അയോധ്യയിലെ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും തട്ടിയെടുത്ത പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുണ്ടായിരുന്ന 30 ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു.
പ്രതികളായ അവിനാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവരാണ് ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്. പോലീസ് കസ്റ്റഡിയിൽ നടന്ന ചോദ്യം ചെയ്യലിൽ അനുകൽപ് മിശ്ര ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പുറമേ, വൻ പലിശയ്ക്ക് പണം കടം നൽകുകയും, തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണ സംഘം നിർദേശം നൽകിയത്.
അയോധ്യ ക്ഷേത്രത്തിലെ കൊള്ളയിൽ ഇപ്പോൾ അറസ്റ്റിലായ എട്ട് പ്രതികളുമായി അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന നൽകുന്ന സൂചന. ക്ഷേത്രത്തിൽ കാണിക്ക എണ്ണാൻ നിയോഗിക്കപ്പെട്ട 150 ജീവനക്കാരിൽ എട്ട് പേർ മാത്രമാണ് നിലവിൽ പ്രതികളായിട്ടുള്ളത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, എല്ലാവരും പ്രതികളാണെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ട്രസ്റ്റ് നേതൃനിരയിലേക്ക് അന്വേഷണം നീളില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash