പി. രാമര്‍പിള്ള
ന്യൂഡല്‍ഹി: ദേശീയശ്രദ്ധ നേടിയ തമിഴ്നാട്ടിലെ രാമര്‍ പെട്രോള്‍ തട്ടിപ്പിന് 30 വര്‍ഷം. 1996ല്‍ ഔഷധ ഇന്ധനം (രാമര്‍ ബയോ-ഫ്യുവല്‍) എന്നവകാശപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് 2.27 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ രാമര്പിള്ളയ്ക്കെതിരേ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ രാമറിനെ മൂന്നു വര്‍ഷത്തെ തടവിനും 30,000 രൂപ പിഴയ്ക്കും സിബിഐ കോടതി ശിക്ഷിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയത്തിനടുത്തുള്ള ഗ്രാമത്തില്‍നിന്നുള്ള പി. രാമര്പിള്ളയാണു ബദല്‍ ഇന്ധനം അവതരിപ്പിച്ച് വര്‍ഷങ്ങളോളം പൊതുജനങ്ങളെ കബളിപ്പിച്ചത്. രഹസ്യ ഔഷധങ്ങളുടെ പ്രത്യേക മിശ്രിതം, ഉപ്പ്, സിട്രിക് ആസിഡ് തുടങ്ങിയ സാധാരണ ചേരുവകളുമായി അര മണിക്കൂര്‍ തിളപ്പിച്ചപ്പോള്‍ ഇന്ധനം ഉത്പാദിപ്പിക്കപ്പെട്ടുവെന്നാണ് 1996ല്‍ രാമര്‍പിള്ള അവകാശപ്പെട്ടത്.
ഇന്ധനക്ഷാമത്തിനും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും പരിഹാരം കണ്ടുപിടിച്ചയാളെന്ന നിലയില്‍ രാമര്‍ ദേശീയ, ആഗോള പ്രശസ്തി നേടി. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയനേതാക്കളെ കാണാനും അവസരം ലഭിച്ചു. രാജ്യത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണശാലകളില്‍ തന്റെ രാസപ്രക്രിയ പ്രദര്ശിപ്പിച്ചിട്ടുണ്ടെന്നുവരെ രാമര്‍ അവകാശപ്പെട്ടു.
എണ്ണശുദ്ധീകരണ ശാലകളിലെയും വിതരണ കമ്പനികളിലെയും ചിലരുമായി ചേര്‍ന്നു ബെന്‍സീന്‍, ടൗലീന് തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ചേര്‍ത്തു ഹെര്‍ബല്‍ പെട്രോളായി രാമര്‍പിള്ള വില്‍ക്കുകയായിരുന്നുവെന്ന് ചെന്നൈയിലെ രാമറിന്റെ ഗോഡൗണ്‍ റെയ്ഡ് ചെയ്തശേഷം അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഡി. മുഖര്‍ജി വിശദീകരിച്ചു. ഹൈഡ്രോകാര്‍ബണുകള്‍ ചേര്‍ത്ത മിശ്രിതമാണ് ബയോ ഇന്ധനമായി അവതരിപ്പിച്ചത്. നിരോധിച്ചിരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ മിശ്രിതമായിരുന്നു ഹെര്‍ബല്‍ ഇന്ധനം.
പൊതുജനങ്ങളെ വഞ്ചിച്ചു പണം തട്ടിയതിന് സിബിഐ അറസ്റ്റ് ചെയ്ത രാമര്‍പിള്ളയും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്, എസ്.കെ. ഭരത് എന്നിവരും കുറ്റക്കാരാണെന്ന് ചെന്നൈ എഗ്മോറിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കണ്ടെത്തി. വഞ്ചനയിലൂടെ 2.27 കോടി രൂപ തട്ടിയതിന് മൂന്നു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രാമര്‍പിള്ള വീണ്ടും 2000ല്‍ മറ്റൊരു ഇന്ധനം കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചെന്നൈയില്‍ പത്രസമ്മേളനം നടത്തി. വേലാര്‍ ബയോ-ഹൈഡ്രോകാര്‍ബണ്‍ ഇന്ധനം എന്നുപേരിട്ട ഇതും മറ്റൊരു തട്ടിപ്പാണെന്നു സംശയമുയര്‍ന്നതോടെ വില്‍പ്പന നടന്നില്ല.
Tags : Ramar petrol theft Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds