും തുല്യപദവിയും അധികാരവുമാണുള്ളത്. ചീഫ് ജസ്റ്റീസ് സമന്മാരില് ഒന്നാമന് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന എല്‍. ബിന്ദു തന്നെ പിരിച്ചുവിട്ടതിനെതിരേ നല്കിയ അപ്പീലില്‍ പുറപ്പെടുവിച്ച ഉത്തരവിലാണു ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ബാങ്ക് ജീവനക്കാരി നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ആദ്യം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി വീണ്ടും പരിഗണിക്കാന്‍ ഡിവിഷന് ബെഞ്ച് നേരത്തേ സിംഗിള്‍ ബെഞ്ചിനോടു നിര്‍ദേശിച്ചിരുന്നു. ഹര്‍ജി വീണ്ടും തള്ളിയ സിംഗിള്‍ ബെഞ്ച്, ഡിവിഷന് ബെഞ്ച് സാധാരണയായി ഇത്തരത്തില്‍ ഹര്‍ജി സിംഗിള്‍ ബെഞ്ചിലേക്കു മടക്കാറില്ലെന്നും കുറിച്ചു. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
അംഗബലം കൂടുതലുള്ള ബെഞ്ചുകള്‍ക്ക് മറ്റു ബെഞ്ചുകളുടെ മേല്‍ മേല്നോട്ടപരമായോ ഉപദേശപരമായോ ഉള്ള അധികാരമില്ലെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. ജുഡീഷ്യറിയുടെ കരുത്ത് അച്ചടക്കത്തില്നിന്നാണ് ആധിപത്യത്തില്നിന്നല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സിംഗിള്‍ ബെഞ്ച് ഒരു പ്രധാന വിഷയം പരിഗണിക്കാതെ വിട്ടെന്നു കണ്ടെത്തിയാല്‍ അതു വീണ്ടും പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിനോട് അഭ്യര്‍ഥിക്കാന്‍ ഡിവിഷന് ബെഞ്ചിനാകും.
അതേസമയം സിംഗിള്‍ ബെഞ്ച് എല്ലാ വിഷയവും പരിഗണിച്ച് തീരുമാനമെടുത്ത കേസില്‍ അപ്പീല്‍ ബെഞ്ച് വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കുകയാണു വേണ്ടത്. ഇതിലൂടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ സാധിക്കും. അവിടെ വിഷയം വീണ്ടും സിംഗിള്‍ ബെഞ്ചിന്റെ പരിഗണന്ക്കായി മടക്കരുത്. ഹര്‍ജിക്കാരിയുടെ കാര്യത്തില്‍ നടപടിക്കു സമയം നീട്ടിനല്‍കിയ കൊല്ലം ലേബര്‍ കോടതി ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ച് വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ ലേബര്‍ കോടതിക്കു നിര്‍ദേശം നല്കി.
Tags : High Court Deepika DeepikaNewspaper BreakingNews Single Bench and Division Bench Are Not Hierarchical