മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും വീണു. ഇന്നലെ മാർച്ച് അവസാനത്തിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന തകർച്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും രണ്ടു ശതമാനത്തിനു മുകളിലാണ് താഴ്ന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള താത്കാലിക കരാർ അവസാനിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് വിപണി കൂപ്പുകുത്തിയത്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന, ദുർബലമായ ആഗോള സൂചനകൾ, രൂപയുടെ ഇടിവ്, വീണ്ടും യുഎസ്-ഇറാൻ സൈനിക ആക്രമണം എന്നിവ നിക്ഷേപകരെ വിപണിയിൽ ശക്തമായ വിറ്റഴിക്കലിനു പ്രേരിപ്പിച്ചു.
ട്രംപിന്റെ പ്രസ്താവന വന്നതോടെ വ്യാപാരത്തിന്റെ രണ്ടാം പകുതിയിലാണ് ഓഹരി വിറ്റഴിക്കൽ ശക്തമായത്. ഉച്ചയ്ക്ക് 1.40ന് സെൻസെക്സ് 77,603.9 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാൽ, തുടർന്നുള്ള വെറും 40 മിനിറ്റിനുള്ളിൽ 1000 പോയിന്റിന്റെ വലിയ ഇടിവ് ഉണ്ടാകുകയും ചെയ്തു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന മധ്യേഷ്യയെ വീണ്ടും യുദ്ധക്കളമാക്കുമോയെന്ന ആശങ്ക നിക്ഷേപകരിലുണ്ടായി.
സെൻസെക്സ് 1677 പോയിന്റ് നഷ്ടത്തിൽ 76,503.60ലും നിഫ്റ്റി 517 പോയിന്റ് താഴ്ന്ന് 23,882ലും വ്യാപാരം പൂർത്തിയാക്കി. നിക്ഷേപകരുടെ സന്പാദ്യത്തിൽനിന്ന് ഒറ്റ ദിനം എട്ടു ലക്ഷം കോടി രൂപയാണ് ഒഴുകിപ്പോയത്. ബിഎസ്ഇയിൽ ലിസ്റ്റ്് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണി മൂല്യം 472 ലക്ഷം കോടി രൂപയ്ക്കും താഴേക്കു പോയി. സെൻസെക്സിലെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദലാൽ സ്ട്രീറ്റിൽ വില്പന ശക്തമായതിനെത്തുടർന്ന് വിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് 26 ശതമാനം ഉയർന്ന് 14.68ലെത്തി.
വിശാല വിപണികളായ നിഫ്റ്റി മിഡ്കാപ് 100, സമോൾകാപ് 100 എന്നിവ യഥാക്രമം 1.55 ശതമാനവും 2.24 ശതമാനവും താഴ്ന്നു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ഓട്ടോ, ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, മീഡിയ, ബാങ്ക് സൂചികകൾ രണ്ടു ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. വിപണിയിലെ പൊതുവായ ട്രെൻഡ് പൂർണമായും ഇടിവിലായിരുന്നു. എൻഎസ്ഇയിൽ 698 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2631 ഓഹരികൾ വലിയ തിരിച്ചയാണ് നേരിട്ടത്. 82 എണ്ണത്തിന് മാറ്റമുണ്ടായില്ല.
രൂപയ്ക്ക് നഷ്ടം
ഡോളറിനെതിരേ രൂപ 59 പൈസ നഷ്ടത്തിൽ 95.55ൽ വ്യാപാരം പൂർത്തിയാക്കി. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരേ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ യുഎസ് ഇറാനിൽ വ്യോമാക്രമണം നടത്തി. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചതോടെ ക്രൂഡ് ഓയിൽവില ഉയരുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തു. ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ക്രൂഡ് ഓയിൽ വില്പനയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തിനു പിന്നാലെ ആഗോള ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് വില എട്ടു ശതമാനത്തോളം ഉയർന്ന് ബരാലിന് 80 ഡോളറിലെത്തി.
Tags : Blood Spilled the Market