Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു.
ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്.
ഈ ഗോളോടുകൂടി ടൂർണമെന്റിൽ തന്റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ സ്വന്തമാക്കി.
ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിൽ ഈ ഗോളിന്റെ പങ്ക് വലുതാണ്. കളിയിലുടനീളം ഉറച്ചുനിന്ന മൊറോക്കൻ പ്രതിരോധത്തിന്റെ പൂട്ടുപൊളിച്ച ആ ഗോൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
Sports
ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകളും ആദ്യ പകുതിയിൽ ശ്രദ്ധ നേടി.
എന്നാൽ രണ്ടാം പകുതിയിൽ പൂർണമായും ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ അടിച്ച മനോഹരമായ ഒരു ലോ-ഷോട്ട് ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചിരുന്നു.
Sports
ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് തയാറെടുക്ക മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്.
ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിന്റെ പ്രതീക്ഷ.
നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റത്തിന്റെ പ്രധാനിയായിരുന്നു സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് സായ്ബാരി നേടിയ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ.
കാനഡയ്ക്കെതിരെ ഔനാഹിയുടെ ഇരട്ട ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം അനായാസമാക്കിയത്. അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി തുടങ്ങീ മികച്ച താരങ്ങളുടെ പ്രകടനത്തിലാണ് മൊറോക്കോയുടെ പ്രതീക്ഷ.
.
Sports
ന്യൂയോർക്ക്: സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്.
മത്സരത്തിൽ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകൾ ചെയ്യുകയും ചെയ്ത പരാഗ്വായ്ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്-ബെൽജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തിൽ കളിക്കാൻ അവസരം നൽകുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരിരുന്നു.
"ഞങ്ങൾ ഫിഫക്ക് നൽകിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങൾക്ക് മനസിലായില്ല.'ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു.
മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൈക്കിൾ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.
Sports
പെന്‍സില്‍വാനിയ: 76 ശതമാനം പന്ത് നിയന്ത്രണം. 15 ഷോട്ടില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. പൂര്‍ത്തിയാക്കിയ പാസ് 553. പാസ് കൃത്യത 90 ശതമാനം. എന്നിട്ടും ഫിഫ ലോകകപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സിന്, പരാഗ്വെയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ സാധിച്ചില്ല.
അതേസമയം, സമനിലയിലൂടെ മത്സരം നീട്ടി ഷൂട്ടൗട്ട്വരെ എത്തിക്കാമെന്ന പരാഗ്വെന്‍ മോഹം നിശ്ചിത സമയത്തെ ഒരൊറ്റ പെനാല്‍റ്റിയില്‍ അവസാനിച്ചു. 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ 1-0നു പരാഗ്വെയെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണയിച്ച, കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
പൊള്ളിക്കുന്ന ചൂടേറ്റ്
അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷസില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഫ്രാന്‍സ് x പരാഗ്വെ പോരാട്ടം അരങ്ങേറിയത്. പൊള്ളിക്കുന്ന ചൂടേറ്റ് താരങ്ങള്‍ വിയര്‍ത്തു. അന്തരീക്ഷത്തിലേതുപോലെ കളത്തിലും പോരാട്ടച്ചൂട് വര്‍ധിച്ചു. ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍ക്കോള, കിലിയന്‍ എംബപ്പെ തുടങ്ങിയവര്‍ അണിനിരന്ന ഫ്രാന്‍സിന്റെ പേരുകേട്ട ആക്രമണനിരയെ പരാഗ്വെന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്ലും തടഞ്ഞുനിര്‍ത്തി.
ഫ്രാന്‍സിന്റെ ആദ്യ ആക്രമണം ഏഴാം മിനിറ്റില്‍ കോര്‍ണര്‍ വഴങ്ങി പരാഗ്വെ തടഞ്ഞു. എന്നാല്‍, പെരുവെള്ളപാച്ചില്‍ പോലായിരുന്നു ഫ്രാന്‍സ്. ആദ്യ 10 മിനിറ്റിനുള്ളില്‍ പരാഗ്വെയുടെ ഫൈനല്‍ തേര്‍ഡില്‍ ഫ്രാന്‍സ് പൂര്‍ത്തിയാക്കിയത് 56 പാസുകള്‍. പരാഗ്വെയ്ക്ക് ഒരിക്കല്‍പോലും ഫ്രാന്‍സിന്റെ ഫൈനല്‍ തേര്‍ഡിലേക്ക് പ്രവേശനം ലഭിച്ചതുമില്ല.
16-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ബര്‍കോള നടത്തിയ ക്രോസ് പരാഗ്വെ ഗോള്‍ കീപ്പറിന്റെ കൈകളില്‍ ഭദ്രം. 31-ാം മിനിറ്റില്‍ എംബപ്പെ ഗോളിന്റെ വക്കില്‍വരെ എത്തി. ഡെംബെലെയുടെ ക്രോസില്‍ തലവച്ച എംബപ്പെയ്ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. പന്ത് പുറത്തേക്ക്. 38-ാം മിനിറ്റില്‍ ഡെംബെലെ-എംബപ്പെ മുന്നേറ്റം. എംബപ്പെ നല്കിയ പാസില്‍ ഡെംബെലെ തൊടുത്ത ഷോട്ട് പരാഗ്വെന്‍ പ്രതിരോധതാരമായ ജൂനിയര്‍ അലോണ്‍സോ ക്ലിയര്‍ ചെയ്തു.
55-ാം മിനിറ്റില്‍ ബര്‍കോളയുടെ മിന്നും ലോംഗ് റേഞ്ച്. പന്ത് പരാഗ്വെയുടെ ഗോള്‍പോസ്റ്റിന്റെ മേല്‍ത്തട്ടില്‍ വിശ്രമിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഉജ്വല സേവുമായി ഒര്‍ലാന്റൊ ഗില്‍ രക്ഷകനായി. 61-ാം മിനിറ്റില്‍ ബ്രാഡ്ലി ബര്കോളയെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാംപ്, ഡെസിറെ ഡൂവേയെ ഇറക്കി.
65-ാം മിനിറ്റില്‍ ഡൂവേ പരാഗ്വെന്‍ ഗോള്‍ പോസ്റ്റില്‍ വീണു. പരാഗ്വെന്‍ പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ ഡൂവേയെ പരാഗ്വെയുടെ ഗുസ്താവൊ ഗോമസ് വീഴ്ത്തിയതായി വിഎആറില്‍ തെളിഞ്ഞു. അതോടെ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് ചൂണ്ടി വിസില്‍ ഊതി. 70-ാം മിനിറ്റിൽ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ടിലൂടെ എംബപ്പെയുടെ ക്ലിനിക്കല്‍ പെനാല്‍റ്റി. 1-0നു ഫ്രാന്‍സ് മുന്നില്‍.
പിന്നീടും പരാഗ്വെ ഗോള്‍മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. 90+6-ാം മിനിറ്റില്‍ എംബപ്പെയുടെ ഇരട്ടഷോട്ട് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്റൊ ഗില്‍ അദ്ഭുതകരമായി തടഞ്ഞു. അതോടെ 1-0ന്റെ ജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് എഡിഷനില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെയ്ക്കു സ്വന്തം. 2018, 2022, 2026 ലോകകപ്പുകളിലാണ് എംബപ്പെയുടെ ഈ നേട്ടം. ബ്രസീലിന്റെ റൊണാള്‍ഡോ നസാരിയൊ, വാവ, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ എന്നിവര്‍ രണ്ട് എഡിഷനില്‍ 3+ ഗോള്‍ നേടിയിട്ടുണ്ട്.
Sports
ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസിന്റെ ജയം.
ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.
പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധം തീർത്താണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.
പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു.
Sports
ഹൂസ്റ്റൺ: എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ. ഇതോടെ മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയുടെ ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ാം മിനിട്ടിൽ മൊറോക്കോ ലീഡ് കണ്ടെത്തുകയായിരുന്നു. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.
തുടർന്ന് 82ാം മിനിട്ടിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹിയിലൂടെ കാനഡയുടെ വല കുലുക്കി.
കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ സോഫിയാൻ റഹിമി മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടി. പുലർച്ചെ നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക.
Sports
ലിയോ മെസി, കിലിയന്‍ എംബാപ്പെ, ഏര്‍ലിംഗ് ഹാലണ്ട്, വിനീഷ്യസ് ജൂണിയര്‍, ഹാരി കെയ്ന്‍... ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റിയില്ല. ഫിഫ ലോകകപ്പ് നോര്‍ത്ത് അമേരിക്കന്‍ എഡിഷനില്‍ വിഖ്യാത താരങ്ങളെല്ലാം മാരകഫോമില്‍ ഗോളടിച്ചുകൂട്ടുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നെയ്മര്‍ ജൂണിയറും തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നു.
നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ക്രൊയേഷ്യ എന്നീ കരുത്തര്‍ക്കു കാലിടറിയെങ്കിലും കിരീടപ്രതീക്ഷയുമായെത്തിയ മറ്റുള്ളവരെല്ലാം ഗ്രൂപ്പ് ഘട്ടത്തിലെ കുതിപ്പ് നോക്ക്ഓട്ട് സ്റ്റേജിലും തുടരുകയാണ്. പോരാട്ടം പ്രീക്വാര്ട്ടറിലെത്തിനില്ക്കുമ്പോള് തീര്‍ച്ചയായും ഈ ലോകകപ്പ് മേല്പറഞ്ഞ താരരാജാക്കന്മാരുടേതു തന്നെ. കാരണം ലോകകപ്പുകള്‍ എപ്പോഴും ഗോള്‍വേട്ടക്കാരുടെ കഥകളാണ് ആഘോഷിക്കാറുള്ളത്.
എന്നാല്‍, ഈ ലോകകപ്പിന്റെ യഥാര്‍ഥസൗന്ദര്യം തെരഞ്ഞാല്‍ ചെന്നെത്തുക മറ്റൊരിടത്താണ്. ഫ്രഞ്ച് പടയുടെ മധ്യനിരയില്‍ കളിമെനയുന്ന മൈക്കല്‍ ഒലീസെ എന്ന 24കാരന്റെ കാലുകളില്‍! എംബാപ്പെയെന്ന സൂപ്പര്‍താരത്തിനു പിന്നില്‍ ഒലീസെ എന്ന ക്രിയേറ്റീവ് ജീനിയസ് നടത്തുന്ന പ്രകടനമാണ് ഫ്രാന്‍സിനെ ഈ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീമാക്കുന്നത്.
റിക്കാര്‍ഡുകള്‍ വഴിമാറുന്ന അസിസ്റ്റ് വേട്ട
സ്വീഡനെതിരായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് 3-0 നു വിജയം വരിച്ചപ്പോള്‍, ഇരട്ട ഗോളുകളോടെ എംബാപ്പെയാണു തലക്കെട്ടുകളില്‍ നിറഞ്ഞത്. എന്നാല്‍ ആ മത്സരത്തിന്റെ യഥാര്‍ഥ ശില്പി ഒലീസെ ആയിരുന്നു. എംബാപ്പെയുടെയും ബര്ക്കോളയുടെയും ഗോളുകള്‍ക്കു വഴിയൊരുക്കിക്കൊണ്ട് ബയേണിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഈ ലോകകപ്പില്‍ തന്റെ അസിസ്റ്റുകളുടെ എണ്ണം അഞ്ച് ആയി ഉയര്‍ത്തി.
അപൂര്‍വ റിക്കാര്‍ഡ്: 1994ല്‍ ജര്‍മ്മനിയുടെ തോമസ് ഹാസ്ലര്ക്കുശേഷം ഒരു സിംഗിള്‍ ലോകകപ്പ് എഡിഷനില്‍ അഞ്ച് അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരമായി ഒലീസെ മാറി. ഇതിനകം തന്നെ ആന്റോയിന്‍ ഗ്രീസ്മാന് (2022), സിനദിന്‍ സിദാന് തുടങ്ങിയ ഫ്രഞ്ച് ഇതിഹാസങ്ങളുടെ ഒറ്റ ലോകകപ്പിലെ അസിസ്റ്റ് റിക്കാര്‍ഡുകള്‍ ഈ യുവതാരം മറികടന്നുകഴിഞ്ഞു.
'സിനദിന്‍ വിയേര'
ഒലീസെയുടെ കളിശൈലിയെ ഫ്രഞ്ച് ഇതിഹാസം തിയറി ഒന്റി വിശേഷിപ്പിച്ചതു സാക്ഷാല്‍ സിനദിന്‍ സിദാന്റെയും പാട്രിക് വിയേരയുടെയും സങ്കരമായിട്ടാണ്. 'പന്തുമായി നീങ്ങുമ്പോള്‍ അവന് സിദാനെപ്പോലെയാണ്, പന്തില്ലാതെ പ്രതിരോധിക്കുമ്പോള്‍ പാട്രിക് വിയേരയെപ്പോലെയും. നമുക്കവനെ 'സിനദിന്‍ വിയേര' എന്നു വിളിക്കാം! ഫുട്ബോള്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കണമെങ്കില്‍ മൈക്കല്‍ ഒലീസെയുടെ കളി കാണുക'.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖിനെതിരേ രണ്ട് അസിസ്റ്റുകള്‍, സെനഗലിനെതിരേ ഒരു അസിസ്റ്റ്, സ്വീഡനെതിരേ വീണ്ടും രണ്ട് അസിസ്റ്റുകള്‍. ദിദിയര്‍ ദെഷാംപ്സ് എന്ന ഫ്രഞ്ച് പരിശീലകന് ഒലീസെയെ വിംഗില്‍ നിന്നു മാറ്റി അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളിലേക്കു പ്രതിഷ്ഠിച്ചതോടെ ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ക്ക് പുതിയൊരു താളബോധം കൈവന്നു. സ്വീഡനെതിരേയുള്ള മത്സരത്തില്‍ ഒരു ബൈസിക്കിള്‍ കിക്കിലൂടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനു തൊട്ടരികിലെത്തിയതാണ് ഒലീസെ. നിര്‍ഭാഗ്യവശാല്‍ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ബയേണില്നിന്നു ലോകത്തിന്റെ നെറുകയിലേക്ക്
ക്ലബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിനായി കഴിഞ്ഞ രണ്ടു സീസണുകളില്‍ 27 ഗോളുകളും ബാക്ക്-ടു-ബാക്ക് ബുന്ദസ്ലിഗ കിരീടങ്ങളുമായി എത്തിയ ഒലീസെ, തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോള്‍. കളിക്കളത്തിലെ വേഗത, പന്തടക്കം, പ്രതിരോധനിരയിലെ വിള്ളലുകള്‍ കണ്ടെത്താനുള്ള അസാധാരണമായ ഉള്‍ക്കാഴ്ച, അളന്നുകുറിച്ചുള്ള പാസുകള്‍ എന്നിവയാണ് ഒലീസെയെ മറ്റുള്ളവരില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നത്.
ഫ്രഞ്ച്നിരയില് എംബാപ്പെയും ഡെംബലെയും ബര്ക്കോളയുമൊക്കെ ഗോളടിച്ചുകൂട്ടുമ്പോള്, കളിതുടങ്ങും മുന്‍പേ എതിരാളികളുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്ന ഒരു നിശബ്ദ മാന്ത്രികനുണ്ട്. ഗോളടിക്കുന്നവര്‍ ഹീറോകളാകുന്ന ലോകകപ്പില്‍, ഗോളടിപ്പിക്കുന്ന ഒലീസെ തന്നെയാണ് ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരം! ക്വാര്‍ട്ടറില്‍ ഫൈനലില്‍ പരാഗ്വെയെ നേരിടാനൊരുങ്ങുന്ന ഫ്രാന്‍സിന്റെ കിരീടപ്രതീക്ഷകള്‍ മുഴുവന്‍ ഈ 'സിനദിന്‍ വിയേരയുടെ' കാലുകളിലാണ്.
ഫ്രാന്‍സിന്റെ നീല ജഴ്സിയില്‍ ഒലീസെയുടെ കാലില്‍ പന്ത് തൊട്ടപ്പോഴൊക്കെ അവരുടെ ആക്രമണത്തിനു പുതുജീവന്‍ ലഭിച്ചു, ആരാധകര്‍ മാന്ത്രികമായതെന്തോ പ്രതീക്ഷിച്ചു. മധ്യനിരയില്‍നിന്നു മിന്നല്‍വേഗത്തില്‍ കുതിച്ചെത്തുന്ന ഒലീസെ പൊടുന്നനെ തളികയിലെന്നപോലെ നീട്ടിനല്‍കിയ, പ്രതിരോധനിരയെ തകര്‍ത്തുകളഞ്ഞ ത്രൂപാസുകളാണു ഫ്രാന്‍സിന്റെ കുതിപ്പിനു പിന്നില്‍. ഒലീസെയുടെ ഓരോ അസിസ്റ്റും സുന്ദരമായ കലാസൃഷ്ടിതന്നെ.
Sports
ന്യൂയോര്‍ക്ക്/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട്, കോഡി ഗാക്പോ, അച്റഫ് ഹക്കിമി തുടങ്ങിയവര്‍ കളത്തില്‍.
റൗണ്ട് ഓഫ് 32ല്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നു നടക്കുന്ന പോരാട്ടത്തില്‍ കോഡി ഗാക്പോയുടെ നെതര്‍ലന്‍ഡ്സും അച്റഫ് ഹക്കിമിയുടെ മൊറോക്കോയും കൊമ്പുകോര്‍ക്കും.
റൗണ്ട് ഓഫ് 32ലെ ഏറ്റവും കടുപ്പമേറിയ പോരാട്ടങ്ങളിലൊന്നായാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. 2022 ഫിഫ ലോകകപ്പില്‍ മൊറോക്കോ സെമിയില്‍ പ്രവേശിച്ചിരുന്നു.
ഫിഫ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും മൊറോക്കോയും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 1994ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ നെതര്‍ലന്‍ഡ്സ് 2-1നു ജയിച്ചിരുന്നു.
ഫ്രാന്‍സ്, നോര്‍വെ
ഇന്നു രാത്രി 10.30ന് എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഐവറികോസ്റ്റിന് എതിരേ ഇറങ്ങും. ഇരുടീമും തമ്മില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഐയില്‍ രണ്ടാം സ്ഥാനക്കാരായാണ് നോര്‍വെയുടെ നോക്കൗട്ട് പ്രവേശം. ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരാണ് ഐവറികോസ്റ്റ്.
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് നിലവിലെ ഫൈനലിസ്റ്റുകളായ ഫ്രാന്‍സ്, സ്വീഡനെ നേരിടും. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവര്‍ നയിക്കുന്ന ആക്രമണമാണ് ഫ്രാന്‍സിന്റെ മുഖമുദ്ര. 2020 യുവേഫ നേഷന്‍സ് ലീഗിലാണ് ഇരുടീമും അവസാനമായി നേര്‍ക്കുനേര്‍ ഇറങ്ങിയത്.
അന്ന് ഫ്രാന്‍സ് 4-2ന്റെ ജയം നേടിയിരുന്നു. ഇരുടീമും ഇതുവരെ 23 തവണ ഏറ്റുമുട്ടി. ഫ്രാന്‍സ് 12 ജയം നേടിയപ്പോള്‍ സ്വീഡന് ആറ് തവണ വെന്നിക്കൊടിപാറിച്ചു. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
International
നാൻസി: വടക്കുകിഴക്കൻ ഫ്രാൻസിലെ നാൻസി നഗരത്തിൽ സ്കൈഡൈവിംഗ് സംഘം സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് 11 പേർ മരിച്ചു. പൈലറ്റും പത്തു യാത്രക്കാരുമാണു മരിച്ചത്. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 11 മണിയോടെയാണ് അപകടം.
വിമാനത്താവളത്തിനു തൊട്ടടുത്തായി വിമാനം പെട്ടെന്നു നിയന്ത്രണം വിട്ട് നിലംപതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവെയ്ക്കെതിരെ ഫ്രാൻസിന് ഗംഭീര ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
ഫ്രാൻസിന് വേണ്ടി ഉസ്മാന് ഡെംബലേ ഹാട്രിക്കും ഡിസൈർ ഡിസൈര്‍ ഡൗ ഒരു ഗോളും നേടി. നോർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
NRI
ബെർലിൻ: ജർമനിക്കു പിന്നാലെ യൂറോപ്പിലുടനീളം സർവകാല റിക്കാർഡുകൾ ഭേദിച്ച് കനത്ത ഉഷ്ണതരംഗം പടരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം കടുത്ത ജാഗ്രതാ നിർദേശമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൂട് താങ്ങാനാവാതെ ജനങ്ങൾ കൂട്ടത്തോടെ ജലാശയങ്ങളിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ജർമനിയിലും ഫ്രാൻസിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ മുങ്ങിമരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറ്റലിയിലെ ഒരു ഡസനിലധികം നഗരങ്ങളും നിലവിൽ തീവ്ര ഉഷ്ണതരംഗത്തിന്റെ നിഴലിലാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന സംഭവങ്ങൾ:
1. ഫ്രാൻസ്: ഐഫൽ ടവർ നേരത്തെ അടച്ചു; താപനില 39 ഡിഗ്രിയിലേക്ക്
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ കഴിഞ്ഞ ദിവസം താപനില 39 ഡിഗ്രി സെൽഷ്യസിനടുത്ത് (102°F) രേഖപ്പെടുത്തി. കടുത്ത ചൂടിനെ തുടർന്ന് പാരീസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവർ സാധാരണ സമയമായ അർധരാത്രിക്ക് പകരം വൈകുന്നേരം നാലിന് തന്നെ അടിയന്തിരമായി അടച്ചുപൂട്ടി.
കനത്ത ചൂടിൽ സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നാലിന് ശേഷമുള്ള ടിക്കറ്റുകൾ എടുത്തവർക്ക് തുക പൂർണമായി തിരിച്ച് നൽകും.
ജർമനിയിൽ കാട്ടുതീ മുന്നറിയിപ്പ്; താപനില ഉയരുന്നതോടെ കിഴക്കൻ - തെക്കൻ പ്രവിശ്യകൾ കടുത്ത അപകടഭീഷണിയിൽ
ജർമനിയിൽ തുടരുന്ന കടുത്ത വേനൽച്ചൂടും വരണ്ട കാലാവസ്ഥയും കാരണം രാജ്യത്തെ വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യത വൻതോതിൽ വർദ്ധിക്കുന്നതായി ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ജർമനിയുടെ തെക്ക്, കിഴക്കൻ മേഖലകളിലാണ് ഭീഷണി ശക്തം.
അപകട നില നാലിൽ: നിലവിൽ ബ്രാൻഡൻബർഗ്, ബവേറിയ, ബാഡൻ-വ്യൂർട്ടൻബർഗ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രവിശ്യകളിൽ കാട്ടുതീ സാധ്യത അഞ്ചിൽ നാലാം ഘട്ടത്തിലാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കടുത്ത ജാഗ്രത: വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. ബുധനാഴ്ച മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ ഭീഷണി വ്യാപിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ബെർലിന്റെ പടിഞ്ഞാറൻ മേഖലകൾ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും ഏറ്റവും ഉയർന്ന അപകട നിലയായ "ലെവൽ അഞ്ച്' രേഖപ്പെടുത്തിയേക്കാമെന്നാണ് പ്രവചനം.
കാരണങ്ങൾ: ഉയർന്ന താപനില, അന്തരീക്ഷത്തിലെ കുറഞ്ഞ ഈർപ്പം, കാറ്റ് എന്നിവ തീ അതിവേഗം പടരാൻ കാരണമാകുന്നു. വനങ്ങളിൽ ഉണ്ടാകുന്ന വലിയൊരു ശതമാനം തീപിടുത്തങ്ങൾക്കും പിന്നിൽ സാമ്പത്തിക അല്ലെങ്കിൽ വ്യക്തിപരമായ ലാഭങ്ങൾ മുൻനിർത്തിയുള്ള അട്ടിമറികളും കാരണമാകാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വനമേഖലകളിൽ യാത്ര ചെയ്യുന്നവരും കാടിനോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും സിഗരറ്റ് കുറ്റികൾ വലിചെറിയാതിരിക്കാനും തീപിടുത്തമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
ഇറ്റലിയിലും കനത്ത ഉഷ്ണതരംഗം; റോമും മിലാനും ഉൾപ്പെടെ 15 നഗരങ്ങളിൽ "റെഡ് അലർട്ട്'; ലഘുഭക്ഷണമായി പാസ്തയും മീനും കഴിക്കാൻ നിർദേശം
യൂറോപ്പിനെ വറചട്ടിയിലാക്കുന്ന ഉഷ്ണതരംഗത്തിന്റെ ഭീഷണിയിൽ ഇറ്റലിയും. രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ചൂട് അസഹനീയമായതിനെ തുടർന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച 15 പ്രധാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന "ലെവൽ ത്രീ റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തലസ്ഥാനമായ റോം, മിലാൻ, ടൂറിൻ, വെനീസ് തുടങ്ങിയ പ്രമുഖ നഗരങ്ങളെല്ലാം ഈ റെഡ് അലർട്ട് പട്ടികയിലുണ്ട്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നതിനാൽ ബുധനാഴ്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ച നഗരങ്ങളുടെ എണ്ണം 16 ആയി ഉയരും.
ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന നിർദേശങ്ങൾ:
കടുത്ത ചൂടിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
എസി സംവിധാനങ്ങൾ ഉപയോഗിക്കുക: എയർകണ്ടീഷണറുകളുള്ള പൊതുസ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക.
പുറത്തിറങ്ങുന്നത് ഒഴിവാക്കുക: ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നതും കഠിനമായ ശാരീരിക അധ്വാനങ്ങളിൽ ഏർപ്പെടുന്നതും പൂർണമായി ഒഴിവാക്കുക. ഉയർന്ന എസ്പിഎഫുള്ള സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുക.
ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ (പാസ്ത കഴിക്കാൻ നിർദേശം):
ചൂടുകാലത്ത് ദഹിക്കാൻ പ്രയാസമുള്ള കനത്ത മാംസാഹാരങ്ങൾ ഒഴിവാക്കി വളരെ ലഘുവായ ഭക്ഷണങ്ങൾ കഴിക്കാൻ മന്ത്രാലയം പ്രത്യേകം നിർദ്ദേശിക്കുന്നു. ഇറ്റാലിയൻ വിഭവമായ പാസ്ത, മത്സ്യം എന്നിവ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്പിൽ ഉടനീളം ചൂട് കനക്കുന്ന സാഹചര്യത്തിൽ ഇറ്റലി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന പ്രവാസി മലയാളികളും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്.
ഫ്രാൻസിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കനത്ത ചൂട്; 54 പ്രവിശ്യകളിൽ 'റെഡ് അലർട്ട്'; അടിയന്തിര പ്രതിസന്ധി യോഗം വിളിച്ച് പ്രധാനമന്ത്രി
യൂറോപ്പിൽ പടരുന്ന ഉഷ്ണതരംഗം ഫ്രാൻസിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചൂട് അസഹനീയമായതിനെ തുടർന്ന് ഫ്രാൻസിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉൾപ്പെടുത്തി രാജ്യത്തെ 54 വകുപ്പുകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും (104°F) മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
സർവ്വകാല റെക്കോർഡുകൾ തകർന്നേക്കും: നിലവിൽ ഫ്രാൻസിലുടനീളം കടുത്തതും മനുഷ്യനെ പൂർണ്ണമായി തളർത്തുന്നതുമായ ചൂടാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ മുൻപുള്ള എല്ലാ റിക്കാർഡുകളും തകർക്കുന്ന തരത്തിലുള്ള താപനില രാജ്യത്തുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
2003-ലെ ഭീതിയിൽ ഫ്രാൻസ്: വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു കടുത്ത ചൂട് ഫ്രാൻസിൽ വരുന്നത് ഇതാദ്യമായാണ്. ഇത് മുൻപ് 15,000-ത്തോളം ആളുകളുടെ മരണത്തിന് കാരണമായ 2003 ഓഗസ്റ്റിലെ കനത്ത ഉഷ്ണതരംഗത്തെ ഓർമിപ്പിക്കുന്നതാണ്.
കെയർ ഹോമുകളിലും ഫ്ലാറ്റുകളിലും ആവശ്യത്തിന് എസി സംവിധാനമില്ലാത്തതിനാൽ അന്ന് പ്രായമായവരാണ് കൂടുതലായി മരണപ്പെട്ടത്.
അടിയന്തിര കാബിനറ്റ് യോഗം: സ്ഥിതിഗതികൾ അതീവ ഗുരുതരമായ സാഹചര്യത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ചൊവ്വാഴ്ച രാവിലെ വകുപ്പ് മന്ത്രിമാരുടെ അടിയന്തിര പ്രതിസന്ധി യോഗം വിളിച്ചുചേർത്തു.
പ്രായമായവർക്കും കുട്ടികൾക്കും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും തദ്ദേശീയമായി സഹായങ്ങൾ എത്തിക്കാനും നിർദേശമുണ്ട്.
പാരീസിലെ കനാലുകളിലും ജലാശയങ്ങളിലും ചൂടിൽ നിന്നും താത്കാലിക ആശ്വാസം തേടി ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടുകയാണ്.
സ്പെയിനിൽ കനത്ത ഉഷ്ണതരംഗം
യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന ഉഷ്ണതരംഗം സ്പെയിനിലും അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ചൂടിന്റെ പിടിയിലായതോടെ ദേശീയ കാലാവസ്ഥാ ഏജൻസിയായ AEMET പ്രമുഖ നഗരങ്ങളിൽ ഏറ്റവും ഉയർന്ന "റെഡ് അലർട്ട്' പ്രഖ്യാപിച്ചു.
തെക്കൻ നഗരമായ കോർഡോബ, വടക്കൻ നഗരമായ ബിൽബാവോ തുടങ്ങിയ ഇടങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അസാധാരണമായ ചൂട്: സാധാരണയായി കടുത്ത ചൂട് അനുഭവപ്പെടാത്ത സ്പെയിനിന്റെ വടക്കൻ പ്രവിശ്യകളായ ബാസ്ക് കൺട്രി, കാന്റാബ്രിയ എന്നിവിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം.
താപനില റിക്കാർഡിലേക്ക്: ഈ വർഷം ഈ കാലയളവിൽ അനുഭവപ്പെടാറുള്ള സാധാരണ താപനിലയേക്കാൾ അഞ്ച് മുതൽ 10 ഡിഗ്രി വരെ കൂടുതലാണിപ്പോൾ. ചില വടക്കൻ മേഖലകളിൽ ഇത് സാധാരണയേക്കാൾ 10 ഡിഗ്രിയിലധികം ഉയർന്നു കഴിഞ്ഞു.
വ്യാഴാഴ്ച വരെ തുടരും: കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ ഉഷ്ണതരംഗം കുറഞ്ഞത് വരുന്ന വ്യാഴാഴ്ച വരെയെങ്കിലും കടുത്തതായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
കടലോര പ്രദേശങ്ങളെ അപേക്ഷിച്ച് ഉൾനാടൻ നഗരങ്ങളിലാണ് ചൂട് ഏറ്റവും അസഹനീയമായിരിക്കുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കുക:
യൂറോപ്പിലാകെ ചൂട് കനക്കുന്ന സാഹചര്യത്തിൽ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മലയാളി പ്രവാസികൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അനാവശ്യമായ വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കുക, നദികളിലും കനാലുകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ ഇറങ്ങാതിരിക്കുക എന്നിവ പ്രധാനമാണ്.
ബ്രിട്ടൻ: സ്കൂളുകൾ അടച്ചു; ചരിത്രത്തിലെ ആദ്യ "ജൂൺ റെഡ് അലർട്ട്'
യുകെയിലെ വെയിൽസ്, ഇംഗ്ലണ്ട് പ്രവിശ്യകളിൽ കനത്ത ചൂട് കാരണം ഡസൻ കണക്കിന് സ്കൂളുകൾ ചൊവ്വാഴ്ച നേരത്തെ അടച്ചു. ചില സ്കൂളുകൾ വരും ദിവസങ്ങളിലും പൂർണമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് പ്രവചിച്ചുകൊണ്ട് ബ്രിട്ടീഷ് കാലാവസ്ഥാ കേന്ദ്രം അപൂർവമായ "റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്.
പഴയ കെട്ടിടങ്ങളിൽ മതിയായ എസി സംവിധാനങ്ങളോ തണലോ ഇല്ലാത്തതിനാൽ കുട്ടികൾക്ക് പഠിക്കാനും അധ്യാപകർക്ക് ക്ലാസെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്.
ജൂൺ മാസത്തിൽ യുകെയിൽ ഇത്തരമൊരു കടുത്ത ചൂട് ചരിത്രത്തിലാദ്യമാണെന്നും ആഗോള കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Sports
ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ തകർത്തു ഫ്രാൻസ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൈലിയൻ എംബാപ്പെയും സംഘവും വിജയിച്ചതോടെ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി.
ഫ്രാൻസിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സര ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും ഒക്കെ പലതവണ ഗോളിനടുത്തെത്തി. മത്സരം 14 മിനിറ്റ് എത്തിയപ്പോൾ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. സൂപ്പർ താരം കൈലിയൻ എംബെപ്പെ തന്നെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ബോക്സിന് വെളിയിൽനിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോളി മറികടന്നു പോസ്റ്റിൽ കയറുകയായിരുന്നു.
പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് പോസ്റ്റിലെത്തി. എന്നാൽ, ഗോൾ മാത്രം വന്നില്ല. ഒടുവിൽ 1-0 ത്തിന് ആദ്യ പകുതി അവസാനിച്ചു. ഇതിനിടയിൽ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും പുനരാരംഭിച്ചു.
54-ാം മിനിറ്റിൽ എംബാപ്പെ തന്നെ ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ഫിഫ ലോകകപ്പുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 16 ആയി. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണൽ മെസി മാത്രമാണ് എംബാപ്പെയ്ക്കു മുന്നിലുള്ളത്.
ഒസ്മാൻ ഡെംപെലെ 66-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഫ്രാൻസിന്റെ ഗോൾ നേട്ടം മൂന്ന് ആയി. പിന്നീടും ഗോൾ നേടാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം 3-0 ത്തിന് അവസാനിച്ചതോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി. ആദ്യ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപ്പിച്ചിരുന്നു എംബാപ്പെയും സംഘവും.
NRI
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടിക്ക് പ്രൗഢോജ്വലമായ സമാപനം.
ഉച്ചകോടിയുടെ മൂന്നാം ദിവസം ആഗോള സാമ്പത്തിക വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയുമാണ് ലോകനേതാക്കൾ പ്രധാനമായും ചർച്ച ചെയ്തത്.
ഓപ്പൺ എഐ മേധാവി സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ആഗോള ടെക് ഭീമന്മാരും ഈ നിർണായക യോഗങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും ചൈനയ്ക്ക് മേൽ ജി7 രാജ്യങ്ങൾ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുമാണ് ഉച്ചകോടിയുടെ അവസാന ദിനത്തെ ഏറ്റവും ശ്രദ്ധേയമായ വാർത്തകളായി ഇടംപിടിച്ചത്.
പ്രതിരോധ പിന്തുണ: ഭാവിയിൽ ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും രാജ്യം (പ്രത്യേകിച്ച് ചൈന) ആക്രമണം നടത്തിയാൽ ഇന്ത്യയെ സംരക്ഷിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.
ആ മനുഷ്യനെ (മോദിയെ) ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ അവിടെയെത്തും. എന്നാൽ അവിടെ പുതിയൊരു നേതാവാണ് വരുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല എന്നാണ് ട്രംപ് പറഞ്ഞത്.
വ്യാപാര കരാറുകൾ: ഇന്ത്യയും അമേരിക്കയും പുതിയ വ്യാപാര കരാറുകളിലേക്ക് നീങ്ങുകയാണെന്നും മോദി അതീവ സമർത്ഥനായ ഒരു ചർച്ചക്കാരനാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
താൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2. ചൈനയെ പൂട്ടാൻ പുതിയ "60 ശതമാനം നിയമം'
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിന് അത്യാവശ്യമായ അസംസ്കൃത വസ്തുക്കൾക്കും അപൂർവ ധാതുക്കൾക്കുമായി (Critical Raw Materials) ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ജി7 രാജ്യങ്ങൾ ചരിത്രപരമായ കരാറിലെത്തി.
പുതിയ തീരുമാനപ്രകാരം, ചൈനയിൽ നിന്നുള്ള ഇത്തരം ധാതുക്കളുടെ ഇറക്കുമതി 60 ശതമാനമായി പരിമിതപ്പെടുത്തും. 2030-ഓടെ ഇത് 50 ശതമാനത്തിലേക്ക് താഴ്ത്താനാണ് ലക്ഷ്യമിടുന്നത്.
ജി7 പങ്കാളി രാജ്യമായ ഓസ്ട്രേലിയയും ഈ നീക്കത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. സാമ്പത്തിക മേധാവിത്വം കാണിച്ച് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് ഇതൊരു കനത്ത തിരിച്ചടിയാകും.
3. കാനഡയും ഇന്ത്യയും ഭായ് ഭായ്; മോദിക്ക് ക്ഷണം
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളോടെ ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടായിരുന്ന നയതന്ത്ര അസ്വാരസ്യങ്ങൾ പൂർണ്ണമായും അവസാനിച്ചു.
ഈ വർഷം അവസാനം ഔദ്യോഗിക സന്ദർശനത്തിനായി മോദിയെ മാർക്ക് കാർണി കാനഡയിലേക്ക് ക്ഷണിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാറുകളിലും ഊർജ്ജ പങ്കാളിത്തത്തിലും ഒപ്പുവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദിയും കാർണിയും കൂടിക്കാഴ്ച നടത്തുന്നത്.
4. "ഞാനാണ് ബോസ്' എന്ന് ട്രംപ്; ഉക്രെയ്ന് പുതിയ കരുത്ത്
ഉച്ചകോടിയുടെ അവസാന ദിവസം രാവിലത്തെ സെഷനിൽ പങ്കെടുത്തുകൊണ്ട് ജി7 നേതാക്കളോട് "ഞാനാണ് ബോസ്" എന്ന് ട്രംപ് തമാശയായി പറഞ്ഞത് കൗതുകമുണർത്തി.
മുൻപത്തെ ഉച്ചകോടികളിൽ നിന്നും വ്യത്യസ്തമായി ട്രംപ് ഇത്തവണ മൂന്ന് ദിവസവും പൂർണമായി പങ്കെടുക്കുകയും റഷ്യക്കെതിരേ കടുത്ത എണ്ണ-ഗ്യാസ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇതിനെ റഷ്യക്കെതിരേയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വലിയ വിജയമായാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് വിശേഷിപ്പിച്ചത്.
ജി7 ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് ശേഷവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചരിത്രപ്രസിദ്ധമായ വേഴ്സായ് കൊട്ടാരത്തിലെ വിരുന്നിലും പങ്കെടുത്ത ശേഷമേ ട്രംപ് അമേരിക്കയിലേക്ക് മടങ്ങുകയുള്ളൂ.
Sports
ഹൂസ്റ്റണ്‍: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്‍പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...
NRI
ജനീവ: ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ ലോകനേതാക്കൾ പങ്കെടുക്കുന്ന ജി7 ഉച്ചകോടി പുരോഗമിക്കവെ, തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തി നഗരമായ ജനീവയിൽ കടുത്ത അക്രമസംഭവങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ആഗോളവത്കരണത്തിനും ജി7 രാജ്യങ്ങളുടെ സാമ്പത്തിക-യുദ്ധ നയങ്ങൾക്കുമെതിരേ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ പോലീസുമായി കടുത്ത ഏറ്റുമുട്ടലിലാണ്.
