പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരള തീരത്ത് ജൂൺ നാലിനെത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യമെങ്ങും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
ഇന്നലെ രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ശേഷിക്കുന്ന ഭാഗങ്ങളിൽക്കൂടി മഴയെത്തിയതോടെയാണ് കാലവർഷം രാജ്യവ്യാപകമായത്. സാധാരണ ജൂലൈ എട്ടിനകം രാജ്യത്തെല്ലായിടത്തും എത്തുന്ന കാലവർഷം ഇത്തവണ വ്യാപിക്കുന്നതിന് ഒരു ദിവസം വൈകി.
കഴിഞ്ഞ മൂന്നാഴ്ചയോളം കാലവർഷം നിലച്ചെങ്കിലും ഉത്തരേന്ത്യയിലടക്കം മഴ ശക്തിയാർജിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഇന്നലെ ഡൽഹി രോഹിണിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണ് നാലു പേർ മരിച്ചു. കനത്ത മഴയിൽ റോഡുകൾ വെള്ളക്കെട്ടുകളായതോടെ പലരും മെട്രോയെയാണ് ആശ്രയിച്ചത്.
ഗുജറാത്തിലെ സൂറത്തിൽ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം ഇതുവരെ ഒന്പത് പേർ മരിച്ചു. മഹാരാഷ്ട്രയിൽ മഴക്കെടുതികളെത്തുടർന്ന് ഇതിനോടകം 13 പേരെങ്കിലും മരിച്ചു. ജമ്മു കാഷ്മീരിലുണ്ടായ മിന്നൽ പ്രളയത്തിൽ സർക്കാർ അടിയന്തര പ്രതികരണ നടപടികൾ സ്വീകരിച്ചു.
ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കെടുതികളെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞദിവസം സംസാരിച്ചിരുന്നു.
Tags : Monsoon rains country across North India heavy rains