കിലിയൻ എംബപ്പെ, സെലസ്റ്റെ അമരില്ല.
അസുൻസിയോൺ (പരാഗ്വേ): ഫിഫ ലോകകപ്പിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന കടുത്ത മത്സരത്തിനു പിന്നാലെയുണ്ടായ സംഭവങ്ങൾ പുതിയ തലത്തിലേക്ക്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയ്ക്കെതിരേ അതിരൂക്ഷമായ ഭാഷയിൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാഗ്വേൻ സെനറ്ററായ സെലസ്റ്റെ അമരില്ല. കഴിഞ്ഞ ദിവസം സെനറ്റ് സമ്മേളനത്തിനിടെ പരസ്യമായി എംബപ്പെയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചതാണ് ഇപ്പോൾ പുതിയ വിവാദങ്ങളുയർത്തിയത്. തന്തയില്ലാത്തവനെന്ന് അർഥം വരുന്ന മോശം വാക്കുകളാണ് അമരില്ല ഉപയോഗിച്ചത്.
മത്സരശേഷം പരാഗ്വേൻ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബപ്പെ വിസമ്മതിച്ചതാണ് സെനറ്ററെ ചൊടിപ്പിച്ചത്. ലോകകപ്പിൽ ആദ്യമായി കളിക്കാനിറങ്ങിയ യുവതാരം പ്രകടിപ്പിച്ച വിനയത്തെ എംബപ്പെ മാനിച്ചില്ലെന്നും, കൈകൊടുക്കാതെ മുഖത്തുനോക്കി ആക്രോശിച്ചെന്നും സെലസ്റ്റെ അമരില്ല ആരോപിച്ചു. എംബപ്പെയുടെ പെരുമാറ്റം ഫ്രഞ്ച് സംസ്കാരത്തിനു ചേർന്നതല്ലെന്നും സെനറ്റർ കൂട്ടിച്ചേർത്തു.
നേരത്തെ, സെനറ്റർ പദവിയിലിരിക്കാൻ യോഗ്യമല്ലാത്ത സ്ത്രീയാണ് അമരില്ല എന്ന് എംബപ്പെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെനറ്റിൽ വച്ചുള്ള അമരില്ലയുടെ പുതിയ പ്രതികരണം. മുൻപ് എംബപ്പെ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും, ബ്രസീൽ താരം റൊണാൾഡീഞ്ഞോയെ പരാഗ്വേയിൽ ജയിലിലടച്ച കാര്യം ഓർക്കണമെന്നും അവർ എക്സ് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, കളിക്കളത്തിനു പുറത്തെ വിവാദങ്ങളൊന്നും എംബാപ്പെയെ ബാധിച്ചിട്ടില്ലെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വ്യക്തമാക്കി. താരം പൂർണ മാനസികാരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും കോച്ച് മാധ്യമങ്ങളോടു പറഞ്ഞു.
Tags : FIFAWorldCup Football Soccer WorldCup2026 Paraguay SenatorCelesteAmarilla KylianMbappe SportsNews