വേൾഡ് ഇക്കണോമിക് ഫോറം, ജി20 ഉച്ചകോടികൾ എന്നിവ നടക്കുമ്പോൾ ഉണ്ടാകാറുള്ളതിന് സമാനമായി ഇത്തവണയും വൻ ജനക്കൂട്ടമാണ് ജി7 വിരുദ്ധ മുദ്രാവാക്യങ്ങളുമായി അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
യുദ്ധക്കളമായി തെരുവുകൾ
പ്രതിഷേധം അക്രമാസക്തമായതോടെ ജനീവയിലെ തെരുവുകൾ യുദ്ധക്കളമായി മാറി. അക്രമാസക്തരായ ഒരു വിഭാഗം ആളുകൾ തെരുവിലുണ്ടായിരുന്ന കാറുകൾക്ക് തീയിടുകയും കടകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ കല്ലുകളും മറ്റ് സാധനങ്ങളും എറിഞ്ഞതോടെ സ്വിസ്സ് പോലീസ് കടുത്ത രീതിയിൽ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷം നിയന്ത്രണവിധേയമാക്കാൻ പോലീസ് ശ്രമം തുടരുകയാണ്.
അതിർത്തി നഗരങ്ങളിൽ പ്രതിഷേധം
ഉച്ചകോടി നടക്കുന്ന ഫ്രഞ്ച് നഗരമായ എവിയാൻ പൂർണമായും സൈനിക സുരക്ഷാ വലയത്തിലായതിനാൽ, അതിർത്തിക്ക് തൊട്ടപ്പുറമുള്ള സ്വിസ് നഗരങ്ങളെയാണ് പ്രതിഷേധക്കാർ തങ്ങളുടെ സമരവേദിയാക്കി മാറ്റിയിരിക്കുന്നത്.
സമാധാനപരമായ അന്തരീക്ഷം തകർക്കാതിരിക്കാൻ ഫ്രഞ്ച്-സ്വിസ് സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് അതിർത്തികളിൽ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
NRI
എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): ഫ്രാൻസിലെ എവിയാൻ തടാകക്കരയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അണിയറയിൽ നാടകീയമായ നീക്കങ്ങളും കനത്ത രാഷ്ട്രീയ ചർച്ചകളും മുറുകുന്നു.
ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വൻ സുരക്ഷാ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.
എന്നാൽ ആഗോള മാധ്യമങ്ങൾ ഉറ്റുനോക്കുന്നത് സമ്മേളന മുറിക്കുള്ളിലും പുറത്തും നടക്കുന്ന കനത്ത നയതന്ത്ര യുദ്ധങ്ങളിലേക്കാണ്.
കണ്ണ് നട്ട് ലോകനേതാക്കൾ; വൈകിയെത്തി ട്രംപ്
സമ്മേളന ഹാളിനുള്ളിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാച്ചിൽ നോക്കി കാത്തിരിക്കുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ച നീണ്ടുപോയതും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹാളിലേക്ക് എത്താൻ വൈകിയതുമാണ് നേതാക്കളെ കാത്തിരിപ്പിലാക്കിയത്.
അതേസമയം, ഇറാനുമായുള്ള 15 ആഴ്ച നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ച ശേഷമാണ് ട്രംപ് ഉച്ചകോടിക്ക് എത്തിയിരിക്കുന്നത്.
താൻ പുടിനുമായും സെലൻസ്കിയുമായും ഫോണിൽ സംസാരിച്ചെന്നും യുക്രെയ്ൻ വിഷയം പരിഹരിക്കാൻ അമേരിക്ക ഇനി സജീവമായി ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.
യുക്രെയ്ൻ സമാധാനത്തിനായി യൂറോപ്പ് മുന്നോട്ടുവച്ച അഞ്ച് ഉപാധികൾ
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ യുക്രെയ്നുമായി ചേർന്ന് ഡൊണാൾഡ് ട്രംപിന് മുന്നിൽ അഞ്ച് കർശന വ്യവസ്ഥകൾ അടങ്ങിയ സമാധാന ഫോർമുല സമർപ്പിച്ചു.
യൂറോപ്പിനെ ഒഴിവാക്കി ട്രംപ് റഷ്യയുമായി മാത്രം കരാറിലെത്തുന്നത് തടയാനാണ് ഈ നീക്കം:
അടിയന്തിര വെടിനിർത്തൽ - ഉടനടി വെടിനിർത്തൽ നടപ്പാക്കണം.
നിലവിലെ യുദ്ധ അതിർത്തികൾ - തർക്ക പ്രദേശങ്ങളിലെ ചർച്ചകൾക്കായി നിലവിൽ സൈന്യം നിൽക്കുന്ന അതിർത്തിരേഖ തുടക്കമായി കണക്കാക്കുക.
സുരക്ഷാ ഗ്യാരണ്ടി - യുക്രെയിന്റെ ഭാവി സുരക്ഷയ്ക്ക് ശക്തമായ അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക.
റഷ്യൻ ആസ്തികൾ മരവിപ്പിക്കൽ - നിലവിൽ യൂറോപ്പിലുള്ള റഷ്യൻ പണവും ആസ്തികളും മരവിപ്പിച്ചു തന്നെ നിർത്തുക.
യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം - സമാധാന ചർച്ചകൾ യൂറോപ്പിന്റെയോ നാറ്റോയുടെയോ സുരക്ഷയെ ബാധിക്കുന്നുണ്ടെങ്കിൽ അതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാൻ അവകാശമുണ്ടായിരിക്കണം.
എന്നാൽ, മുൻകൂർ വ്യവസ്ഥകളോട് വിയോജിക്കുന്ന ട്രംപ് ഈ അഞ്ച് ഇന നിർദേശങ്ങൾ അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
മാക്രോണിന് ട്രംപിന്റെ "വൈൻ' ഭീഷണി
ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ട്രംപ് കടുത്ത സാമ്പത്തിക ഭീഷണി മുഴക്കിയത് വലിയ ചർച്ചയായിട്ടുണ്ട്.
അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ഫ്രാൻസ് ചുമത്തിയ മൂന്ന് ശതമാനം ഡിജിറ്റൽ നികുതി പിൻവലിച്ചില്ലെങ്കിൽ, ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രശസ്തമായ ഫ്രഞ്ച് വൈനുകൾക്കും ഷാംപെയ്നുകൾക്കും 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രതിവർഷം ഒമ്പത് ബില്യൺ യൂറോയുടെ മദ്യക്കച്ചവടത്തെ ബാധിക്കുന്ന ഈ ഭീഷണിയോട്, "യൂറോപ്യൻ നിയമങ്ങൾ തീരുമാനിക്കുന്നത് അമേരിക്കയല്ല' എന്ന് മാക്രോൺ തിരിച്ചടിച്ചു.
പശ്ചാത്തലത്തിൽ വൻ നാറ്റോ സൈനികാഭ്യാസം
ജി7 ഉച്ചകോടി നടക്കുന്ന എവിയാൻ നഗരത്തിന് മുകളിലൂടെ വൻ സൈനിക ഹെലികോപ്റ്ററുകൾ പട്രോളിംഗ് നടത്തുകയാണ്. തൊട്ടടുത്ത സ്വിറ്റ്സർലൻഡ് അതിർത്തിയിലും സുരക്ഷ ശക്തമാണ്.
ഇതിനിടയിൽ റഷ്യയിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാൻ നാറ്റോ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമ സൈനികാഭ്യാസമായ "റാംസ്റ്റൈൻ ഫ്ലാഗ് 26' യൂറോപ്പിലെ 18 രാജ്യങ്ങളിലായി 200 യുദ്ധവിമാനങ്ങളെ പങ്കെടുപ്പിച്ച് ആരംഭിച്ചിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ സൈനിക പിന്തുണ യൂറോപ്പിൽ കുറയ്ക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചന കൂടിയാണിത്.
International
പാരീസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ഫ്രാൻസിൽ ജനീവ തടാകത്തിന്റെ തീരത്തുള്ള എവിയൻ ലെസ് ബെയിൻസിലെത്തി.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉൾപ്പെടെ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകക്രമത്തിനുവേണ്ടി ഒരുമിച്ച് മുന്നോട്ടു പോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ജി 7 ഉച്ചകോടിയെക്കുറിച്ച് മോദി പറഞ്ഞു.
ജനീവയിൽനിന്നാണ് മോദി ഫ്രഞ്ച് നഗരത്തിൽ എത്തിയത്. ജനീവ വിമാനത്താവളത്തിൽ സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്.
ജി 7 വേദിയില്‍ മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സൗഹൃദം പങ്കുവച്ചു. 16 മാസങ്ങള്‍ക്കുശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കാണുന്നത്. മോദി- ട്രംപ് ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഇതിഹാസ താരങ്ങളായ പെലെ, ലയണൽ മെസ്സി എന്നിവരുടെ ഗോൾ റെക്കോർഡുകൾ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സെനഗലിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് എംബാപ്പെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഫ്രാൻസ് 3-1 ന് സെനഗലിനെ പരാജയപ്പെടുത്തി.
മത്സരത്തിന് മുൻപ് 12 ലോകകപ്പ് ഗോളുകളുമായി ബ്രസീൽ ഇതിഹാസം പെലെയ്ക്കൊപ്പമായിരുന്നു എംബാപ്പെ. സെനഗലിനെതിരെയുള്ള മത്സരത്തിലെ തന്റെ ആദ്യ ഗോളോടെ പെലെയെ മറികടന്ന എംബാപ്പെ അർജന്റീനൻ നായകൻ ലയണൽ മെസ്സിയുടെ (13 ഗോളുകൾ) ഒപ്പമെത്തി. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയ തകർപ്പൻ രണ്ടാം ഗോളോടെ ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 14 ആയി ഉയർത്തി മെസ്സിയെയും എംബാപ്പെ പിന്നിലാക്കുകയായിരുന്നു.
വെറും 27-ാം വയസ്സിലാണ് താരം ഈ അവിശ്വസനീയ നേട്ടത്തിലേക്ക് എത്തിയത്. നിലവിൽ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിന് തൊട്ടരികിലാണ് എംബാപ്പെ.
ഈ ഇരട്ട ഗോളുകളോടെ ഫ്രാൻസ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഒലിവീർ ജിറൂഡിന്റെ (57 ഗോളുകൾ) റെക്കോർഡും താരം മറികടന്നു. നിലവിൽ 58 ഗോളുകളുമായി ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് കിലിയൻ എംബാപ്പെ.
Sports
ന്യൂയോർക്ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളും ബ്രാഡ്ലി ബാർക്കോളയുടെ മികച്ചൊരു ചിപ്പ് ഗോളുമാണ് ഫ്രാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. സെനഗലിന്റെ ആശ്വാസ ഗോൾ പിഎസ്ജി താരം ഇബ്രാഹിം എംബായെ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസ് അല്പം പരുങ്ങിയെങ്കിലും രണ്ടാം പകുതിയിൽ താളം കണ്ടെത്തിയ ഫ്രാൻസ് മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സെനഗൽ കൗമാര താരം ഇബ്രാഹിം എംബായെയിലൂടെ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ആവേശം അധികം നീണ്ടുനിന്നില്ല. ഗോൾ വഴങ്ങിയതിന് തൊട്ടുപിന്നാലെ എംബാപ്പെ തന്റെ രണ്ടാം ഗോളിലൂടെ ഫ്രാൻസിന്റെ വമ്പൻ വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സെനഗൽ രണ്ടാമതൊരു ഗോളിന് കൂടി ശ്രമിച്ചെങ്കിലും ഫ്രഞ്ച് ഗോൾകീപ്പർ മൈനാൻ പന്ത് ഗോൾ ലൈനിൽ വെച്ച് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് പോയിന്റുകൾ ഫ്രാൻസ് സ്വന്തമാക്കി.
International
പാരിസ്: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫ്രാൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് കൂടിക്കാഴ്ച.
തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായേക്കും.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
25ന് പാരീസിലെത്തുന്ന മാർപാപ്പ അന്നു വൈകുന്നേരം നൊത്ര് ദാം കത്തീഡ്രലിൽ നടക്കുന്ന സായാഹ്നപ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് യുവാക്കളുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തും.
26ന് പാരീസിലെ തുറന്ന വേദിയിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പാരീസിലെ യുനെസ്കോ ആസ്ഥാനം സന്ദർശിക്കുന്ന മാർപാപ്പ യുഎൻ സാംസ്കാരിക ഏജൻസി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
27ന് മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാന അർപ്പിക്കും. 28ന് തെക്കുകിഴക്കൻ നഗരമായ മെറ്റ്സ് സന്ദർശിക്കുന്ന മാർപാപ്പ അവിടത്തെ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെ ആവർത്തിച്ചുള്ള ക്ഷണപ്രകാരമാണ് മാർപാപ്പയുടെ ഫ്രാൻസ് സന്ദർശനം.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബുധനാഴ്ച ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തും.
ജി 7 ഉച്ചകോടിക്കായി എത്തുന്ന ഇരുനേതാക്കളും ഹോര്‍മുസ് പ്രതിസന്ധിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ആറു ദിവസം നീളുന്ന ഫ്രാന്‍സ്, സ്ലൊവാക്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ഇന്നലെയാണ് യാത്രതിരിച്ചത്. 2025 ഫെബ്രുവരിയിലാണ് ഇരുവരും അവസാനമായി നേരിൽക്കണ്ടത്.
Sports
പാരീസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലിസെ ഹാട്രിക്ക് നേടി. മത്സരത്തിന്റെ 43,49,75 എന്നീ മിനിറ്റുകളിലാണ് ഒലിസെ ഗോളുകൾ നേടിയത്.
പാട്രിക്ക് കെല്ലിയാണ് നോർത്തേൺ അയർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 64-ാം മിനിറ്റിലാണ് കെല്ലി ഗോൾ കണ്ടെത്തിയത്.
Sports
നാന്റസ്: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ വീഴ്ത്തി ഐവറി കോസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഐവറി കോസ്റ്റ് വിജയിച്ചത്.
ഗുയേലെ ഡൗവേയും അമാഡ് ഡയലോയും ആണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡൗവേ 53-ാം മിനിറ്റിലും ഡയലോ 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
റയാൻ ചെർക്കിയാണ് ഫ്രാൻസിന് വേണ്ടി ഗോൾ കണ്ടെത്തിയത്. 45-ാം മിനിറ്റിലാണ് ചെർക്കി ഗോൾ നേടിയത്.
International
പാരീസ്: റഷ്യയിൽനിന്നു പുറപ്പെട്ട എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. ബ്രിട്ടന്റെ പിന്തുണയോടെയായിരുന്നു ഫ്രഞ്ച് നാവികസേനയുടെ നടപടി. ഞായറാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിലായിരുന്നു സംഭവം.
എണ്ണവ്യാപാരത്തിലൂടെ യുക്രെയ്ൻ യുദ്ധത്തിനു ധനസഹായം നൽകുന്നതായി ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്. എക്സ് പോസ്റ്റിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഇക്കാര്യം അറിയിച്ചത്.
ഫ്രാൻസിന് പടിഞ്ഞാറ് 400 നോട്ടിക്കൽ മൈൽ അകലെ, അറ്റ്ലാന്റിക് സമുദ്രത്തിലെ അന്താരാഷ്ട്ര ജലാശയത്തിൽവച്ചാണ് ടാങ്കർ പിടിച്ചെടുത്തതെന്ന് ഫ്രഞ്ച് നാവികസേന പറഞ്ഞു.
International
പാരീസ്: ഫ്രാൻസിലെ പാരീസ് സെൻ ജെർമെയ്ൻ (പിഎസ്ജി) ഫുട്ബോൾ ക്ലബ് ഇംഗ്ലണ്ടിലെ ആഴ്സണൽ ക്ലബ്ബിനെ തോല്പിച്ച് ചാന്പ്യൻസ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനങ്ങൾ വലിയ അക്രമത്തിൽ കലാശിച്ചു.
57 പോലീസുകാർ അടക്കം 219 പേർക്കു പരിക്കേറ്റതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.780 പേരെ അറസ്റ്റ് ചെയ്തെന്നും ഇതിൽ 450ലധികം പേർ കസ്റ്റഡിയിൽ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ക്ലബ് ആരാധകർ ഉപരോധിച്ച റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ക്ലബ് ആരാധകർ റോഡിലിട്ട കോൺക്രീറ്റ് കട്ടയിൽ ഇയാളുടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു.
ശനിയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാനായി പാരീസിലെ ഷാംപ്സ് എലീസി അവന്യൂവിൽ പതിനായിരക്കണക്കിന് പിഎസ്ജി ആരാധകർ തടിച്ചുകൂടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് പിഎസ്ജി ജയിച്ചതോടെ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി.
ആരാധകർ പോലീസിനു നേർക്ക് പടക്കങ്ങൾ എറിയുകയും ഇലക്ട്രിക് സ്കൂട്ടറുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് നേരിട്ടത്. ആറു വാഹനങ്ങളും രണ്ട് ബിസിനസ് സ്ഥാപനങ്ങളും നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷത്തെ ചാന്പ്യൻസ് ലീഗിലും പിഎസ്ജിയാണ് കപ്പ് നേടിയത്. ഇതേത്തുടർന്നുള്ള ആഹ്ലാദപ്രകടനവും വലിയ അക്രമത്തിലാണു കലാശിച്ചിരുന്നു; രണ്ടു പേർ മരിക്കുകയും 500 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
അക്രമം ആവർത്തിക്കാതിരിക്കാൻ ഇക്കുറി ഫ്രഞ്ച് സർക്കാർ വലിയ തോതിൽ മുൻകരുതലെടുത്തിരുന്നു. പാരീസ് നഗരത്തിൽ മാത്രം 6000 പോലീസുകാരെ വിന്യസിച്ചു.
National
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മെഗാ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. അത്യാധുനിക 4.5 ജനറേഷൻ മൾട്ടിറോൾ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക അപേക്ഷയായ 'ലെറ്റർ ഓഫ് റിക്വസ്റ്റ്' ഇന്ത്യ തയ്യാറാക്കി. വരും ആഴ്ചകളിൽ തന്നെ ഈ രേഖ ഫ്രാൻസിന് കൈമാറുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഈ വൻ കരാറിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ജൂൺ ആദ്യവാരം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെ ജൂൺ 15 മുതൽ 17 വരെ ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും. ഈ സന്ദർശനങ്ങൾ കരാറിന് അന്തിമ രൂപം നൽകും. സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഈ വർഷം അവസാനത്തോടെ അന്തിമ കരാർ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
കരാറിലെ 114 വിമാനങ്ങളിൽ 24 എണ്ണം ഫ്രാൻസ് നേരിട്ട് നിർമ്മിച്ച് നൽകും. ബാക്കി 90 വിമാനങ്ങളും ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ വെച്ച് തന്നെ നിർമിക്കും. ഈ വിമാനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കും.
ചൈന, പാകിസ്ഥാൻ അതിർത്തികളിൽ നിന്നുള്ള ഇരട്ട ഭീഷണി നേരിടാൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 42.5 സ്ക്വാഡ്രൻ ആവശ്യമാണ്. എന്നാൽ നിലവിൽ ഇത് ആശങ്കാജനകമായ രീതിയിൽ 29 ആയി ചുരുങ്ങിയിരിക്കുകയാണ്. ഈ കുറവ് നികത്താനാണ് ഇന്ത്യയുടെ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിലൂടെ ഈ വിമാനങ്ങൾ വാങ്ങുന്നത്.
International
പാരീസ്: ഇസ്രയേൽ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനു ഫ്രാൻസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് അറിയിച്ചു.
ഗാസയിലേക്കു സഹായവുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല എന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി കൈകാലുകൾ ബന്ധിച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ ബെൻ-ഗ്വിർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രേലി മന്ത്രിക്കെതിരേ യൂറോപ്യൻ യൂണിയൻ മുഴുവൻ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും ജീൻ നോയൽ ബാരറ്റ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരേ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പെരുമാറ്റം മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി.
