സാവരിയ, സദറുൾ ആനം
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (22) മർദനമേറ്റു മരിച്ച സംഭവത്തിൽ സഹപാഠിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം.
ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനിൽ ബസന്ത്–മിനി ദമ്പതികളുടെ മകളായ സാവരിയ, ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരേ ക്ലാസിലും ഹോസ്റ്റലിലും താമസിച്ചിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ ആനം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച പുലർച്ചയോടെ നെടുമ്പാശേരിയിൽ മൃതദേഹത്തോടൊപ്പം എത്തിയ ബന്ധു ജനിഷ് കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണ് സംഭവത്തിന് പിന്നിലെ ക്രൂരത പുറത്തുവന്നത്.
പ്രതി സദറുൾ ആനം സാവരിയയെ മതം മാറാൻ നിരന്തരം നിർബന്ധിച്ചിരുന്നതായും മറ്റ് വിദ്യാർഥികൾക്ക് ഇത് നേരിട്ട് അറിയാമായിരുന്നു എന്നും ജനിഷ് ആരോപിച്ചു.
ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് പെൺകുട്ടിയെ മർദിച്ചതെന്നും, ലാപ്ടോപ്പ് കൊണ്ട് പെട്ടെന്ന് അടിച്ചു കൊലപ്പെടുത്തിയതല്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
ആക്രമണത്തിനു ശേഷം പെൺകുട്ടി താഴെവീണു പരിക്കേറ്റു എന്ന് കള്ളം പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ആവശ്യപ്പെട്ടതനുസരിച്ച്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽവച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്.