x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊറോക്കൻ പ്രതിരോധക്കോട്ട തകർത്ത മിന്നൽപ്പിണർ; എംബാപ്പെ തുടരും

സ്പോർട്സ് ഡെസ്ക്
Published: July 10, 2026 10:34 AM IST | Updated: July 10, 2026 10:34 AM IST

ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്‍റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്‍റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്‍റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു.

ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്.

ഈ ഗോളോടുകൂടി ടൂർണമെന്‍റിൽ തന്‍റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്‍റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ സ്വന്തമാക്കി.

ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിൽ ഈ ഗോളിന്‍റെ പങ്ക് വലുതാണ്. കളിയിലുടനീളം ഉറച്ചുനിന്ന മൊറോക്കൻ പ്രതിരോധത്തിന്‍റെ പൂട്ടുപൊളിച്ച ആ ഗോൾ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചു.

 

ആദ്യ പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ അനുവദിക്കാതെ കൃത്യമായി തളച്ചിടാൻ മൊറോക്കൻ ഡിഫെൻഡർമാർക്ക് സാധിച്ചിരുന്നു. മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എംബാപ്പെയ്ക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്നതും ഫ്രഞ്ച് ക്യാമ്പിൽ നേരിയ ആശങ്കയുണ്ടാക്കി. എന്നാൽ രണ്ടാം പകുതിയിൽ തന്‍റെ പ്രതിഭയുടെ പൂർണരൂപം പുറത്തെടുത്താണ് എംബാപ്പെ ഇതിന് പ്രായശ്ചിത്തം ചെയ്തത്.

എംബാപ്പെയുടെ നിരന്തരമായ മുന്നേറ്റങ്ങൾ മൊറോക്കൻ പ്രതിരോധത്തെ മുഴുവൻ അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കാൻ നിർബന്ധിതമാക്കി. ഇത് സൃഷ്ടിച്ച സ്പേസ് മുതലെടുത്താണ് 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ഫ്രാൻസിന്‍റെ രണ്ടാം ഗോൾ നേടിയത്.

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ കാലിന് ചെറിയ പരിക്കേറ്റ് കളം വിട്ടെങ്കിലും, കളിയിലെ താരമായി ടീമിന്‍റെ സെമി ഫൈനൽ ബർത്ത് ഉറപ്പാക്കിയാണ് എംബാപ്പെ മടങ്ങിയത്. ഒത്തൊരുമയോടെ കളിച്ച മൊറോക്കൻ പടയ്ക്കെതിരെ കൃത്യമായ തന്ത്രങ്ങളിലൂടെ ഫ്രാൻസിനെ മുന്നിൽ നിന്ന് നയിക്കാൻ ക്യാപ്റ്റൻ എംബാപ്പെയ്ക്ക് സാധിച്ചു.

Tags : FIFAWorldCup Football Soccer WorldCup2026 France Morocco Kylian Mbappe

Recent News

Corehub Up