Sports
2026 ഫിഫ ലോകകപ്പ് അരികേ... പങ്കെടുക്കുന്ന 48 രാജ്യങ്ങൾ ടൂർണമെന്റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു തുടങ്ങി.
23നും 26നും ഇടയിൽ കളിക്കാരുടെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കുന്പോൾ കുറഞ്ഞത് മൂന്ന് ഗോൾ കീപ്പർമാരുണ്ടായിരിക്കണം. ഫ്രാൻസും ക്രൊയേഷ്യയും തങ്ങളുടെ പടയാളികളെ നിശ്ചയിച്ചു.
ടീമുകൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ സ്ക്വാഡുകളെ പ്രഖ്യാപിക്കാമെങ്കിലും ജൂണ്‍ രണ്ടിന് ഫിഫ സ്ഥിരീകരിക്കുന്നതുവരെ ഒൗദ്യോഗികമായി പരിഗണിക്കില്ല.
ഫ്രാൻസ്
ഗോൾകീപ്പർമാർ: മൈക്ക് മൈഗ്നാൻ, റോബിൻ റിസർ, ബ്രൈസ് സാംബ.
ഡിഫൻഡർമാർ: ലൂക്കാസ് ഡിഗ്നെ, മാലോ ഗസ്റ്റോ, ലൂക്കാസ് ഹെർണാണ്ടസ്, ഇബ്രാഹിമ കൊണാറ്റെ, ജൂൾസ് കൗണ്ടെ, വില്യം സലിബ, ദയോത് ഉപമെക്കാനോ, മാക്സൻസ് ലാക്രോയി്സ്, തിയോ ഹെർണാണ്ടസ്.
മിഡ്ഫീൽഡർമാർ: എൻഗോലോ കാന്റെ, മനു കോനെ, അഡ്രിയൻ റാബിയോട്ട്, ഒൗറേലിയൻ ചൗമേനി, വാറൻ സെയർ മറി.
ഫോർവേഡ്സ്: ബ്രാഡ്ലി ബാർകോള, റയാൻ ചെർക്കി, ഉസ്മാന് ഡം
ബെലെ, ഡെസിരെ ഡൗ, കിലിയൻ എംബാപ്പെ, മൈക്കൽ ഒലിസ്, ജീൻ ഫിലിപ്പ് മറ്റെറ്റ, മാർക്കസ് തുറാം, മാഗ്നസ് അക്ലിയോഷെ.
ക്രൊയേഷ്യ
ഗോൾകീപ്പർമാർ: ഡൊമിനിക് ലിവകോവിച്ച്, ഡൊമിനിക് കൊട്ടാർസ്കി, ഐവർ പാണ്ഡൂർ
ഡിഫൻഡർമാർ: ജോസ്കോ ഗ്വാർഡിയോൾ, ഡുജെ അലെറ്റ കാർ, ജോസിപ് സുടാലോ, ജോസിപ് സ്റ്റാനിസിച്ച്, മാരിൻ പോങ്ഗ്രാസിച്ച്, മാർട്ടിൻ എർലിക്, ലൂക്കാ വുസ്കോവിച്ച്
മിഡ്ഫീൽഡർമാർ: ലൂക്കാ മോഡ്രിച്ച്, മാറ്റിയോ കോവാസിച്, മരിയോ പസാലിക്, നിക്കോള വ്ലാസിച്, ലൂക്കാ സൂചിച്ച്, മാർട്ടിൻ ബതുറിന, ക്രിസ്റ്റിജൻ ജാക്കിച്ച്, പീറ്റർ സുചിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്
ഫോർവേഡുകൾ: ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച്, ആന്റെ ബുഡിമിർ, മാർക്കോ പസാലിച്, പീറ്റർ മൂസ, ഇഗോർ മാറ്റനോവിച്ച്
സ്റ്റാൻഡ്-ബൈ: ലോവ്രോ മേജർ, ഫ്രാഞ്ചോ ഇവാനോവിച്ച്, ഡിയോണ്‍ ഡ്രെന ബെൽജോ, ഇവാൻ സ്മോൾസിച്ച്, കാർലോ ലെറ്റിക്ക, അഡ്രിയാൻ സെഗെഡിക്, ലൂക്കാ സ്റ്റോജ്കോവിച്ച്.
ബെൽജിയം, ദക്ഷിണ കൊറിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, ഹെയ്റ്റി, ഐവറി കോസ്റ്റ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ താരനിരകളെ പ്രഖ്യാപിച്ചു.
International
ജക്കാർത്ത: ഫ്രാൻസിലെ ദസോ ഏവിയേഷൻ കന്പനി നിർമിക്കുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യയും സ്വന്തമാക്കി.
ഫ്രാൻസിൽനിന്നെത്തിച്ച ആറ് വിമാനങ്ങൾ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഇന്നലെ വ്യോമസേനയ്ക്കു കൈമാറി.
പ്രബോവോ ആഭ്യന്തര മന്ത്രിയായിരുന്ന 2022ൽ 810 കോടി ഡോളറിന് 42 റഫാലുകൾ വാങ്ങാനാണു കരാറൊപ്പിട്ടത്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെയും അവിടുത്തെ സഭാ നേതൃത്വത്തിന്റെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനവും മാർപാപ്പ സന്ദർശിക്കും.
2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിൽ സന്ദർശനം നടത്തിയിരുന്നു. പാരീസിലും ലൂർദിലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
Sports
പാരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ഫ്രഞ്ച് ടീമില്‍ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഇടമില്ല.
ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ ഗോള്‍കീപ്പര്‍ ലൂകാസ് ഷെവലിയര്‍, ടോട്ടനത്തിന്റെ ഫോര്‍വേഡ് റാന്‍ഡല്‍ കൊളോമുവാനി തുടങ്ങിയവരെയും 26 അംഗ ടീമില്‍ കോച്ച് ദിദിയെ ദേഷാംപ്സ് ഉള്‍പ്പെടുത്തിയില്ല. 2024 യൂറോ പോരാട്ടത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ആന്ത്വാന് ഗ്രീസ്മാനെ ടീമിലേക്കു പരിഗണിച്ചില്ലെന്നതും ശ്രദ്ധേയം.
കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തതെന്ന് ദേഷാംപ്സ് പറഞ്ഞു. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ളതാണ് ഫ്രഞ്ച് ടീം. ബ്രാഡ്ലി ബാര്‍കോള, റയാന് ചെര്‍ക്കി, ഉസ്മാന് ഡെംബെലെ, ഡെസിരെ ഡൗ, കിലിയന്‍ എംബപ്പെ, മൈക്കല്‍ ഒലിസ്, മാര്‍ക്കസ് ടുറാം എന്നിങ്ങനെ വമ്പന്‍ ആക്രമണനിരയാണ് ഫ്രാന്‍സിനുള്ളത്.
എന്‍ഗോളൊ കാന്റെ, അഡ്രിഡന് റാബിയോട്ട്, ഔറേലിയന്‍ ചൗമേനി തുടങ്ങിയവരാണ് മധ്യനിരയിലെ താരങ്ങള്‍. തിയോ ഹെര്‍ണാണ്ടസ്, ദയോത് ഉപമെക്കാനോ തുടങ്ങിയവര്‍ പ്രതിരോധത്തിലുണ്ട്.
മൂന്നാം ഫിഫ ലോകകപ്പ് കിരീടം പ്രതീക്ഷിക്കുന്ന ലേ ബ്ലൂസ്, 2026 ടൂര്‍ണമെന്റിലെ ഫേവറിറ്റുകളുമാണ്. 2018ല്‍ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സ്, 2022ല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഗ്രൂപ്പ് ഐയില്‍ നോര്‍വെ, സെനഗല്‍, ഇറാക്ക് ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ്. സാദിയൊ മാനെയുടെ സെനഗലിന് എതിരേ ജൂണ്‍ 17നാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.
International
പാരീസ്: ഫ്രാൻസിൽ ബസ് നദിയിലേക്കു പതിച്ചു. തലസ്ഥാനമായ പാരീസിനടുത്ത് സെൻ നദിയിലേക്കാണു ബസ് വീണത്. ഡ്രൈവർ അടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.
മെക്കാനിക്കൽ തകരാറോ പ്രതികൂല കാലാവസ്ഥയോ ആയിരിക്കം അപകടത്തിനു കാരണമെന്നു കരുതുന്നു.
International
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രാൻസ്. ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വീസ ഒഴിവാക്കുന്നതാണ് ഫ്രാൻസിന്റെ സുപ്രധാന തീരുമാനം. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് ആവശ്യമില്ല.
നേരത്തെ ഇന്ത്യ സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ഫ്രാൻസ് നടപ്പാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് വീസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
ഫ്രാൻസിന്റെ സുപ്രധാന തീരുമാനത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
International
പാരീസ്: ഫ്രാൻസിലെ പാരീസിൽ വരുംദിവസങ്ങളിൽ മുസ്ലീങ്ങൾ ഒത്തുചേരുന്നതിന് നിരോധനം. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ നിർദേശപ്രകാരം, ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ പാരീസിലെ ബർഗെറ്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫ്രഞ്ച് മുസ്ലീങ്ങളുടെ 40-ാമത് വാർഷിക യോഗം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് പാരീസ് പോലീസ് മേധാവി പാട്രിസ് ഫൗർ പറഞ്ഞു.
തീരുമാനത്തിനെതിരെ സംഘടന നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ മേധാവി മഖ്ലൂഫ് മാമെച്ചെ പറഞ്ഞു.
Sports
മേരിലാന്‍ഡ് (യുഎസ്എ): ഫിഫ ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം.
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനെ 1-2നു കീഴടക്കിയ ഫ്രാന്‍സ്, കൊളംബിയയെ 1-3നു മറികടന്നു. ഡെസിരെ ഡൗവിന്റെ (29, 56) ഇരട്ടഗോളാണ് ഫ്രാന്‍സിനു ജയമൊരുക്കിയത്.
മാര്‍കസ് ടുറാമിന്റെ (41) വകയായിരുന്നു മറ്റൊരു ഗോള്‍. ജാമിന്റണ്‍ കാമ്പസ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടി.
ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ന്യൂസിലന്‍ഡിന് അപൂര്‍വനേട്ടം. ലാറ്റിനമേരിക്കന്‍ ടീമായ ചിലിയെ 1-4ന് ന്യൂസിലന്‍ഡ് തകര്‍ത്തു. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരേ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണ്.
Sports
പാരീസ്: ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 2-1 നാണ് ഫ്രഞ്ച് നിരയുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തുപേരായി ചുരുങ്ങിയിട്ടും ബ്രസീലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. കിലിയൻ എംബാപ്പെയും ഹ്യൂഗോ എക്കിറ്റിഗെയുമാണ് ഫ്രാൻസിനായി വല കുലുക്കിയത്. ഗ്ലെയ്സൺ ബ്രെമറാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. എന്നാൽ പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ഇത്തവണ വല കുലുക്കിയത്.
രണ്ടാം ഗോളും പിറന്നതോടെ ബ്രസീൽ തങ്ങളുടെ സർവസന്നാഹങ്ങളും ഉപയോഗിച്ച് പൊരുതിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. 46 ശതമാനം സമയം പന്ത് കൈവശം വെച്ച ബ്രസീൽ 17 ഷോട്ടുകളും പായിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമെന്ന സൂചന നൽകി ഇറാൻ. ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്. ഹോർമുസ് കടലിടുക്ക് അടയ്ക്കും. അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
International
പാഫോസ് (സൈപ്രസ്): ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനനീക്കം പുനരാരംഭിക്കാൻ ഫ്രാൻസും സഖ്യകക്ഷികളും പ്രതിരോധ ദൗത്യം തയാറാക്കി വരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ.
സൈപ്രസിനെതിരായ ഇറേനിയൻ ആക്രമണം യൂറോപ്പിനും ഫ്രാൻസിനും എതിരായ ആക്രമണമാണെന്നും മക്രോൺ വ്യക്തമാക്കി. സൈപ്രസിലെ തെക്കുപടിഞ്ഞാറൻ തീരദേശനഗരമായ പാഫോസിൽ പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിനു മാത്രമല്ല വാതകത്തിന്റെയും എണ്ണയുടെയും നീക്കത്തിനും അത്യന്താപേക്ഷിതമാണ്. പാതയിലൂടെ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ, യൂറോപ്യൻ ഇതര രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മക്രോൺ വ്യക്തമാക്കി.
സമ്മേളനത്തിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാകിസ് എന്നിവരും പങ്കെടുത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാനത്തിനായും സംയുക്തമായി നീങ്ങാനാണ് ഇരു നേതാക്കളുടെയും തീരുമാനം.
ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ച് മോദി തന്നെയാണ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്.
മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും വരും ദിവസങ്ങളിൽ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
International
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മാരീൻ ലെ പെന്നിന് ജൂലൈ ഏഴ് വിധിദിനം. മാരീൻ ലെ പെന്നിനെതിരായ അഴിമതിക്കേസിൽ പാരീസ് അപ്പീൽ കോടതി ജൂലൈ ഏഴിന് വിധിപറയും.
വിധി പ്രതികൂലമായാൽ പ്രതിപക്ഷ നേതാവായ അവർക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
യൂറോപ്യന്‍ യൂണിയൻ പാര്‍ലമെന്റിന്റെ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി നേരത്തേ പെന്നിനെ ശിക്ഷിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പെൻ അപ്പീൽ കോടതിയെ സമീപിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ, തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതിൽനിന്ന് വിലക്ക് ലഭിച്ചേക്കാം.
International
പാരീസ്: വരുമാനം കുറഞ്ഞതിലും യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിലെ കർഷകർ 350 ട്രാക്ടറുകളുമായി പാരീസിലെ പാർലമെന്റ് മന്ദിരത്തിലേക്കു പ്രകടനം നടത്തി. വന്പൻ ട്രാക്ടർ റാലി ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലെ കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയാണു ഫ്രാൻസിൽ നടന്നത്. ബ്രസീൽ, അർജന്റീന, ബോളീവിയ, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മെർക്കോസർ ഗ്രൂപ്പുമായി യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കുന്നതു കർഷകർക്കു സ്വീകാര്യമല്ല.
ഇന്ധനം, വളം മുതലായവയുടെ വില വർധിച്ചതും കടുത്ത പരിസ്ഥിതി നിയമങ്ങളും കാർഷികവരുമാനത്തെ ബാധിക്കുന്നതായി ഫ്രാൻസിലെ കർഷക പ്രതിനിധികൾ പറഞ്ഞു. മെർക്കോസർ ഉടന്പടി യാഥാർഥ്യമായാൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ ബീഫ്, ചിക്കൻ, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവ യൂറോപ്യൻ വിപണിയിലെത്തും. ഇത് കർഷകരുടെ വരുമാനം കൂടുതൽ ഇടിയാൻ ഇടയാക്കുമെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ശനിയാഴ്ച പരാഗ്വെയിൽവച്ച് മെർക്കോസർ ഉടന്പടി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും അദ്ദേഹത്തിന്റെ സർക്കാരും ഉടന്പടിക്ക് എതിരാണ്.
Business
കൊച്ചി: ആഗോള നിലവാരമുള്ള ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ സാധ്യമാക്കാൻ ഉദ്ദേശിച്ച് സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ഫ്രാൻസ് അഡ്മിഷൻ ഡേ 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ എറണാകുളം രവിപുരം മേഴ്സി എസ്റ്റേറ്റിലുള്ള സാന്റാ മോണിക്ക ഓഫീസിൽ നടക്കും.
കാമ്പസ് ഫ്രാൻസിന്റെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഐടി, ബിസിനസ്, ആർട്സ് , ഡിസൈൻ, ലൈഫ് സയൻസ്, ഹ്യുമാനിറ്റീസ്, ഫാഷൻ, എൻജിനിയറിംഗ് എന്നിവയ്ക്ക് ഉയർന്ന ഡിമാൻഡുള്ള പ്രോഗ്രാമുകൾക് ട്യൂഷൻ ഫീസ് കുറഞ്ഞത് 25,000 രൂപയിൽ തുടങ്ങി പഠനം, ആറു മാസം വരെ (500 യൂറോ മുതൽ 650 യൂറോ വരെ ശമ്പളത്തോടെയുള്ള ഇന്റേൺഷിപ്പ്.
താമസം, ഗതാഗതം, ഭക്ഷണം എന്നിവയിൽ സബ്സിഡി, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി സഹായത്തോടെ ആറു മാസത്തെ ഇന്റേൺഷിപ്പ്, പഠനത്തിനു ശേഷം രണ്ടു വർഷത്തെ ഓപ്പൺ വർക്ക്, ആഴ്ചയിൽ 20 മണിക്കൂർ പാർട്ട് ടൈം ജോലി എന്നിവയാണ് പ്രത്യേകത.
ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി മാസ്റ്റേഴ്സിന് രണ്ടു വർഷത്തെ സ്റ്റേബാക്ക്, മികച്ച ട്രിപ്പിൾ അക്രഡിറ്റഡ് ബിസിനസ് സ്കൂളുകൾ, അഡ്മിഷൻ പ്രക്രിയ, വീസ അപേക്ഷ, പഠനാനന്തര ജോലി സാധ്യതകൾ എന്നിങ്ങനെ വിദഗ്ധ മാർഗനിർദേശങ്ങൾ ഇവർ നൽകും.
സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 04844150999, 9645222999, www.santamonicaedu.in.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
International
പാരീസ്: ഫ്രാൻസിലെ ആമിയെൻസ് പട്ടണത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്മസ് ചന്തയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട്ടിലെ തിരുരൂപങ്ങൾ തകർത്തുകൊണ്ട് അക്രമികളുടെ വിളയാട്ടം. പുൽക്കൂട്ടിന്റെ മുന്പിൽ സ്ഥാപിച്ചിരുന്ന ചില്ലുജാലകം തകർത്താണ് അക്രമി അകത്ത് കയറിയത്.
ഉണ്ണീശോയുടെ പ്രതിമയ്ക്കാണു കൂടുതൽ കേടുപാടുകൾ പറ്റിയത്. 30 വർഷമായി ആദ്യമായാണ് ഈ പുൽക്കൂട് ആക്രമിക്കപ്പെടുന്നതെന്ന് ല്‍ പരീസിയൻ ദിനപത്രം റിപ്പോർട്ടുചെയ്തു.
നവീകരിച്ചതിനുശേഷം പുൽക്കൂട് പുനഃസ്ഥാപിക്കുമെന്ന് ആമിയെൻസ് നഗരസഭാധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
തെക്കൻ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൺദോർഫ് ഗ്രാമത്തിലെ ക്രിസ്മസ് ചന്തയിലെ കച്ചവടസ്ഥാപനങ്ങൾ തീവച്ചുനശിപ്പിക്കാൻ ശ്രമം. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് തീവയ്ക്കുന്നത് കണ്ടത്. ചന്തയിലെ 14 കടകളിൽ എട്ടെണ്ണത്തിലും തീവച്ചിരുന്നു.
സ്ത്രീയുടെ ദൃഷ്ടിയിൽപ്പെട്ട അക്രമി ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സ്ത്രീ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും അവർ കടകളിലേക്കു വ്യാപിച്ച തീ അണയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താമെന്നു പോലീസ് കരുതുന്നു.
Kerala
പാരിസ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപനം നടത്തിയത്.
സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു.
പലസ്തീൻ- ഇസ്രയേൽ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന അജൻഡയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്.
NRI
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്. സിഗരറ്റ് പുകയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഫ്രാൻസിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, ലൈബ്രറികൾ, നീന്തൽ കുളങ്ങൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർ 700 യൂറോ പിഴയൊടുക്കണം.
സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫ്രാൻസിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന് ഒരു ആഴ്ച മുമ്പ് ഈ നിയമം ഏർപ്പെടുത്തുന്നത്.
എന്നിരുന്നാലും ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ടെറസുകളിലും മറ്റും പുകവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
NRI
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.