പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ കുറിച്ചുള്ള മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിൽ പൊലിസിൽ പരാതി നൽകി ബിജെപി നേതാവ്. പാറ്റ്നയിലെ കോട്വാലി പൊലിസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി നേതാവ് കൃഷ്ണ സിംഗ് കല്ലുവാണ് പരാതിക്കാരൻ. ബിജെപി നേതാക്കൾ വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് പൊലിസിൽ പരാതി നൽകിയത്.
ബിഹാറിലെ പാറ്റ്നയിൽ ഡോ. ശ്രീ കൃഷ്ണ സിംഗിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസംഗിക്കവെയാണ് ഖാർഗെയുടെ വിവാദ പരാമർശം ഉണ്ടായത്. പ്രധാനമന്ത്രിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്നും അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ആ പണം എവിടെയെന്നും ഖാർഗെ ചടങ്ങിൽ ചോദിച്ചു.
കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസിൽ നിന്നൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി ‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും' എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിന് പിന്നാലെ മോദി അനുകൂല നിലപാട് സദസിൽ വിളിച്ചുപറഞ്ഞയാളെ പിന്നീട് സംഘാടകർ ഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു.
Tags : Modi's father BJP leader police complaint Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash