പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കൂടൽ എസ്ഐ പി.ജെ. ജയ്മോനെ സ്ഥലം മാറ്റി.
പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തേ തുടർന്നാണ് എസ്ഐയെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവായത്.
കൂടൽ എസ്എച്ച്ഒയുടെ ചുമതലയുള്ള കോന്നി സിഐയ്ക്കെതിരേയും നടപടിയുണ്ടാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്കു കൈമാറി. എന്നാൽ എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്ന പോലീസുകാർക്കെതിരേ തത്കാലം നടപടിയെടുത്തിട്ടില്ല.
കസ്റ്റഡിയിലെടുത്ത ഇരുപതുകാരനായ യുവാവിനെ എസ്ഐയുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ക്വാർട്ടേഴ്സിലെത്തി ക്രൂരമായി മർദിച്ചുവെന്നാണ് ആക്ഷേപം. ഹൃദ്രോഗിയാണെന്നു യുവാവ് പറഞ്ഞെങ്കിലും എസ്ഐ കാലിൽ ബൂട്ടിട്ട് ചവിട്ടിത്തിരുമ്മുകയും ചൂരൽ കൊണ്ട് പുറത്തും കാലിലും മർദ്ദക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.
ഇരു ചെവിയിലും പിടിച്ച് ഉയർത്തി. തലമുടി കുത്തിപ്പിടിച്ച് കുനിക്കുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരിതിയെ തുടർന്നാണ് പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
പതിമൂന്നുകാരി ചൈൽഡ് ലൈൻ അധികൃതർക്കും പോലീസിനും നൽകിയ മൊഴിയിൽ 11 പേർ പീഡിപ്പിച്ചുവെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നാല് സഹപാഠികളെയും മർദനമേറ്റ യുവാവിനെയും സഹോദരനെയും കൂടൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടി കോടതിയിൽ മൊഴി മാറ്റുകയും പരിശോധനയിൽ പീഡനമുണ്ടായിട്ടില്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ കസ്റ്റഡിയിലെടുത്തവരെ വെറുതെവിടുകയായിരുന്നു.
Tags : Fake harassment SI transferred complaint