വിലക്കയറ്റത്തിനും ജീവനക്കാരുടെ ശമ്പളക്കുറവിനുമെതിരേ പാരീസിൽ നടന്ന റാലി.
പാരീസ്: ഫ്രാൻസിൽ വിലക്കയറ്റത്തിനും ജീവനക്കാരുടെ ശമ്പളക്കുറവിനുമെതിരേ പ്രതിഷേധം നടത്തുന്ന സംഘടനകളും തൊഴിലാളി യൂണിയനുകളും കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായി നടന്ന കൂറ്റൻ റാലികൾക്കു പിന്നാലെ ഈമാസം 31ന് വീണ്ടും പ്രക്ഷോഭങ്ങൾ നടത്തുന്നതിനും നവംബർ അഞ്ചിന് രാജ്യവ്യാപക പണിമുടക്ക് സംഘടിപ്പിക്കുന്നതിനുമാണ് ആഹ്വാനം നൽകിയിരിക്കുന്നത്.
ശനിയാഴ്ച നടന്ന പ്രകടനങ്ങളിൽ നാല് ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാൽ പ്രക്ഷോഭകരുടെ എണ്ണം എട്ടു ലക്ഷത്തോളമായിരുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ അവകാശവാദം. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ 70,000ത്തോളം പൊലിസുകാരെയാണ് തെരുവിൽ വിന്യസിച്ചിരുന്നത്.
2018ൽ ഇന്ധനനികുതി വർധനവിനെതിരേ പ്രക്ഷോഭം നയിച്ച യെല്ലോ വെസ്റ്റ്സ് സംഘടന അടുത്ത ശനിയാഴ്ച ടൗൺ ഹാളുകൾക്കും നാഷണൽ അസംബ്ലിക്കും മുന്നിൽ ധർണയും റാലികളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
2019ൽ ആദ്യഘട്ട യെല്ലോ വെസ്റ്റ്സ് പ്രക്ഷോഭമുണ്ടായപ്പോൾ ഇന്ധനവില കുറച്ച് മാക്രോൺ സർക്കാർ താത്കാലിക പരിഹാരം കണ്ടെത്തിയിരുന്നു. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനു തടസങ്ങളേറെയാണ്.
ശക്തമായ സുരക്ഷയൊരുക്കിയതിനാൽ കഴിഞ്ഞയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് അക്രമസംഭവങ്ങൾ കുറവായിരുന്നുവെങ്കിലും 1314 പേർ അറസ്റ്റിലാകുകയും 50ഓളം പൊലിസ് ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതച്ചെലവ് വർധനയ്ക്കെതിരേ ഫ്രാൻസിനുപുറമെ ബെൽജിയത്തിലെ ബ്രസൽസ്, അൽബേനിയയിലെ തിരാന, ഇറ്റലിയിലെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിലും ശനിയാഴ്ച പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും നടന്നു.
Tags : France Deepika DeepikaNewspaper BreakingNews France remains in turmoil